നൂറ്റാണ്ടുകള്‍ പിന്നിട്ടിട്ടും ക്ഷയരോഗം നിയന്ത്രണാതീതം; കൂടുതല്‍ രോഗികള്‍ ഇന്ത്യയില്‍
സമൂഹത്തില്‍ ക്ഷയരോഗത്തെക്കുറിച്ചുള്ള അവബോധമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് മാര്‍ച്ച് 24 ലോക ക്ഷയരോഗ ദിനമായി ആചരിക്കുന്നത്. 1882 മാര്‍ച്ച് 24നാണ് ഡോ.റോബര്‍ട്ട് കോച്ച് ക്ഷയരോഗമുണ്ടാകാന്‍ കാരണമായ മൈക്കോബാക്ടീരിയം ട്യൂബര്‍ക്കുലോസിസ് കണ്ടുപിടിച്ചത്. ബാക്ടീരിയ കണ്ടുപിടിച്ച് നൂറ്റാണ്ടുകള്‍ പിന്നിട്ടിട്ടും രോഗം നിയന്ത്രിക്കാന്‍ കഴിയുന്നില്ല എന്നത് അത്ഭുതപ്പെടുത്തുന്നതാണ്.
ലോക ആരോഗ്യ സംഘടനയുടെ 2023ലെ കണക്കനുസരിച്ച് ലോകത്ത് ഏറ്റവും കൂടുതല്‍ ക്ഷയരോഗികളുള്ളത് ഇന്ത്യയിലാണ്. 10.6 ദശലക്ഷം കേസുകളാണ് 2022ല്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തത്. 2020 മുതല്‍ 2022 വരെയുള്ള കാലയളവില്‍ അഞ്ച് ലക്ഷം പേരെങ്കിലും ക്ഷയരോഗത്താല്‍ മരിച്ചവരാണെന്നാണ് ലോക ആരോഗ്യ സംഘടന പറയുന്നത്.
അമിത പുകവലി ഉപയോഗം ക്ഷയരോഗത്തെ കൂടുതല്‍ വ്യാപിപ്പിക്കുന്നുവെന്നാണ് വിദഗ്ധര്‍ പറയുന്നത്. പൊതുജനാരോഗ്യപ്രശ്‌നങ്ങള്‍ നേരത്തെ കണ്ടെത്തിയും പുതിയ രോഗനിര്‍ണയരീതികളിലൂടെയും വാക്‌സിനുകളിലൂടെയും രോഗത്തെ ചെറുക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുകയാണെങ്കില്‍ രോഗത്തെ അകറ്റി നിര്‍ത്താം.