KSRTC റോയല്‍ വ്യൂ ഡബിള്‍ ഡെക്കറില്‍ 400 രൂപയ്ക്ക് മൂന്നാര്‍ കാണാന്‍ പോകാം

വെറും 400 രൂപയ്ക്ക് മൂന്നാര്‍ കാണാന്‍ പോയാലോ?  മൂന്നാറിന്റെ  മനോഹാരിത കാണാന്‍ കെ.എസ്.ആര്‍.ടി.സി.യൊരുക്കിയ  റോയല്‍ വ്യൂ ഡബിള്‍ ഡെക്കര്‍ ബസ് സര്‍വ്വീസ് സൂപ്പര്‍ ഹിറ്റാവുകയാണ്. 10 ദിവസത്തിനുള്ളില്‍  2.99 ലക്ഷം രൂപയാണ് വരുമാനം. ആനവണ്ടിയുടെ അപ്പര്‍ഡെക്കിലിരിന്ന് മൂന്നാര്‍ കാണാനാണ് 400 രൂപ ടിക്കറ്റ് ചാര്‍ജ്. ലോവര്‍ സീറ്റാണെങ്കില്‍ വെറും 200 രൂപ മതിയാകും. 

മൂന്നാര്‍ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നിന്ന് ആരംഭിക്കുന്ന യാത്രയില്‍ ലോക്ക്ഹാര്‍ട്ട് വ്യൂ പോയിന്റ്, റോക്ക് കേവ്, പെരിയകനാല്‍ വെള്ളച്ചാട്ടം, ആനയിറങ്കല്‍ ഡാം തുടങ്ങിയ വ്യൂ പോയിന്റുകളൊക്കെ സന്ദര്‍ശിക്കാം.
 
എല്ലാ ദിവസവും  മൂന്നു ട്രിപ്പുകളുണ്ട്. രാവിലെ 9-ന്  മൂന്നാര്‍ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നിന്ന്  ആദ്യട്രിപ് ആരംഭിക്കും.തുടര്‍ന്ന് ഉച്ചയ്ക്ക് 12.30-നും  വൈകീട്ട് നാലിനും ട്രിപ്പുകളുണ്ട്. മൂന്ന് മണിക്കൂറാണ് ഓരോ ട്രിപ്പിന്റെയും സമയദൈര്‍ഘ്യം. 

കെഎസ്ആര്‍ടിസിയുടെ ഔദ്യോഗിക മൊബൈല്‍ ആപ്പിലും onlineksrtcswift.com വഴിയും ഓണ്‍ലൈനായി ടിക്കറ്റ് ബുക്ക് ചെയ്യാം. യാത്ര ആരംഭിക്കുന്നതിന് ഒരു മണിക്കൂര്‍ മുന്‍പ് നേരിട്ടെത്തിയും ടിക്കറ്റ് ബുക്ക് ചെയ്യാം. യാത്രക്കാര്‍ക്ക് പുറംകാഴ്ചകള്‍ ആസ്വദിക്കാന്‍ കഴിയുന്നതരത്തില്‍ പൂര്‍ണമായും ഗ്ലാസിലാണ്  ബസിന്റെ സൈഡുകളും റൂഫും ഒരുക്കിയിരിക്കുന്നത്.  ലോവര്‍ സീറ്ററില്‍ 12 പേര്‍ക്കും അപ്പര്‍ സീറ്റില്‍ 38 പേര്‍ക്ക്  യാത്രചെയ്യാം. എന്നാല്‍ വൈകിക്കേണ്ട മൂന്നാറിലേക്ക് ട്രിപ്പടിക്കാം.

Content Highlights: Munnar Trip: ₹400 Double Decker Bus Tour