ബിസിനസ്സ് തലച്ചോറും കാർഷിക മനസ്സും: തരിശുഭൂമികളെ പൊന്നാക്കി മാറ്റി പിഎച്ച്ഡിക്കാരന്റെ വിജയഗാഥ
ചുട്ടുപൊള്ളുന്ന വെയിലിൽ, തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗത്ത് മണ്ണിലിറങ്ങി പണിയെടുക്കുന്ന യുവാവ്... മണ്ണും മാർക്കറ്റും അറിഞ്ഞ് സാങ്കേതികവിദ്യയെ കൂട്ടുപിടിച്ച് കൃഷി ചെയ്യുന്ന വട്ടിയൂർക്കാവ് സ്വദേശിയായ രാഹുൽ ആർ., എന്ന ഈ യുവ കർഷകൻ ചില്ലറക്കാരനല്ല. കൊമേഴ്സിൽ ഡോക്ടറേറ്റ് (PhD) നേടിയ, ബിസിനസ്സ് തലച്ചോറും കാർഷിക മനസ്സുമുള്ള ഇദ്ദേഹം മാറുന്ന കാലത്ത് മാറ്റത്തിന്റെ പാതയിൽ സഞ്ചരിക്കേണ്ടതിന്റെ കാർഷിക മാതൃകകൂടിയാണ്. അക്കാദമിക് ബിരുദങ്ങളുടെ ആഡംബരങ്ങളിൽ ഒതുങ്ങാതെ, ശാസ്ത്രീയമായ കൃഷിരീതികളിലൂടെ തിരുവനന്തപുരം നഗരത്തിൽ ഒരു പുതിയ കാർഷിക മാതൃക സൃഷ്ടിക്കുകയാണ് ഈ യുവ ഡോക്ടറേറ്റുകാരൻ.
പിഎച്ച്ഡി ഗവേഷണവും കാർഷിക യാത്രയും
2021-ൽ കോവിഡിന്റെ ആദ്യ തരംഗം കഴിഞ്ഞ് ലോകം പതുക്കെ സാധാരണ നിലയിലേക്ക് മടങ്ങുന്ന സമയത്താണ് രാഹുലിന്റെ കാർഷിക യാത്ര ആരംഭിക്കുന്നത്. തന്റെ പിഎച്ച്ഡി പഠനം പൂർത്തിയാക്കുന്നതിനൊപ്പമാണ് അദ്ദേഹം പരീക്ഷണാടിസ്ഥാനത്തിൽ ഒരു ഏക്കർ സ്ഥലത്ത് വള്ളിപ്പയറും സാലഡ് വെള്ളരിയും കൃഷി ചെയ്തത്. 'കാർഷിക സംരംഭകത്വം' (Agricultural Entrepreneurship) എന്നതായിരുന്നു രാഹുലിന്റെ പിഎച്ച്ഡി ഗവേഷണ വിഷയം. ഈ പഠനത്തിന്റെ ഭാഗമായി തൃശ്ശൂർ ജില്ലയിലെ കർഷകരിൽ നിന്ന് വിവരങ്ങൾ ശേഖരിക്കാൻ പോയതാണ് രാഹുലിന്റെ ജീവിതത്തിൽ വലിയൊരു വഴിത്തിരിവായത്. അവിടെയുള്ള ഒരു കർഷകൻ തുള്ളിനന (Drip Irrigation) സംവിധാനത്തിലൂടെ മികച്ച വരുമാനം നേടുന്നത് രാഹുൽ നേരിൽ കണ്ടു. ഈ വിജയകഥയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, തന്റെ റിസർച്ച് ഫെല്ലോഷിപ്പിൽ നിന്ന് സമാഹരിച്ച രണ്ട് ലക്ഷം രൂപയോളം മുടക്കി ഡ്രിപ്പ് ഇറിഗേഷൻ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി അദ്ദേഹം സ്വന്തമായി കൃഷി ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.
