ഇടിമിന്നല്‍ ജീവനെടുക്കുന്നു; മുന്‍കരുതലുകള്‍ അറിഞ്ഞിരിക്കാം
പാദങ്ങള്‍ ചേര്‍ത്തുവച്ച് തല കാല്‍ മുട്ടുകള്‍ക്ക് ഇടയില്‍ ഒതുക്കി പന്തുപോലെ ഉരുണ്ട് ഇരിക്കുക. മിന്നലുള്ളപ്പോള്‍ നിങ്ങള്‍ തുറസ്സായ സ്ഥലത്താണങ്കില്‍ ഇങ്ങനെ ചെയ്യുന്നത് രക്ഷയാകുമെന്ന് എത്രപേര്‍ക്കറിയാം. ദിവസങ്ങള്‍ക്ക് മുന്‍പാണ് വേനല്‍മഴയോടൊപ്പമുണ്ടായ മിന്നലേറ്റ് വര്‍ക്കലയില്‍ യുവാവ് മരണപ്പെട്ടത്. മിന്നലിനെതിരേ ജാഗ്രത വേണമെന്ന് കാലാവസ്ഥാവകുപ്പും ദുരന്തനിവാരണ അതോറിറ്റിയും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇക്കാര്യങ്ങള്‍ ശ്രദ്ധയില്‍ വെച്ചോളൂ.
ഒരു കാരണവശാലും മരങ്ങളുടെ ചുവട്ടില്‍ നില്‍ക്കരുത്. അടച്ചുറപ്പുള്ള കെട്ടിടത്തിനുള്ളില്‍ തുടരുന്നതാണ് സുരക്ഷിതം. ജനലും വാതിലും അടച്ചിട്ട് പരമാവധി ഭിത്തിയിലോ തറയിലോ സ്പര്‍ശിക്കാതിരിക്കാന്‍ ശ്രദ്ധിക്കാം.ലോഹ വസ്തുക്കളുടെ സ്പര്‍ശനമോ സാമീപ്യമോ പാടില്ല. വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യവും ഒഴിവാക്കണം. ആ സമയത്ത് കുളിക്കുന്നതും ഒഴിവാക്കണം. തുണികള്‍ എടുക്കാന്‍ ടെറസിലേക്കോ, മുറ്റത്തക്കോ പോകരുത്. അന്തരീക്ഷം മേഘാവൃതമാണെങ്കില്‍ തുറസ്സായ സ്ഥലത്തും ടെറസിലും കുട്ടികള്‍ ഉള്‍പ്പെടെ കളിക്കുന്നത് ഒഴിവാക്കണം.
ഗൃഹോപകരണങ്ങളുടെ വൈദ്യുതിബന്ധം വിച്ഛേദിക്കുക.ഇടിമിന്നലുള്ള സമയത്ത് ടെലിഫോണ്‍ ഉപയോഗിക്കുന്നതും ഒഴിവാക്കണം. വാഹനങ്ങള്‍ മരച്ചുവട്ടില്‍ പാര്‍ക്ക് ചെയ്യരുത്. സൈക്കിള്‍, ബൈക്ക്, ട്രാക്ടര്‍ പോലെ തുറന്ന വാഹനങ്ങളിലെ യാത്ര ഒഴിവാക്കുക. കാറിലാണെങ്കില്‍ കൈകാലുകള്‍ പുറത്തിടാതെ നോക്കുക. ജലാശയത്തില്‍ ഒരു കാരണവശാലും ഇറങ്ങരുത് .വളര്‍ത്തുമൃഗങ്ങളെ തുറസ്സായ സ്ഥലത്ത് ഈ സമയത്ത് കെട്ടരുത്. ഇടിമിന്നലില്‍നിന്ന് സുരക്ഷ നേടാന്‍ കെട്ടിടങ്ങള്‍ക്കു മുകളില്‍ മിന്നല്‍രക്ഷാചാലകം സ്ഥാപിക്കാം. വൈദ്യുതോപകരണങ്ങളുടെ സുരക്ഷക്കായി സര്‍ജ് പ്രൊട്ടക്ടര്‍ ഘടിപ്പിക്കാം.
മിന്നലേറ്റാല്‍ പൊള്ളല്‍ ഏല്‍ക്കുകയോ കാഴ്ചയോ കേള്‍വിയോ നഷ്ടമാവുകയോ ഹൃദയാഘാതം സംഭവിക്കുകയോ വരെ ചെയ്യാം. മിന്നലാഘാതം ഏറ്റ ആളിന്റെ ശരീരത്തില്‍ വൈദ്യുതപ്രവാഹമുണ്ടാകില്ല. അതിനാല്‍ ഫസ്റ്റ് എയ്ഡ് നല്‍കാന്‍ മടിക്കരുത്. മിന്നലേറ്റാല്‍ ആദ്യ മുപ്പത് സെക്കന്‍ഡ് ജീവന്‍ രക്ഷിക്കാനുള്ള സുവര്‍ണ നിമിഷങ്ങളാണ്. അവര്‍ക്ക് ഉടന്‍ വൈദ്യസഹായം ലഭ്യമാക്കണം.
INSHORT-Learn how to protect yourself from lightning strikes. Safety tips for indoors & outdoors, including what to do if struck. Stay safe!