കൂട്ടത്തോടെ പിഴനോട്ടീസ്, AI ക്യാമറക്കെതിരേ പ്രമേയം പാസാക്കി പരവൂര്‍ നഗരസഭ; സംസ്ഥാനത്ത് ഇതാദ്യം

ട്രാഫിക് നിയമലംഘനത്തിന് പിഴ കിട്ടുമ്പോള്‍ എ.ഐ ക്യാമറയെ പഴി പറയാത്തവരുണ്ടാകില്ല. എന്നാല്‍ ഒരു നഗരസഭ തന്നെ എഐ ക്യാമറക്കെതിരേ തിരിഞ്ഞാല്‍ എങ്ങനെയുണ്ടാകും? റോഡിലെ എ.ഐ ക്യാമറക്കെതിരേ പ്രമേയം പാസാക്കിയിരിക്കുകയാണ് കൊല്ലം പരവൂര്‍ നഗരസഭ. സംസ്ഥാനത്ത് ഇതാദ്യമായാണ് ഒരു നഗരസഭ എഐ ക്യാമറക്കെതിരേ പ്രമേയം പാസാക്കുന്നത്.
ക്യാമറ പ്രവര്‍ത്തിക്കുന്നില്ലെന്ന ധാരണയില്‍ തലങ്ങും വിലങ്ങും പാഞ്ഞവര്‍ക്ക് തുടരെ പിഴനോട്ടീസ് വന്നതോടെയാണ് ഇതിനെതിരേ നഗരസഭ രംഗത്തെത്തിയത്. പ്രമേയം അവതരിപ്പിച്ചതാകട്ടെ സിപിഎം കൗണ്‍സിലറായ സ്ഥിരംസമിതി അധ്യക്ഷനും. ഭരണ-പ്രതിപക്ഷ അംഗങ്ങളെല്ലാം ഒറ്റക്കെട്ടായി നഗരത്തിലെ ക്യാമറ പിന്‍വലിക്കണമെന്ന ആവശ്യത്തില്‍ ഒത്തുചേര്‍ന്നു.
വാഹനത്തില്‍നിന്ന് ഇറങ്ങി നടന്നുപോകുന്നവര്‍ക്കും പിഴ ചുമത്തുന്നുണ്ടെന്ന സിപിഎം ടൗണ്‍ ലോക്കല്‍ കമ്മിറ്റിയുടെ പരാതിയിലാണ് നഗരസഭയുടെ ഇടപെടല്‍. ക്യാമറ പ്രവര്‍ത്തിക്കുന്ന വിവരം മോട്ടോര്‍വാഹനവകുപ്പ് അറിയിച്ചിരുന്നില്ലെന്നും വ്യാപകമായി നോട്ടീസ് ലഭിച്ചത് പരാതിക്ക് ഇടയാക്കിയതിനാലാണ് ക്യാമറ മാറ്റാന്‍ ആവശ്യപ്പെട്ടതെന്നുമാണ് നഗരസഭാ ചെയര്‍പേഴ്സണ്‍ പറയുന്നത്. കച്ചവടസ്ഥാപനങ്ങള്‍ക്ക് ക്യാമറ തടസ്സമാണെന്നും മറ്റൊരു സ്ഥലത്തേക്കു മാറ്റണമെന്നുമാണ് ആവശ്യം.
എന്നാല്‍, നിയമാനുസൃതമല്ലാതെ പിഴ ചുമത്തിയിട്ടില്ലെന്ന് കൊല്ലം എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ പറയുന്നു. തെറ്റായി പിഴ ചുമത്തിയിട്ടുണ്ടെങ്കില്‍ രേഖാമൂലം പരാതിനല്‍കാനുള്ള സംവിധാനമുണ്ടെന്നും ഇതുവരെ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും ആര്‍ടിഒ വ്യക്തമാക്കി. ക്യാമറ മാറ്റണമെന്ന ആവശ്യം അംഗീകരിക്കാനാകില്ലെന്നാണ് മോട്ടോര്‍ വാഹനവകുപ്പിന്റേയും നിലപാട്.
സേഫ് കേരള പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച 726 എഐ ക്യാമറകളിലൊന്നാണ് പരവൂരിലുമുള്ളത്.
Content Highlights: paravur municipality passed resolution demanding removal of an AI traffic camera