കോവിഡ് ചർച്ചകൾ രാഷ്ട്രീയവത്കരിക്കപ്പെട്ടു, വൈറസ് ഉറവിടം പുറത്തുവന്നേക്കില്ല- ചൈനീസ് ശാസ്ത്രജ്ഞൻ
കോവിഡ് വൈറസ് ലോകത്തെയാകെ പിടിച്ചുകുലുക്കാൻ തുടങ്ങിയിട്ട് മൂന്നുവർഷം കഴിഞ്ഞു. ഈ വൈറസ് എവിടെനിന്നു വന്നു എന്ന ചോദ്യത്തിന് ഇന്നും ഉത്തരം കിട്ടിയിട്ടില്ല. അതൊരിക്കലും കിട്ടാനും പോകുന്നില്ല എന്നാണ് ചൈനീസ് ശാസ്ത്രജ്ഞൻ ഡോ. ജോർജ് ഫു ഗാവോ പറയുന്നത്.
കോവിഡ് മഹാമാരിയുടെ ഉറവിടം സംബന്ധിച്ചുള്ള ചർച്ചകൾ വളരെ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ടതാണെന്നും അത് രാഷ്ട്രീയ വത്കരിക്കപ്പെട്ടെന്നും ജോർജ് ഫു ഗാവോ തുറന്നുപറഞ്ഞു.
763 ദശലക്ഷം പേരെ ബാധിച്ച, 6.9 ദശലക്ഷം പേരുടെ ജീവനെടുത്ത കോവിഡിന്റെ ഉറവിടം ഒരിക്കലും പുറത്തുവരാൻ സാധ്യതയില്ലെന്നാണ് ചൈനയുടെ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവെൻഷൻ മുൻ ഡയറക്ടറായ ഡോ. ജോർജ് ഫു ഗാവോ വ്യക്തമാക്കിയത്. ലണ്ടനിൽ നടന്ന റോഡ്സ് പോളിസി സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ.