കൊല്‍ക്കത്തയുടെ ഹൃദയത്തിലേക്ക് പന്തടിച്ചുകയറ്റിയ കാസര്‍ക്കോട്ടുകാരന്‍ | PV VISHNU | ISL

കാസര്‍ക്കോട്ടെ കുന്നൂച്ചിയില്‍ നിന്ന് കൊല്‍ക്കത്തയിലേയ്ക്ക് പറന്നുചെന്ന് വല കുലുക്കിയൊരു സുവര്‍ണപന്തിന്റെ പേരാണ് പുതിയവളപ്പില്‍ വിഷ്ണു. ബൈച്ചുങ് ബൂട്ടിയയുടെയും കൃഷാനുഡേയുടെയുമൊക്കെ പിന്‍ഗാമിയായി സാള്‍ട്ട്‌ലേക്ക് സ്റ്റേഡിയത്തില്‍ വിങ്ങുകളില്‍ ഇടങ്കാല്‍ കൊണ്ട് വിസ്മയം തീര്‍ക്കുന്ന താരം. സേവിയര്‍ പയസിനും ഐ.എം.വിജയനും വി.പി.സത്യനും ജോ പോള്‍ അഞ്ചേരിക്കുംശേഷം കൊല്‍ക്കത്തയില്‍ സാന്നിധ്യമറിയിക്കുന്ന മലയാളി താരം. ഐ.എസ്.എല്‍ ഫുട്ബോളില്‍ ഈസ്റ്റ് ബംഗാള്‍ എഫ്.സിയുടെ സ്‌ട്രൈക്കറാണ് ഈ ഇരുപത്തിമൂന്നുകാരന്‍.  2023 മുതല്‍ ഈസ്റ്റ് ബംഗാള്‍ ജെഴ്സിയില്‍ പി.വി.വിഷ്ണുവുണ്ട്. ഐ.എസ്.എല്ലിലും ഡ്യൂറണ്ട് കപ്പിലും ഉജ്വല പ്രകടനമാണ് വിഷ്ണു പുറത്തെടുത്തത്.

ഈസ്റ്റ്ബംഗാളിനുവേണ്ടി ഇതുവരെയായി അഞ്ച് ഗോളുകൾ നേടിയ വിഷ്ണു ഐ.എസ്.എല്ലിൽ രണ്ട് ഗോൾ നേടുകയും ഒരു ഗോളിന് വഴിയൊരുക്കുകയും ചെയ്തു. ഭുവനേശ്വര്‍ കലിംഗ സ്റ്റേഡിയത്തില്‍ ആതിഥേയരായ ഒഡിഷ എഫ്.സിക്കെതിരേ ഐ.എസ്.എല്ലിലെ ഏറ്റവും വേഗമേറിയ അഞ്ചാമത്തെ ഗോള്‍ നേടിയും വിഷ്ണു ശ്രദ്ധ പിടിച്ചുപറ്റി. മത്സരത്തിന്റെ മുപ്പത്തിരണ്ടാം സെക്കന്‍ഡിലായിരുന്നു വിഷ്ണുവിന്റെ ബൂട്ടില്‍ നിന്ന് ആ ഗോള്‍ പിറന്നത്. 2019-ല്‍ സന്തോഷ് ട്രോഫിയില്‍ കേരളത്തിനുവേണ്ടി കളിച്ച വിഷ്ണു ഇന്ത്യയുടെ അണ്ടര്‍ 23 ടീമിലും അംഗമായിരുന്നു. കുന്നൂച്ചിയിലെ കെ.ദിവാകരന്റേയും പൈക്കയിലെ ബി.സത്യഭാമയുടേയും ഇളയ മകനാണ് വിഷ്ണു. വരുണ്‍, വിപിന്‍ എന്നിവരാണ് സഹോദരങ്ങള്‍.

Inshort | Learn about P.V. Vishnu, the rising star from Kasaragod, Kerala, now a striker for East Bengal FC in ISL. His journey, stats, and more!

Content Highlights: P.V. Vishnu: From Kasaragod to Kolkata's Salt Lake Stadium – A Rising Star in Indian Football