മുന്‍ കണ്ടെത്തലുകള്‍ തെറ്റ്, തിമിംഗിലങ്ങള്‍ക്ക് ആയുസ്സ് നമ്മള്‍ കരുതിയതിലും അധികം

പ്രതീകാത്മക ചിത്രം | Photo: AP
പ്രതീകാത്മക ചിത്രം | Photo: AP

തിമിംഗിലത്തിന് നമ്മൾ കരുതിയതുപോലെയല്ല, അതിലും കൂടുതലുണ്ട് ആയുസ്സ്. വളരെയേറെ കാലം ജീവിക്കുന്ന സമുദ്ര സസ്തനികളായ തിമിംഗിലങ്ങളേക്കുറിച്ച് നടത്തിയ ഒരു പഠനമാണ് ഈ കാര്യം പറയുന്നത്.  സതേണ്‍ റൈറ്റ് തിമിംഗിലങ്ങള്‍ക്ക് ആയുസ്സ് ഒരു നൂറ്റാണ്ടിന് മുകളിലാണ്.  സയന്‍സ് അഡ്വാന്‍സസ് ജേണലില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടിൽ ഇനിയുമുണ്ട്‌  കാര്യങ്ങൾ. സതേണ്‍ റൈറ്റ് തിമിംഗിലങ്ങളുടെ 10 ശതമാനം 130 വര്‍ഷക്കാലത്തോളം ജീവിച്ചിരുന്നതായും പഠനം പറയുന്നു. 70 മുതല്‍ 80 വര്‍ഷം വരെ ആയുസ്സേ ഇവക്കുള്ളൂ എന്നാണ് മുമ്പ് കരുതിയിരുന്നത്.

തിമിംഗിലങ്ങളില്‍ തന്നെ മറ്റൊരു വിഭാഗമായ നോര്‍ത്ത് അറ്റ്‌ലാന്റിക് റൈറ്റ് തിമിംഗിലങ്ങള്‍ക്കും 70 വര്‍ഷത്തെ ആയുസ്സാണ് കരുതപ്പെട്ടിരുന്നത്. എന്നാല്‍ ഇവയില്‍ പലതും കപ്പലിടിച്ചും ഫിഷിങ് ഗിയറില്‍ കുടുങ്ങിയും മരണപ്പെടുകയാണ് ചെയ്യുന്നത്. 50 വയസ്സിന് മുകളില്‍ ഇവ ജീവിച്ചിരിക്കുന്നത് അപൂര്‍വമാണെന്നും ഡൗണ്‍ ടു എര്‍ത്ത് റിപ്പോര്‍ട്ട് ചെയ്യുന്നു.

വേട്ടയാടല്‍ അടക്കമുള്ള കാരണങ്ങള്‍ മൂലമാണ് പല തിമിംഗിലങ്ങളുടെയും ആയുസ്സ് കുറവാകുന്നതെന്നാണ് ഗവേഷകര്‍ കരുതുന്നത്. വേട്ടയാടി മരണപ്പെടുമ്പോള്‍ ആയുര്‍ദൈര്‍ഘ്യം നിര്‍ണയിക്കുന്നതിന് അത് തടസ്സമാകുന്നു. ഇതോടുകൂടി സ്‌പേം, ബ്ലൂ, ഫിന്‍, റൈറ്റ് തിമിംഗിലങ്ങളുടെ യഥാര്‍ഥ ആയുസ്സ് അജ്ഞാതമായി തുടര്‍ന്നു.

1990-കളില്‍ത്തന്നെ ആര്‍ട്ടിക് ബോഹെഡ് തിമിംഗിലങ്ങള്‍ക്ക് 200 വര്‍ഷത്തിലധികം ജീവിക്കാനാകുമെന്ന് കണ്ടെത്തിയിരുന്നു. റൈറ്റ്, ഫിന്‍ തിമിംഗിലങ്ങള്‍ക്കും ഇതേ ആയുസ്സുണ്ടെന്നാണ് പുതിയ പഠനം നല്‍കുന്ന സൂചനകള്‍. മനുഷ്യരുടെ ഇടപെടല്‍ ഇല്ലെങ്കില്‍ വളരെയേറെ കാലം തിമിംഗിലങ്ങള്‍ക്ക് ജീവിക്കാന്‍ സാധിക്കുമെന്നും പുതിയ പഠനം വ്യക്തമാക്കുന്നു.

Content Highlights: whales have more lifespan than thought before