രക്തം പോലെ ചുവന്ന നിറം, കടുത്ത ദുർഗന്ധം; സാരന്ദി നദിയുടെ മാറ്റത്തിന് കാരണമെന്ത്?

അർജെന്റീനയിലെ സാരന്ദി കനാൽ | ഫോട്ടോ: ap
അർജെന്റീനയിലെ സാരന്ദി കനാൽ | ഫോട്ടോ: ap

ഒന്ന് ഇരുട്ടി വെളുത്തപ്പോഴേക്കും ഒരു ജലസ്രോതസ് മുഴുവനും രക്തം കലർന്നെന്ന പോലെ ചുവന്ന നിറം. ഒപ്പം അസഹനീയമായ ദുർ​ഗന്ധവും. അർജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് ഐറിസിലെ സാരന്ദി കനാലിന്റെ ഇപ്പോഴത്തെ സ്ഥിതിയാണിത്.

കടുത്ത ദുർ​ഗന്ധം അനുഭവിച്ചുകൊണ്ടാണ് റിയോ ഡി ലാ പ്ലാറ്റ മേഖലയിലെ പ്രദേശവാസികള്‍ കഴിഞ്ഞദിവസം ഉറക്കമുണർന്നത്. ദുർ​ഗന്ധത്തിന്റെ ഉറവിടം അന്വേഷിച്ചുപോയപ്പോഴാണ് സാരന്ദിയിലെ വെള്ളം ചുവന്നിരിക്കുന്നതായി കണ്ടത്. വെള്ളത്തിന്റെ നിറംമാറ്റത്തിന്റെ യഥാർത്ഥ കാരണമെന്തെന്ന് ഇതുവരെയും വ്യക്തമായിട്ടില്ല. 

നിരവധി ടെക്‌സ്റ്റൈല്‍ ഫാക്ടറികള്‍ കനാലിന് സമീപത്തുണ്ട്. വസ്ത്രങ്ങള്‍ക്ക് നിറം നല്‍കാന്‍ ഉപയോഗിക്കുന്ന ചുവപ്പ് കെമിക്കല്‍ ഡൈ വെള്ളത്തില്‍ കലര്‍ന്നതാകാം സാരന്ദിയുടെ നിറം മാറ്റത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇവയ്ക്ക് പുറമെ ചെരുപ്പും ബാഗുമെല്ലാം നിര്‍മിക്കുന്ന ഫാക്ടറികളും ജലസ്രോതസിന്റെ ഓരത്തുണ്ട്. ഇവയില്‍ നിന്ന് പുറന്തള്ളിയ രാസമാലിന്യങ്ങളും നിറംമാറ്റത്തിന് കാരണമായിട്ടുണ്ടാകാമെന്നുമാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. ജലത്തിന്റെ സാംപിള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണിപ്പോൾ.

Content Highlights: Buenos Aires` Sarandi Canal turned red and emits a foul odor