ശുദ്ധവായു കുട്ടികളുടെ അവകാശം; ഫ്രാന്‍സില്‍ ജൂലൈ ഒന്ന് മുതല്‍ പൊതുസ്ഥലങ്ങളില്‍ നോ സ്‌മോക്കിങ്
പൊതുജനാരോഗ്യവും വായുമലിനീകരണവും കണക്കിലെടുത്ത് ജൂലൈ ഒന്ന് മുതല്‍ പൊതുവിടങ്ങളിലെ പുകവലിക്ക് നിരോധനമേര്‍പ്പെടുത്തിയിരിക്കുകയാണ് ഫ്രാന്‍സ്. പുകവലി ശ്രദ്ധയില്‍പെട്ടാല്‍ പിഴ നല്‍കേണ്ടി വരുമെന്നും ആരോഗ്യമന്ത്രി കാതറിന്‍ വോട്രിന്‍ വ്യക്തമാക്കി. പുതിയ നിയന്ത്രണങ്ങള്‍ പ്രകാരം ബീച്ചുകള്‍, പാര്‍ക്കുകള്‍, ബസ് സ്റ്റോപ്പുകള്‍, സ്‌കൂള്‍ പരിസരം എന്നിവിടങ്ങളെല്ലാം നിയന്ത്രണപരിധിയില്‍ ഉള്‍പ്പെടും. പുകവലി ശുദ്ധവായു ശ്വസിക്കുന്നതിനുള്ള കുട്ടികളുടെ അവകാശം ഹനിക്കുന്നുവെന്നും കുട്ടികളുള്ളിടത്ത് പുകയില അപ്രത്യക്ഷമാകണം എന്നും മന്ത്രി പറഞ്ഞു.
പുകവലി നിരോധനം ലംഘിക്കുന്നവര്‍ക്ക് 114 യൂറോ (ഏകദേശം 11,063 ഇന്ത്യന്‍ രൂപ)യാണ് പിഴ. പുകവലി ഉപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള പിന്തുണയും സര്‍ക്കാര്‍ ഉറപ്പാക്കും. ഏറ്റവും കൂടുതല്‍ പുകയില ഉപയോഗമുള്ള യൂറോപ്യന്‍ രാജ്യങ്ങളിലൊന്നായ ഫ്രാന്‍സില്‍ പ്ലാസ്റ്റിക് കുപ്പികള്‍ കഴിഞ്ഞാല്‍ ബീച്ചുകളില്‍ ഏറ്റവും കൂടുതല്‍ കാണുന്ന മാലിന്യം സിഗരറ്റ് കുറ്റികളാണ്. ഫ്രാന്‍സില്‍, പുകയിലയുമായി ബന്ധപ്പെട്ട രോഗങ്ങള്‍ മൂലം പ്രതിവര്‍ഷം ഏകദേശം 75,000 മരണങ്ങള്‍ സംഭവിക്കുന്നുവെന്നാണ് കണക്ക്. അതായത് പ്രതിദിനം ശരാശരി 200 മരണങ്ങള്‍. 2032 ഓടെ 'പുകയില രഹിത തലമുറ' സൃഷ്ടിക്കുകയാണ് 2023-2027ലെ ദേശീയ പുകയില വിരുദ്ധ പരിപാടിയുടെ ലക്ഷ്യം.
Inshort | France imposes a ban on smoking in public areas from July 1st