കാടുകൾക്ക് കാർബൺ ആഗിരണം ചെയ്യാനുള്ള ശേഷി നഷ്ടപ്പെടുന്നെന്ന് പഠനം
ലോകത്താകമാനമുള്ള കാടുകള്‍ക്ക് കാര്‍ബണ്‍ ആഗിരണം ചെയ്‌തെടുക്കാനുള്ള കഴിവ് കുറയുന്നതായി നേച്ചർ ജേണലിൽ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ട്. ആഗോള താപന വര്‍ധനവ്, വനനശീകരണം, കൃഷി ആവശ്യങ്ങള്‍ക്കായി വനഭൂമി ഉപയോഗിച്ചുതുടങ്ങിയതൊക്കെയാണ് ഇതിന് പിന്നിലെ കാരണങ്ങളായി വിലയിരുത്തപ്പെടുന്നത്. കാര്‍ബണ്‍ ആഗിരണം ചെയ്‌തെടുക്കുവാനുള്ള വനപ്രദേശങ്ങളുടെ കഴിവ് കുറക്കുന്നതിനൊപ്പം തന്നെ അന്തരീക്ഷത്തിലെ ഹരിതഗൃഹ വാതകസാന്നിധ്യം ഉയരാനും ഈ പ്രശ്നങ്ങൾ കാരണമാകുന്നു.
വനങ്ങൾക്ക് കാര്‍ബണ്‍ ആഗിരണം ചെയ്‌തെടുക്കാവുള്ള കഴിവ് കുറയുന്നത് വലിയ പ്രദേശങ്ങളില്‍ പെട്ടെന്നുള്ള പാരിസ്ഥിതിക മാറ്റങ്ങള്‍ക്കിടയാക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്. കാലിഫോര്‍ണിയയിലുണ്ടായ കാട്ടുതീ ഇതിനുദാഹരണമാണ്. ചൂടുള്ള അന്തരീക്ഷം കാട്ടുതീയുടെ കാഠിന്യം കൂട്ടുന്നു. ഇത് വലിയൊരു വനപ്രദേശത്തിന്റെ പരിസ്ഥിതിയിലുണ്ടാവുന്ന മാറ്റമാണ്. കാട്ടുതീ മൂലം വനപ്രദേശം വരണ്ട ഭൂമിയാകുകയും കാര്‍ബണ്‍ വലിച്ചെടുക്കാനുള്ള കഴിവ് കുറയുകയും ചെയ്യുന്നു. വനഭൂമി കൂടുതലുള്ള മേഖലകളിൽ ഈ രീതിയിൽ കാർബൺ ആഗിരണശേഷി കുറയുന്നത് വനഭൂമി എന്നന്നേക്കുമായി നഷ്ടപ്പെടാനുള്ള കാരണമായേക്കാമെന്നും ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.