ടാറ്റൂ ചെയ്യുന്നത് സൂക്ഷിച്ചുമതി; കരൾ രോഗം മുതൽ എയ്ഡ്സ് വരെയുണ്ടാകാം

ടാറ്റു ചെയ്യാന്‍ ഒരുപാട് പേര്‍ക്കിഷ്ടമാണ്. ദിനംപ്രതി ടാറ്റൂയിങ്ങിന് ഡിമാന്‍ഡ് കൂടിവരുന്നത് കൊണ്ടു തന്നെ ടാറ്റൂ പാര്‍ലറുകളും കൂണ്‍ പോലെ മുളച്ചുവരികയാണ്. സൂക്ഷിച്ചില്ലെങ്കില്‍ ടാറ്റൂ ചെയ്യുന്നത് നല്ല പണി തരും. കരള്‍ രോഗത്തിന് വരെ ടാറ്റൂ ചെയ്യുന്നത് കാരണമാകും. നമ്മുടെ ചര്‍മ്മത്തിന് മൂന്ന് പ്രധാന പാളികളാണുള്ളത്. ഇതില്‍ മധ്യപാളിയായ ഡെര്‍മിസിലേക്ക് സൂചി ഉപയോഗിച്ച് നിറങ്ങള്‍ കുത്തിവെച്ചാണല്ലോ ടാറ്റ് ചെയ്യുന്നത്. ഈ സൂചിയാണ് പ്രധാനപ്രശ്‌നം. ശരിയായ രീതിയില്‍ സ്റ്റെറിലൈസ് ചെയ്യാത്ത സൂചി ഉപയോഗിക്കുന്നത് നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ക്കാണ് വഴിവെക്കുന്നത്. കൂടാതെ ഒന്നിലധികം പേര്‍ക്ക് ഒരേ സൂചി തന്നെ ഉപയോഗിക്കുമ്പോഴും ഒരേ ഇങ്ക് ഡിപ്പോയില്‍ നിന്നുള്ള മഷി എടുക്കുന്നതുമൊക്കെ പ്രശ്‌നമാണ്.

ഇത് ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് ഇന്‍ഫെക്ഷന്‍ പകരാന്‍ കാരണമാകും. ഹെപ്പറ്റൈറ്റിസ് എ മുതല്‍ ഇ വരെയും ചിലപ്പോള്‍ എയ്ഡിസ് വരെ പകരാം. മാത്രമല്ല ഗുണനിലവാരമുള്ള മഷിയല്ലെങ്കിലും പ്രശ്‌നമാണ്. പലപ്പോഴും മെര്‍ക്കുറിയും ആഴ്‌സനിക്കും പോലെയുള്ള മെറ്റല്‍സാണ് മഷിക്ക് നിറം നല്‍കുന്നത്. അതുപോലെ കാര്‍ബണ്‍ ബ്ലാക്ക്, ഹൈഡ്രോകാര്‍ബണ്‍സ് എന്നിവയും ഇതിലടങ്ങിയിട്ടുണ്ട്. ഇതും ശരീരത്തിനുള്ളില്‍ കടക്കുന്നത് പലവിധ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കും. അതുകൊണ്ട് ഉത്സവപറമ്പുകളിലും മേളകളിലുമൊക്കെ കാണുന്ന ടാറ്റു പരീക്ഷിക്കുന്നത് ഒന്ന് സൂക്ഷിച്ചോളൂ. കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങളോടെ ശുചിത്വം പാലിച്ചു ചെയ്യുന്ന ടാറ്റൂ പാര്‍ലറുകള്‍ തിരഞ്ഞെടുക്കാനും ശ്രദ്ധിക്കുക.

In Short: Unsafe tattooing can cause serious health risks including infections, hepatitis, and even AIDS, if needles and ink aren’t sterilized properly.

Content Highlights: Unsafe tattoos may spread infections, even hepatitis or AIDS