മണ്ണറിഞ്ഞ അധ്യാപകൻ, പച്ചപ്പണിഞ്ഞ ജീവിതം: എടപ്പാളിലെ ചന്ദ്രൻ മാഷിന്റെ ഹരിതവിസ്മയം
മലപ്പുറം ജില്ലയിലെ എടപ്പാൾ നീലിയാട് എന്ന ഗ്രാമത്തിൽ ചന്ദ്രൻ മാഷ് എന്ന അധ്യാപകൻ നയിക്കുന്ന ജീവിതം കേവലം ഒരു കൃഷിയല്ല, മറിച്ച് പ്രകൃതിയോടുള്ള തീക്ഷ്ണമായ പ്രണയമാണ്. തന്റെ 32 വർഷത്തെ ഔദ്യോഗിക ജീവിതത്തിൽ നിന്ന് ലഭിച്ച സമ്പാദ്യവും അധ്വാനവും ഉപയോഗിച്ച് അദ്ദേഹം കെട്ടിപ്പടുത്ത ഈ ഓർഗാനിക് ഫാം ഹൗസ് ഇന്ന് ജൈവകൃഷി അഭ്യസിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഒരു മികച്ച പാഠപുസ്തകമായി മാറിയിരിക്കുന്നു. ഒരു കുടുംബത്തിന് ഒരാഴ്ചത്തേക്ക് ആവശ്യമായ പച്ചക്കറികളും ധാന്യങ്ങളും സ്വന്തം മണ്ണിൽ തന്നെ വിഷരഹിതമായി ഉത്പ്പാദിപ്പിക്കുക എന്ന ലളിതമായ ചിന്തയിൽ നിന്നാണ് ഈ വലിയ മാറ്റത്തിന് തുടക്കമായതെന്ന് മാഷ് പറയുന്നു.
പത്ത് ഏക്കറിലായി വ്യാപിച്ചു കിടക്കുന്ന പാടത്ത് പത്തോളം വൈവിധ്യമാർന്ന നാട്ടുനെല്ലിനങ്ങളാണ് മാഷ് കൃഷി ചെയ്യുന്നത്. ചിറ്റാണി, ചേറ്റാടി, രക്തശാലി, തവളക്കണ്ണൻ, നവര, കട്ടമോടം തുടങ്ങി ഔഷധഗുണമുള്ള വിത്തുകൾ ഇവിടെ വിളയുന്നു. രാസവളങ്ങളില്ലാതെ വിളയിച്ചെടുക്കുന്ന ഈ ധാന്യങ്ങൾ തവിടുള്ള അരിയായിട്ടാണ് അദ്ദേഹം ഉപയോഗിക്കുന്നത്. ഇത്തരം നാട്ടുനെല്ലുകൾ ഉപയോഗിക്കുന്നത് പ്രമേഹം, പ്രഷർ തുടങ്ങിയ ജീവിതശൈലീ രോഗങ്ങളെ തടയാൻ സഹായിക്കുമെന്ന് മാഷ് തന്റെ അനുഭവത്തിൽ നിന്ന് പറയുന്നു.
ജൈവകൃഷി എന്നത് കേവലം ലാഭം മാത്രം ലക്ഷ്യം വെക്കുന്ന ഒരു ബിസിനസ്സല്ല എന്നാണ് ചന്ദ്രൻ മാഷ് തന്‍റെ കൃഷി ചര്യയിലൂടെ ഓർമ്മപ്പെടുത്തുന്നത്. സസ്യവൈവിധ്യം നിലനിർത്തുന്നതും ഓരോ ചെടിയെയും സ്നേഹത്തോടെ പരിപാലിക്കുന്നതും സുരക്ഷിതമായ ജീവിതത്തിന് ആധാരമെന്ന് അദ്ദേഹം വിശ്വസിക്കുന്നു. കഴിഞ്ഞ നാല് പതിറ്റാണ്ടോളമായി രാസവളങ്ങളുടെ ഉപയോഗമില്ലാതെ, മണ്ണിനെ വേദനിപ്പിക്കാത്ത കൃഷിരീതികളാണ് ഈ മണ്ണിൽ അദ്ദേഹം പിൻതുടരുന്നത്. പ്രകൃതിയെ അമ്മയെക്കാളുപരി സ്നേഹിക്കണം. ആഹാരം, വ്യായാമം, ആനന്ദം ഇവ സമം ചേരുന്ന പ്രകൃതിയുടെ മടിത്തട്ടിൽ കിട്ടുന്ന സുഖത്തേക്കാൾ സന്തോഷം മറ്റൊന്നിനും നൽകാൻ സാധിക്കില്ലെന്നാണ് മാഷിന്‍റെ പക്ഷം.