തരിശുഭൂമികൾ വീണ്ടെടുത്ത് സ്മാർട്ടാക്കി കൃഷി
ആദ്യ കൃഷിയിലൂടെ വലിയ ലാഭമൊന്നും നേടാനായില്ലെങ്കിലും മുടക്കുമുതൽ കൃത്യമായി തിരിച്ചുകിട്ടിയത് ഈ മേഖലയിൽ തുടർന്നു പ്രവർത്തിക്കാൻ അദ്ദേഹത്തിന് വലിയൊരു പ്രചോദനമായി മാറി. നഗരപ്രദേശത്ത് കൃഷി ചെയ്യാൻ അനുയോജ്യമായ ഭൂമി കണ്ടെത്തുക എന്നതായിരുന്നു രാഹുൽ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി. എന്നാൽ നിരവധി ഭൂമികൾ തരിശായി കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ട രാഹുൽ ഈ ഭൂമി കൃഷിക്ക് അനുയോജ്യമാക്കിയെടുത്തുകൂടെയെന്ന ചിന്തയിലെത്തി. ഇരുപതിലധികം വർഷങ്ങളായി യാതൊരുവിധ കാർഷിക ആവശ്യങ്ങൾക്കും ഉപയോഗിക്കാതെ കാടുപിടിച്ചു കിടന്നവയായിരുന്നു അദ്ദേഹം കണ്ടെത്തിയ സ്ഥലങ്ങളിൽ ഭൂരിഭാഗവും. ഈ തരിശുഭൂമികൾ വീണ്ടെടുത്ത് കൃഷിക്ക് യോഗ്യമാക്കിയെടുക്കാമെന്ന രാഹുലിന്റെ ആത്മവിശ്വാസത്തിന് പിന്നിൽ ഗവേഷണ ബുദ്ധിയും മാർക്കറ്ററിഞ്ഞുള്ള മണ്ണറിഞ്ഞുള്ള കൃഷിയുടെ അനന്ത സാധ്യതകളുമായിരുന്നു.
തരിശായി കിടന്ന ഭൂമിയുടെ ഉടമസ്ഥരുമായി നേരിട്ട് സംസാരിച്ച്, കൃഷിഭവൻ ഉദ്യോഗസ്ഥരുടെ സഹായത്തോടെ നിയമപരമായ വാടകക്കരാർ ഉണ്ടാക്കാൻ രാഹുലിന് സാധിച്ചു. നാട്ടുകാർ പോലും വരാൻ ഭയപ്പെട്ടിരുന്ന, പാമ്പുകൾ വിഹരിച്ചിരുന്ന ആ കാടുകൾ രാഹുൽ കഠിനാധ്വാനത്തിലൂടെ വെട്ടിത്തെളിച്ച് എടുത്തു. മണ്ണ് നിരപ്പാക്കി കൃഷിയോഗ്യമായ രീതിയിലേക്ക് ആ തരിശുനിലങ്ങളെ മാറ്റിയെടുത്തു. ചെറിയ രീതിയിൽ തുടങ്ങി പതിയെ പതിയെ ഇന്ന് എട്ട് വ്യത്യസ്ത സ്ഥലങ്ങളിലായി പടർന്നു കിടക്കുന്ന ഏഴ് ഏക്കറോളം വരുന്ന കൃഷിഭൂമിയായി രാഹുലിന്റെ കാർഷിക യാത്ര ഇപ്പോൾ വികസിച്ചിരിക്കുന്നു. ഇത്രയേറെ സ്ഥലങ്ങൾ പാട്ടത്തിനെടുത്ത് കൃഷി ചെയ്യുമ്പോൾ രാഹുലിന് ആശങ്കകൾ തെല്ലുമുണ്ടായിരുന്നില്ല. കൃത്യമായ പ്ലാനിങോടെ ഒന്നര കിലോമീറ്റർ ചുറ്റളവിൽ കണ്ണെത്തുന്ന ദൂരത്തിലായിരുന്നു കൃഷിയിടങ്ങൾ തിരഞ്ഞെടുത്തത്. എല്ലാ കൃഷിയിടങ്ങളും ഹൈടെക്കാക്കി സാങ്കേതിക വിദ്യയെ കൂട്ടുപിടിച്ചായിരുന്നു കാർഷികവൃത്തി അത്രയും.
