രജിസ്ട്രേഡ് തപാലും സ്പീഡ് പോസ്റ്റും ഇനി വീട്ടിലിരുന്ന് ബുക്ക് ചെയ്യാം;'സ്മാർട്ടായി' തപാൽ വകുപ്പ്
രജിസ്ട്രേഡ് തപാലും സ്പീഡ് പോസ്റ്റും പാഴ്സലും ഇനി വീട്ടിലിരുന്ന് ബുക്ക് ചെയ്യാം. തപാല്‍വകുപ്പിന്റെ ആപ്പ് ഡൗണ്‍ലോഡ് ചെയ്യണമെന്നുമാത്രം. ബുക്ക്ചെയ്ത് പണമടയ്ക്കുമ്പോഴേ ബന്ധപ്പെട്ട പോസ്റ്റ്മാന് സന്ദേശം ലഭിക്കും. പോസ്റ്റ്മാന് വീട്ടിലെത്തി തപാല്‍ ഉരുപ്പടി ശേഖരിക്കും. ഇതുള്‍പ്പെടെയുള്ള പരിഷ്കാരങ്ങള്‍ ഉടന്‍ തപാല്‍വകുപ്പില്‍ നടപ്പാകും. നിലവില്‍ ഉപയോഗിക്കുന്ന ടിസിഎസിന്റെ സോഫ്റ്റ്വേര്‍ മാറ്റി തപാല്‍വകുപ്പുതന്നെ വികസിപ്പിച്ച സോഫ്റ്റ്വേര്‍ വരുന്നതോടെയാണിത് നടപ്പിലാവുക.
രജിസ്ട്രേഡ് തപാല്‍ ഉരുപ്പടികള്‍ മേല്വിലാസക്കാരന് കൈപ്പറ്റിയെന്നതിന്റെ തെളിവായി ഉള്‍പ്പെടുത്തുന്ന അക്നോളഡ്ജ്മെന്റ് കാര്‍ഡ്(മടക്ക രസീത്) പുതിയ പരിഷ്കാരത്തോടെ ഇല്ലാതാകും. പകരം 10 രൂപ വിലയുള്ള പ്രൂഫ് ഓഫ് ഡെലിവറി (പിഒഡി) നടപ്പാക്കും. നിലവില്‍ സ്പീഡ് പോസ്റ്റിന് പിഒഡി ആണ് ഉപയോഗിക്കുന്നത്. ഇതിനിടെ ഒരു മണിയോര്‍ഡര്‍ ഫോമില്‍ അയക്കാവുന്ന തുക 5000-ത്തില്‍നിന്ന് പതിനായിരമായി ഉയര്‍ത്തിയിരുന്നു.