കൃഷിയിടത്തിലെ മറ്റൊരു പ്രധാന ഘടകം അദ്ദേഹം വളർത്തുന്ന വെച്ചൂർ, കാസർഗോഡ് ഇനത്തിൽപ്പെട്ട പശുക്കളാണ്. ഈ നാട്ടുപശുക്കളുടെ ചാണകവും മൂത്രവുമാണ് പത്ത് ഏക്കർ സ്ഥലത്തെ കൃഷിക്കാവശ്യമായ ജീവാമൃതം നിർമ്മിക്കാൻ ഉപയോഗിക്കുന്നത്. പരമ്പരാഗത കൃഷി അറിവുകളെ ആനുകാലിക സാധ്യതകൾക്ക് അനുസരിച്ച് വികസിപ്പിച്ചുള്ള കൃഷി രീതിയാണ് അവലംബിക്കുന്നതെന്ന് മാഷ് പറയുന്നു. കാലത്തിനനുസരിച്ച് ഗ്രാമ അറിവുകളെ മെച്ചപ്പെടുത്തിയെടുക്കുകയാണ് ഇന്നത്തെ കാലത്ത് ചെയ്യേണ്ടത്. പരമ്പരാഗത വിത്തുകളെ നഷ്ടപ്പെട്ടു പോകാതെ സംരക്ഷിക്കുക കൂടിയാണ് അദ്ദേഹം ചെയ്യുന്നത്. ഇപ്പോൾ എന്തു കിട്ടുമെന്നല്ല, നാളെ എന്തു കിട്ടും മറ്റെന്നാൾ എന്തെല്ലാം നഷ്ടപ്പെടാതിരിക്കും എന്നതുകൂടിയാകണം കൃഷിയെന്നും അദ്ദേഹം ഓർമ്മിപ്പിക്കുന്നു.
മാഷിന്റെ ഈ ഹരിതയാത്രയിൽ പൂർണ്ണ പിന്തുണയുമായി ഭാര്യ സതി ടീച്ചർ കൂടെയുണ്ട്. നൂറിലധികം ഔഷധ സസ്യങ്ങളും പഴവർഗ്ഗങ്ങളും വളരുന്ന ഇവരുടെ തൊടിയിൽ വംശനാശഭീഷണി നേരിടുന്ന പൂമ്പാറ്റകളെ ആകർഷിക്കാൻ ഈശ്വരമൂലി പോലുള്ള പ്രത്യേക ചെടികളും നട്ടുപിടിപ്പിച്ചിട്ടുണ്ട്.
മാഷിന്റെ മകൻ രൂപകൽപ്പന ചെയ്ത എ-ഫ്രെയിം ഫാം ഹൗസ് നിർമ്മാണ വൈദഗ്ധ്യത്തിന്റെ മറ്റൊരു ഉദാഹരണമാണ്. സിമന്റോ മണലോ ഉപയോഗിക്കാതെ ഇരുമ്പും ഷീറ്റും കൊണ്ട് നിർമ്മിച്ച ഈ വീട് പരിസ്ഥിതി സൗഹൃദമായ ഒരു മാതൃകയാണ്. ഒരു പ്രത്യേക ശൈലിയിലുള്ള ഈ നിർമ്മിതി കാണാൻ തന്നെ നിരവധി ആളുകൾ എടപ്പാളിലേക്ക് എത്താറുണ്ട്.
