ബ്രാം സ്റ്റോക്കര്‍ രചിച്ച 'ഗിബ്ബെറ്റ് ഹില്‍' 134 വര്‍ഷത്തിനുശേഷം വായനക്കാരിലേക്ക്
ഡ്രാക്കുളയുടെ സ്രഷ്ടാവായ ബ്രാം സ്റ്റോക്കര്‍ രചിച്ച 'ഗിബ്ബെറ്റ് ഹില്‍' എന്ന പ്രേതകഥ 134 വര്‍ഷത്തിനുശേഷം വായനക്കാരിലേക്ക്. അമാനുഷിക കഥാപാത്രത്തെ നായകനായക്കി സ്റ്റോക്കര്‍ രചിച്ച ചെറുകഥ അയര്‍ലന്‍ഡിലെ നാഷണല്‍ ലൈബ്രറിയുടെ ചരിത്രരേഖകളില്‍ നിന്നാണ് കിട്ടിയത്. ചരിത്രകാരനും സ്റ്റോക്കറുടെ കടുത്ത ആരാധകനുമായ ബ്രയാന്‍ ക്ലിയറിയാണ് ഇത് കണ്ടെത്തിയത്.
1890-ല്‍ ഒരു ഐറിഷ് ദിനപത്രത്തില്‍ ഗിബ്ബെറ്റ് ഹില്‍' പ്രസിദ്ധീകരിച്ചിരുന്നു. എന്നാല്‍ പിന്നീട് ഈ കഥ അച്ചടിയില്‍ വന്നതേയില്ല. സ്റ്റോക്കറുടെ കൃതികളുടെ ശേഖരത്തിലും ഇതിന്റെ പേരില്ലായിരുന്നു.
1891-ലെ പുതുവത്സരത്തില്‍ പുറത്തിറങ്ങിയ ഡബ്ലിന്‍ ഡെയ്‌ലി എക്‌സ്പ്രസിലെ പരസ്യത്തില്‍നിന്നാണ് ഗിബ്ബെറ്റ് ഹില്ലിനെ കുറിച്ച് ക്ലിയറി ആദ്യം മനസ്സിലാക്കിയത്. പിന്നീട് നടത്തിയ തിരച്ചിലില്‍ അതിനു രണ്ടാഴ്ച മുന്‍പത്തെ പത്രത്തില്‍ കഥ അച്ചടിച്ചുവന്നതായി കണ്ടെത്തി.
ഡ്രാക്കുള എഴുതുന്നതിന് ഏഴുവര്‍ഷം മുന്‍പാണ് സ്റ്റോക്കര്‍ 'ഗിബ്ബെറ്റ് ഹില്‍' എഴുതിയതെന്നുകരുതുന്നു. മൂന്ന് കുറ്റവാളികള്‍ ചേര്‍ന്ന് കൊലപ്പെടുത്തി കഴുമരത്തില്‍ കെട്ടിത്തൂക്കിയ നാവികന്റെ കഥയാണ് 'ഗിബ്ബെറ്റ് ഹില്ലിന്റെ പ്രമേയം. ഒക്ടോബര്‍ 25 മുതല്‍ 28 വരെ ഡബ്ലിനില്‍ നടക്കുന്ന ബ്രാം സ്റ്റോക്കര്‍ ഉത്സവത്തില്‍ 'ഗിബ്ബെറ്റ് ഹില്ലിന്റെ ഔദ്യോഗികപ്രകാശനം നടക്കും.