ഇനി റിക്വസ്റ്റിട്ട് പണം വാങ്ങാമെന്ന് കരുതേണ്ട; പുൾ ട്രാൻസാക്ഷൻ സംവിധാനം നിർത്താൻ നിർദേശം
ഞാന്‍ റിക്വസ്റ്റ് ഇടാം...നീ പണം അയക്കൂ... യുപിഐ ഇടപാടുകളില്‍ ഇനി ഇങ്ങനെ പറയാം എന്ന് കരുതേണ്ട. യുപിഐ ആപ്പുകളിലെ പുള്‍ ട്രാന്‍സാക്ഷന്‍ സംവിധാനം നിര്‍ത്താന്‍ ഒരുങ്ങുകയാണ് നാഷണല്‍ പേമെന്റ് കോര്‍പറേഷന്‍.
സാധാരണ രീതിയില്‍ ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്ത് അക്കൗണ്ട് അല്ലെങ്കില്‍ ഫോണ്‍ നമ്പര്‍ നല്‍കി പണം കൈമാറുന്നതിനുപകരം പണം സ്വീകരിക്കുന്നയാള്‍ നല്‍കേണ്ടയാള്‍ക്ക് ഇത്ര രൂപ നല്‍കാന്‍ ആവശ്യപ്പെട്ട് സന്ദേശം അയക്കുന്നതിനെയാണ് പുള്‍ ട്രാന്‍സാക്ഷന്‍ എന്ന് പറയുന്നത്. ഇതു വഴി പരമാവധി രണ്ടായിരം രൂപവരെയാണ് സ്വീകരിക്കാന്‍ അനുവദിച്ചിരുന്നത്.
ഇങ്ങനെ അയക്കുന്ന റിക്വസ്റ്റുകള്‍ക്ക് ഉപഭോക്താക്കള്‍ പലപ്പോഴും അറിയാതെ പിന്‍നമ്പര്‍ നല്‍കി അംഗീകാരം നല്‍കുന്നത് കാരണം പണം നഷ്ടപ്പെടുന്നത് കണ്ടെത്തിയ സാഹചര്യത്തിലാണ് എന്‍സിപിഐ നടപടിക്കൊരുങ്ങിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ നവംബര്‍ ഒന്നുമുതല്‍ പുള്‍ ട്രാന്‍സാക്ഷന്‍ സേവനം അവസാനിപ്പിക്കാനാണ് നാഷണല്‍ പേമെന്റ് കോര്‍പ്പറേഷന്റെ തീരുമാനം. പുള്‍ ട്രാന്‍സാക്ഷനുമായി ബന്ധപ്പെട്ട സൗകര്യം ആപ്പുകളില്‍ നിന്ന് നീക്കണമെന്ന് കാട്ടി ബാങ്കുകള്‍ക്കും ഫിന്‍ടെക് കമ്പനികള്‍ക്കും എന്‍സിപിഐ അറിയിപ്പ് കൈമാറിയിട്ടുണ്ട്.