ഈ വീടിന്റെ ഉൾഭാഗം എപ്പോഴും തണുപ്പുള്ളതായി നിലനിർത്താൻ പ്രത്യേക സാങ്കേതിക വിദ്യകൾ ഉപയോഗിച്ചിട്ടുണ്ട്. മേൽക്കൂരയ്ക്ക് താഴെ ചൂട് പ്രതിരോധിക്കാനായി രണ്ടര ഇഞ്ച് കനമുള്ള തെർമോക്കോളും 40 മൈക്രോ റേഡിയന്റ് ബാരിയറും പനമ്പും ഉപയോഗിച്ചാണ് സീലിങ് ചെയ്തിരിക്കുന്നത്. വായുപ്രവാഹം സുഗമമാക്കുന്ന രീതിയിൽ നിർമ്മിച്ച ഈ വീടിനുള്ളിൽ ഒരു ഫ്ലാസ്കിന് സമാനമായ അന്തരീക്ഷമാണ് ഉള്ളത്.
വീടിന്റെ മറ്റൊരു വലിയ പ്രത്യേകത അതിന്റെ തറയ്ക്ക് താഴെയുള്ള ജലാശയമാണ്. ഒരു മീറ്റർ ഉയരത്തിൽ കെട്ടിനിർത്തിയ വെള്ളത്തിൽ ജയന്റ് ഗൗരാമി മത്സ്യങ്ങളെ അദ്ദേഹം വളർത്തുന്നു. ഇത് വീടിനുള്ളിലെ താപനില കുറയ്ക്കാൻ സഹായിക്കുന്നതിനോടൊപ്പം മത്സ്യകൃഷിക്ക് ഒരു പുതിയ സാധ്യതയും തുറന്നു നൽകുന്നു.
ഈ കൃഷിയിടത്തിന്റെ ഹൃദയം 'ജലസംസ്കൃതി' എന്ന് മാഷ് വിശേഷിപ്പിക്കുന്ന എട്ടര മീറ്റർ ആഴമുള്ള കുളമാണ്. കുട്ടിക്കാലത്തെ കുളിക്കടവുകളുടെ ഓർമ്മകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമ്മിച്ച ഈ കുളം പക്ഷികൾക്കും മൃഗങ്ങൾക്കും ദാഹമകറ്റാനും, മത്സ്യങ്ങളെ വളർത്താനും, കൃഷി നനയ്ക്കാനുമുള്ള ഒരു സമ്പൂർണ്ണ ആവാസവ്യവസ്ഥയായി വർത്തിക്കുന്നു. എല്ലാ ദിവസവും ഈ കുളത്തിൽ നീന്തിക്കുളിക്കുന്നത് തന്റെ ആരോഗ്യത്തിന്റെയും മാനസിക സന്തോഷത്തിന്റെയും പ്രധാന രഹസ്യമാണെന്ന് അദ്ദേഹം പറയുന്നു.
ഫാം ഹൗസിനുള്ളിലെ ലൈബ്രറിയിൽ ഹോർത്തൂസ് മലബാറിക്കസ് ഉൾപ്പെടെ ജൈവകൃഷിയെക്കുറിച്ചുള്ള അഞ്ഞൂറോളം പുസ്തകങ്ങളും മാഷ് തന്നെ രചിച്ച അഞ്ച് ഗ്രന്ഥങ്ങളും സൂക്ഷിച്ചിട്ടുണ്ട്. തന്റെ പത്തായത്തിൽ സൂക്ഷിച്ചിരിക്കുന്ന നാട്ടരിയുടെ വിത്തുകൾ ആവശ്യമുള്ളവർക്ക് വിതരണം ചെയ്യാനും അദ്ദേഹം മടിക്കാറില്ല. കൃഷിയിലൂടെ വായുവും ഭക്ഷണവും വെള്ളവും ശുദ്ധമായി നിലനിർത്താൻ കഴിയുമെന്ന വലിയ സന്ദേശമാണ് അദ്ദേഹം ലോകത്തിന് നൽകുന്നത്.
(കൂടുതൽ വിവരങ്ങൾക്ക്: 81290 01449)
Content Highlights: A 10-acre self-sustaining organic farm developed by a retired teacher in Edappal, Malappuram.