കൃഷിയിൽ വേണം ബിസിനസ് മൈൻഡ്
തന്റെ കൊമേഴ്സ് പഠനവും ബിസിനസ്സ് തത്വങ്ങളും കൃഷിയിലേക്ക് പ്രായോഗികമായി കൊണ്ടുവരാൻ രാഹുൽ ശ്രമിച്ചു. താൻ ഫാമിൽ ഇല്ലെങ്കിൽ പോലും കൃത്യമായി ചെടികൾ വളരാനും, വെള്ളമൊഴിക്കാനും സാധിക്കുന്ന ഒരു മോഡൽ രൂപകൽപ്പന ചെയ്യാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. അതിനായി തുള്ളിനനയും (Drip Irrigation) ഓട്ടോമേഷനും അദ്ദേഹം കൃഷിസ്ഥലങ്ങളിൽ മികച്ച രീതിയിൽ നടപ്പിലാക്കി. ഓരോ ചെടിയുടെയും വേരുകളിലേക്ക് കൃത്യമായി വെള്ളവും വളവും എത്തിക്കുന്ന ഈ സംവിധാനം വഴി ജലക്ഷാമവും തൊഴിലാളികളുടെ കുറവും പരിഹരിക്കാൻ കഴിഞ്ഞു. മണ്ണിൽ കളകൾ വളരുന്നത് തടയാൻ മൾച്ചിങ് ഷീറ്റുകൾ ഉപയോഗിക്കുന്നുണ്ട്. കാലാവസ്ഥ വ്യതിയാനത്തിനനുസരിച്ച് വെള്ളത്തിന്റെ അളവ് നിയന്ത്രിക്കുന്നതിന് 'സോയിൽ മോയിസ്ചർ ടെസ്റ്റർ' എന്ന മെഷീനും അദ്ദേഹം ഉപയോഗിക്കുന്നുണ്ട്. ഇതിലൂടെ മണ്ണിലെ ജലാംശത്തിന്റെ അളവ് കൃത്യമായി മനസ്സിലാക്കി അതിനനുസൃതമായി വെള്ളം മണ്ണിലെത്തിക്കാൻ സാധിക്കുന്നു.
സാധാരണ കർഷകർ നേരിടുന്ന പ്രധാന പ്രശ്നം വിളവെടുപ്പ് ഒരുമിച്ച് നടക്കുമ്പോൾ മാർക്കറ്റിൽ വിലയിടിയുന്നതാണ്. എന്നാൽ രാഹുൽ ഇവിടെയും ഒരു ബിസിനസ്സ് തന്ത്രം പ്രയോഗിച്ചു. ഒരു വിളയുടെ വിളവെടുപ്പ് അവസാനിക്കുമ്പോൾ അടുത്ത വിളയിൽ നിന്ന് വിളവ് ലഭിക്കുന്ന രീതിയിൽ കൃത്യമായ ഇടവേളകളിലാണ് രാഹുൽ തന്റെ കൃഷിയിടങ്ങളിൽ കൃഷി സൈക്കിൾ ക്രമീകരിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ ഫാമിൽ നിന്ന് എല്ലാ ദിവസവും വിളവെടുപ്പ് സാധ്യമാകുന്നു. നഗരത്തിലെ മാർക്കറ്റുകളിൽ എല്ലാ ദിവസവും ഫ്രഷ് പച്ചക്കറികൾ എത്തിക്കാൻ സാധിക്കുന്നത് വഴി വലിയ വിപണി സാധ്യതയാണ് രാഹുലിന് ലഭിക്കുന്നത്. എല്ലാ ദിവസവും തന്റെ ഉത്പന്നങ്ങൾക്ക് കൃത്യമായ വിപണി ഉറപ്പിക്കാൻ സാധിക്കാത്തതാണ് കർഷകർ നേരിടുന്ന പ്രധാനവെല്ലുവിളിയെന്നും ഇതിന് പരിഹാരം കണ്ടെത്താൻ സാധിക്കുന്നതോടെ വലിയ വിപണിസാധ്യത ഉറപ്പുവരുത്താനും കർഷകന് അർഹിക്കുന്ന വേതനം ഉറപ്പുവരുത്താൻ സാധിക്കുമെന്നും രാഹുൽ പറയുന്നു.
