ഊബര്‍ ഓട്ടോയില്‍ ഇനി നിരക്ക് ഡ്രൈവര്‍മാര്‍ നിശ്ചയിക്കും, പണമായി നൽകണമെന്ന് നോട്ടിഫിക്കേഷനും

ബുക്ക് ചെയ്താൽ മുന്നിലെത്തും, അധിക ചാർജും ഈടാക്കില്ല.. ഈ കാരണങ്ങളൊക്കെ കൊണ്ട് മിക്കവരും യാത്രയ്ക്ക് തിരഞ്ഞെടുക്കുന്നതാണ് ഊബർ ഓട്ടോ. ഇപ്പോൾ ഊബര്‍ ഓട്ടോയിൽ ബുക്ക് ചെയ്യുമ്പോൾ പലർക്കും ഒരു നോട്ടിഫിക്കേഷന്‍ വരുന്നുണ്ടാകും, 'Auto is now cash only' എന്ന ഈ നോട്ടിഫിക്കേഷൻ എന്താണെന്ന് മനസിലായോ? നേരത്തെ ആപ്പ് വഴി തന്നെ ഓട്ടോ ചാർജും നൽകാമായിരുന്നു. എന്നാൽ ഇനി പണമായി തന്നെ നൽകണം. അല്ലെങ്കിൽ ഡ്രൈവർക്ക് അക്കൗണ്ട് ഉണ്ടെങ്കിൽ അതിലേക്ക് നേരിട്ട് യുപിഐ പേയ്മെന്റ് നടത്താം. പക്ഷേ ആപ്പ് വഴി നടക്കില്ല.

രാജ്യത്തെ ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് ഊബര്‍ സീറോ കമ്മീഷന്‍ മോഡല്‍ അവതരിപ്പിച്ചതോടെയാണ് ഈ മാറ്റം. ഇനിയങ്ങോട്ട് ഡ്രൈവര്‍മാരെയും യാത്രക്കാരെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഒരു പ്ലാറ്റ്‌ഫോം മാത്രമായിരിക്കും ഊബര്‍ ഓട്ടോ. ഊബര്‍ ആപ്പ് യാത്രയ്ക്കുള്ള നിരക്ക് നിര്‍ദേശിക്കുക മാത്രമേ ചെയ്യൂ. നിരക്ക് നിശ്ചയിക്കില്ല. ഡ്രൈവറും യാത്രക്കാരനും ചർച്ച ചെയ്ത് അത് തീരുമാനിക്കണമെന്നാണ് കമ്പനി പറയുന്നത്. യാത്രകൾക്ക് ഉപയോക്താവിൽ നിന്നോ ഡ്രൈവറിൽ നിന്നോ ഒരു ജിഎസ്ടിയും ഈടാക്കില്ലെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. അതായത് കമ്പിനി നിർദേശിക്കുന്ന നിരക്കിൽ നികുതി ഉൾപ്പെടില്ല. റൈഡുകളുടെ കൃത്യമായ നിര്‍വഹണം, ഗുണനിലവാരം എന്നിവയിലും കമ്പനിക്ക് ഉത്തരവാദിത്തം ഉണ്ടാകില്ല. ഡ്രൈവര്‍ റൈഡ് റദ്ദാക്കുകയോ, റൈഡിന് വിസമ്മതിക്കുകയോ ചെയ്താലും കമ്പനി ബാധ്യസ്ഥരാകില്ല. അതേസമയം യാത്രക്കിടെ എന്തെങ്കിലും സുരക്ഷാ പ്രശ്നങ്ങളുണ്ടായാൽ ഊബർ ആപ്പ് വഴി റിപ്പോർട്ട് ചെയ്യാം. ഇതിൽ നടപടിയെടുക്കും. എന്തായാലും ഈ മാസം 18 മുതൽ മാറ്റം നിലവിൽ വന്നിട്ടുണ്ട്.

ഊബറും ഒലയുമൊക്കെ ഈടാക്കുന്ന കമ്മീഷനെതിരെ നേരത്തെ ഡ്രൈവര്‍മാര്‍ പ്രതിഷേധിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ തന്നെ ഊബര്‍, ഒല, റാപിഡോ തുടങ്ങിയ പ്രമുഖ പ്ലാറ്റ്‌ഫോമുകള്‍ ഓട്ടോറിക്ഷ റൈഡുകള്‍ക്കുള്ള ഇന്‍-ആപ് പേയ്‌മെന്റ് സംവിധാനം നിര്‍ത്തലാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതോടെ നേരത്തെയുണ്ടായിരുന്ന കുറഞ്ഞ നിരക്കിലുള്ള റൈഡുകളും ‍ഡ്രൈവറുടെ പ്രവര്‍ത്തികള്‍ ചോദ്യം ചെയ്യാനുള്ള അവസരവുമൊക്കെ യാത്രക്കാർക്ക് നഷ്ടമാകും. 
 

Content Highlights: Uber to charge zero commission from Indian auto-rickshaw drivers