വളര്‍ത്തുനായ ടിറ്റോയ്ക്ക് സംരക്ഷണം ഉറപ്പാക്കി രത്തന്‍ ടാറ്റയുടെ വില്‍പത്രം

Image courtesy: https://www.instagram.com/p/B4WfzBlHaKV/?img_index=1
Image courtesy: https://www.instagram.com/p/B4WfzBlHaKV/?img_index=1

തന്റെ പ്രിയപ്പെട്ട വളര്‍ത്തുനായക്ക് സംരക്ഷണം ഉറപ്പാക്കി രത്തന്‍ ടാറ്റയുടെ വില്‍പത്രം. വളര്‍ത്തുനായ ടിറ്റോയ്ക്ക് പരിധിയില്ലാതെ സംരക്ഷണം നല്‍കണമെന്ന് രത്തന്‍ തന്റെ വില്‍പത്രത്തില്‍ പറയുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ജര്‍മന്‍ ഷെപ്പേഡ് ഇനത്തില്‍ പെട്ട നായയാണ് ടിറ്റോ. അഞ്ചോ ആറോ വര്‍ഷം മുന്‍പാണ് ഈ നായയെ ടാറ്റ ദത്തെടുക്കുന്നത്. ടിറ്റോ എന്നുതന്നെ പേരുണ്ടായിരുന്ന വളര്‍ത്തുനായ ചത്തുപോയതിനെ തുടര്‍ന്നായിരുന്നു ഇത്. ദീര്‍ഘകാലം രത്തന്റെ പാചകക്കാരനായിരുന്ന രാജന്‍ ഷായ്ക്കാണ് ടിറ്റോയുടെ സംരക്ഷണച്ചുമതല. വളര്‍ത്തുമൃഗങ്ങള്‍ക്കായി വില്‍പത്രത്തില്‍ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തുന്ന രീതി പാശ്ചാത്യരാജ്യങ്ങളില്‍ സാധാരണമാണെങ്കിലും ഇന്ത്യയില്‍ അത് അത്ര പ്രചാരത്തിലില്ല. രത്തന്‍ ടാറ്റയ്ക്ക് പതിനായിരം കോടിയിലധികം രൂപയുടെ ആസ്തിയുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. മരണശേഷം സ്വത്തുക്കള്‍ ഏങ്ങനെ കൈകാര്യം ചെയ്യണമെന്ന് അദ്ദേഹം നേരത്തെ തന്നെ തയ്യാറാക്കിയ വില്‍പത്രത്തില്‍ വ്യക്തമാക്കുന്നുണ്ട്. 2024 ഒക്ടോബര്‍ ഒന്‍പതിന് 86-ാം വയസ്സിലാണ് രത്തന്‍ ടാറ്റ അന്തരിച്ചത്.

Content Highlights: ratan tata ensures unlimited care for his pet dog tito