മഞ്ഞില്‍കുളിച്ച് ദക്ഷിണകൊറിയ; 120 വര്‍ഷങ്ങള്‍ക്ക് ശേഷമുണ്ടാകുന്ന മൂന്നാമത്തെ കനത്ത ഹിമപാതം
120 വര്‍ഷങ്ങള്‍ക്ക് ശേഷമുണ്ടാകുന്ന മൂന്നാമത്തെ കനത്ത ഹിമപാതത്തിന് സാക്ഷ്യംവഹിക്കുകയാണ് ദക്ഷിണകൊറിയ. 1907-നുശേഷം സോളില്‍ രേഖപ്പെടുത്തുന്ന ഏറ്റവും വലിയ മഞ്ഞുവീഴ്ചയാണ് ഇത്തവണത്തേത് എന്ന് ദക്ഷിണകൊറിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ദക്ഷിണകൊറിയയുടെ തലസ്ഥാനമായ സോളിലാണ് മഞ്ഞുവീഴ്ച ഏറ്റവും കൂടുതല്‍. വ്യാഴാഴ്ച രാവിലത്തെ പരിശോധനയില്‍ 16 ഇഞ്ചുവരെ ഉയരത്തിലാണ് ഇവിടെ മഞ്ഞുവീണുകിടക്കുന്നതെന്നാണ് വിവരം.
മോശം കാലാവസ്ഥ മൂലം സോളില്‍ ഇതുവരെ അഞ്ചുപേര്‍ മരിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തണുപ്പ് മൂലവും മഞ്ഞ് ദേഹത്ത് വീണും വാഹനങ്ങള്‍ മഞ്ഞില്‍ തെന്നിമാറിയുമെല്ലാം നിരവധി അപകടങ്ങളാണ് ദക്ഷിണകൊറിയയില്‍ ദിവസേന റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ബുധനാഴ്ച സോളിലെ ഒരു ട്രാഫിക് പോയിന്റില്‍ ഉണ്ടായ അപകടത്തില്‍ 53 വാഹനങ്ങള്‍ വരിവരിയായി ഇടിച്ചുനില്‍ക്കുകയും 11 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി പോലീസ് അറിയിച്ചു.
സോളിലെ പ്രധാന വിമാനത്താവളമായ ഇഞ്ചിയോണിനെയും മഞ്ഞുവീഴ്ച വലിയതോതില്‍ ബാധിച്ചിട്ടുണ്ട്. വ്യാഴാഴ്ച മാത്രം 142 വിമാനങ്ങളാണ് റദ്ദുചെയ്യപ്പെട്ടത്. സര്‍വീസ് നടത്തുന്ന വിമാനങ്ങളാവട്ടെ രണ്ടു മണിക്കൂറോളമാണ് വൈകുന്നത്. ഇതുകൂടാതെ, 76 ബോട്ടുസര്‍വീസുകളും റദ്ദാക്കിയിട്ടുണ്ട്. ട്രെയിനുകളടക്കം വൈകിയോടുന്നതിനും മഞ്ഞുവീഴ്ച കാരണമാകുന്നുണ്ട്. സ്‌കൂളുകളും സ്ഥാപനങ്ങളും അനിശ്ചിതകാലത്തേക്ക് അടച്ചിരിക്കുകയാണ്. അതേസമയം, മഞ്ഞുവീഴ്ച ആഘോഷമാക്കുന്നവരും കുറവല്ല. ഫോട്ടോയെടുക്കാനും മഞ്ഞില്‍ കളിക്കാനുമായി നിരവധി പേരാണ് സോളിലേക്ക് എത്തുന്നത്.