വാട്സ്ആപ്പിലെ ഫോട്ടോ തുറന്നാൽ ഫോൺ ഹാക്ക് ചെയ്യും; തട്ടിപ്പിനെതിരെ ശ്രദ്ധ വേണമെന്ന് കേരള പോലീസ്
വാട്ട്സ്ആപ്പിൽ വരുന്ന ഒരു ഫോട്ടോ, അത് തുറന്നാൽ ചിലപ്പോൾ നിങ്ങളുടെ ഫോൺ ഹാക്ക് ചെയ്യപ്പെടാം. കേരളാ പോലീസാണ് പുതിയ തട്ടിപ്പിനെ കുറിച്ച് സാമൂഹിക മാധ്യമങ്ങൾ വഴി നിർദേശം നൽകുന്നത്. ഒറ്റനോട്ടത്തിൽ ഒരു സാധാരണ ചിത്രമായേ തോന്നൂ. എന്നാൽ വാട്ട്സ്ആപ്പിലേക്കെത്തിയ ആ ചിത്രത്തിനുള്ളിൽ നിങ്ങളുടെ ബാങ്കിംഗ് വിശദാംശങ്ങൾ, പാസ്വേഡുകൾ, OTP-കൾ, UPI വിവരങ്ങൾ എന്നിവ മനസ്സിലാക്കാനും നിങ്ങൾ അറിയാതെ തന്നെ നിങ്ങളുടെ ഫോൺ നിയന്ത്രിക്കാനും വേണ്ടിയുള്ള മാൽവെയറുകൾ ഒളിഞ്ഞിരിക്കുന്നുണ്ടാവും.
സ്റ്റെഗനോഗ്രാഫി എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഈ തട്ടിപ്പ് നടത്തുന്നത്. ഇതിലൂടെ ഫോൺ ഹാക്ക് ചെയ്യാൻ ആവശ്യമായ ഡാറ്റ രഹസ്യമായി ചിത്രങ്ങളിൽ ഒളിപ്പിച്ചുവെക്കാനാവും. ചിത്രം തുറക്കുമ്പോൾ തന്നെ നിങ്ങളുടെ ഫോണിന്റെ നിയന്ത്രണം തട്ടിപ്പുകാർ കൈക്കലാക്കും. മറ്റ് തട്ടിപ്പുകളിലെല്ലാം ഉള്ളത് പോലെ ഒരു OTP മുന്നറിയിപ്പ് പോലും ലഭിക്കില്ല.