ബഹിരാകാശത്ത് മനുഷ്യർ സുരക്ഷിതരോ?

ബഹിരാകാശത്ത് മനുഷ്യർ ശരിക്കും സുരക്ഷിതരാണോ? മനുഷ്യശരീരത്തിന് ബഹിരാകാശത്തെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ സാധിക്കുമോ? വായുവിൻ്റെ അഭാവവും ഉയർന്ന താപനിലയും ബഹിരാകാശ യാത്രികർക്ക് വെല്ലുവിളികൾ സൃഷ്ടിക്കുന്നുണ്ട്. മണിക്കൂറുകളോളം വ്യായാമം ചെയ്തിട്ടും ബഹിരാകാശ സഞ്ചാരികൾ പേശികളുടെയും എല്ലുകളുടെയും ആരോഗ്യം നിലനിർത്തുന്നതിൽ പ്രതിസന്ധികൾ അഭിമൂഖികരിക്കുന്നുവെന്നാണ് പഠനങ്ങളിൽ പറയുന്നത്. ഹൃദയത്തെ ഉൾപ്പടെ ഇത് ബാധിക്കുന്നുണ്ടെന്ന് ഗവേഷകർ പറയുന്നു. ഭൂമിയുടെ അന്തരീക്ഷത്തിനു പുറത്തുള്ള റേഡിയേഷൻ ക്യാൻസർ സാധ്യതയും ഉയർത്തുന്നു.
ബ്രിട്ടീഷ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗൈ ഫൗണ്ടേഷൻ പുറത്തുവിട്ട പുതിയ റിപ്പോർട്ട് ഇത്തരത്തിൽ കൂടുതൽ അപകടസാധ്യതകൾ ചൂണ്ടികാണിക്കുന്നുണ്ട്. ബഹിരാകാശ യാത്രകൾ മനുഷ്യശരീരത്തിലെ ജീവകോശങ്ങൾക്ക് ആവശ്യമായ ഊർജ്ജം പ്രദാനം ചെയ്യുന്ന കോശാംഗങ്ങളായ മൈറ്റോകോൺഡ്രിയയ്ക്ക് വരുത്തുന്ന നാശമാണ് പ്രധാന ആശങ്കയായി ഗവേഷകർ പറയുന്നത്. സെല്ലുലാർ എനർജി പ്രോഡക്ഷൻ തടസ്സപ്പെടുന്നതുമൂലം ബഹിരാകാശയാത്രികരിൽ വളരെവേഗം വാർധക്യം പിടിപ്പെടാനുള്ള സാധ്യതയും പുതിയ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.