വിഷരഹിതവും ഗുണനിലവാരമുള്ളതുമായ പച്ചക്കറികൾ ഉത്പാദിപ്പിക്കുന്നതിൽ രാഹുൽ വളരെ ശ്രദ്ധാലുവാണ്. രാസകീടനാശിനികൾ വാരിവിതറുന്ന രീതിയോട് അദ്ദേഹത്തിന് യോജിപ്പില്ല. ചാണകവും കോഴിവളവും കൃത്യമായ അനുപാതത്തിൽ മിക്സ് ചെയ്ത ജൈവവളമാണ് കൂടുതലായും പ്രയോഗിക്കുന്നത്. ചെടികളെ ദിവസവും നേരിട്ട് നിരീക്ഷിക്കുകയും, രോഗബാധയോ കീടബാധയോ കണ്ടാൽ അതിന്റെ ഫോട്ടോയെടുത്ത് വാട്സ്ആപ്പ് ഗ്രൂപ്പ് വഴി വിദഗ്ധരുമായി ചർച്ച ചെയ്ത് കൃത്യമായ പ്രതിവിധികൾ ചെയ്യുകയുയാണ് അദ്ദേഹം ചെയ്യുന്നത്. മണ്ണിനെന്ത് മൂലകത്തിന്റെ കുറവാണോ ഉള്ളത് അത് മാത്രം കൃത്യമായി നൽകുകവഴി മണ്ണിനെയും ചെടിയെയും നോവിക്കാതെ നാളേക്ക് കൂടി കൃഷി ഭൂമിയെ ഫലഭൂയിഷ്ഠമാക്കി നിലനിർത്തുകയാണ് ഈ യുവ കർഷകൻ.
ഇന്ന് സാലഡ് വെള്ളരി, വള്ളിപ്പയർ, നീളമുള്ള ആനക്കൊമ്പൻ വെണ്ട (പച്ച, ചുവപ്പ് ഇനങ്ങൾ), പാവൽ തുടങ്ങിയ നാടൻ പച്ചക്കറികളാണ് രാഹുൽ പ്രധാനമായും കൃഷി ചെയ്യുന്നത്. കൂടാതെ ഓണക്കാലം ലക്ഷ്യമാക്കി വശ്യമായ ജമന്തിപ്പൂക്കളുടെ കൃഷിയും വിജയകരമായി നടത്തി വിപണിസാധ്യത ഉറപ്പുവരുത്താൻ രാഹുലിന് സാധിച്ചു.
കൃഷി നഷ്ടമല്ല, ലാഭകരമാക്കാം
കൃഷി നഷ്ടമാണെന്ന് പറഞ്ഞ് പുതിയ തലമുറകൾ ഈ മേഖലയിലേക്ക് വരാൻ മടിക്കുമ്പോൾ വലിയൊരു മാതൃകയാണ് ഡോ. രാഹുൽ കാട്ടിത്തരുന്നത്. മാറുന്ന കാലത്ത് കൃഷിയോടുള്ള സമീപനവും മാറണം. കാലവസ്ഥാനുസരണമായ കൃഷിരീതികൾ അവലംബിക്കണം. തന്റെ ഈ മികച്ച അഗ്രി ബിസിനസിലൂടെ നിലവിൽ നാല് പേർക്ക് സ്ഥിരം തൊഴിലും കൃത്യമായ ശമ്പളവും നൽകാൻ രാഹുലിന് സാധിക്കുന്നുണ്ട്. വലിയ കോർപ്പറേറ്റ് ബിസിനസ്സുകളിൽ നിന്നും ലഭിക്കുന്ന ലാഭവിഹിതം പോലെ തന്നെ കൃഷിയിൽ നിന്നും മികച്ച ലാഭം നേടാൻ സാധിക്കുമെന്ന് അദ്ദേഹം തന്റെ അനുഭവത്തിലൂടെ തെളിയിച്ചു.
പിഎച്ച്ഡി പൂർത്തിയായതിനു ശേഷം അക്കാദമിക് മേഖലയിലെ കരിയർ പൂർണ്ണമായും ഉപേക്ഷിച്ചാണ് രാഹുൽ ഇന്ന് കൃഷിയിൽ മുഴുകിയിരിക്കുന്നത്. മണ്ണറിഞ്ഞ് മാർക്കറ്റ് അറിഞ്ഞ് വിത്തു വിതച്ചാൽ പൊന്ന് വിളയിക്കാമെന്ന വലിയ ആത്മവിശ്വാസത്തിലാണ് അദ്ദേഹം മുന്നോട്ട് പോകുന്നത്. കഠിനാധ്വാനവും കൃത്യമായ വിപണന തന്ത്രങ്ങളും ഒത്തുചേർന്നാൽ കൃഷി നഷ്ടമല്ല, മറിച്ച് വലിയ സാധ്യതകളുള്ള ഒരു സംരംഭമാണെന്ന് തെളിയിക്കുകയാണ് ഈ യുവ കർഷകൻ.
Content Highlights: How a PhD holder in Commerce transformed barren lands in Thiruvananthapuram into a smart, profitable agribusiness using modern tech.