ന്യായമായ നിരക്കിൽ യാത്ര ചെയ്യാം; പുതുവർഷത്തിൽ വരുന്നു ഭാരത് ടാക്സി
തോന്നുംപോലെ ചാർജ് കൂട്ടും, തിരക്കുള്ള സമയങ്ങളിൽ പ്രത്യേകിച്ച്. നഗരങ്ങളിൽ ഏറ്റവും ഉപകാരിയാണെങ്കിലും ഊബറും ഒലയും പോലെയുള്ള ടാക്സി വാഹന സർവീസുകളുടെ പ്രധാന പ്രശ്നമിതായിരിക്കും. എന്നാൽ ഇനി ന്യായമായ നിരക്കിൽ യാത്ര ചെയ്യാം. അതിനായി കേന്ദ്രസർക്കാർ സഹകരണ മേഖലയിൽ ആരംഭിക്കുന്ന സർവീസാണ് ‘ഭാരത് ടാക്സി’. 2026 ജനുവരി 1 മുതൽ ഭാരത് ടാക്സി ലോഞ്ച് ചെയ്യും. ഓട്ടോറിക്ഷ, കാർ, ബൈക്ക് തുടങ്ങി
ആവശ്യമുള്ള വാഹനം ഭാരത് ടാക്‌സി ആപ്പിൽ നിന്നും തെരഞ്ഞെടുക്കാം.
ഭാരത് ടാക്സിയുടെ ബിസിനസ് മോഡലാണ് ഏറ്റവും ഹൈലൈറ്റ്. മൊത്തം വാടകയുടെ 80 ശതമാനം ഡ്രൈവർമാർക്ക് ലഭിക്കും. ഇത് ഡ്രൈവർമാരുടെ വരുമാനം മെച്ചപ്പെടുത്താനും ഉയർന്ന കമ്മീഷനെ ആശ്രയിക്കുന്നത് കുറയ്ക്കാനും സഹായിക്കും. ഡ്രൈവർമാരെ ഓഹരിയുടമകളാകാൻ അനുവദിക്കുന്ന രാജ്യത്തെ ആദ്യത്തെ സഹകരണ ടാക്സി സേവനമാണിത്. അതുപോലെ ഇതിന് സർജ് പ്രൈസിംഗ് ഇല്ല. തിരക്കുള്ള സമയത്തും മഴ പെയ്താലുമൊന്നും ഏകപക്ഷീയമായി നിരക്ക് വർധിപ്പിക്കില്ലെന്ന് ചുരുക്കം. എല്ലാം മുൻകൂട്ടി നിശ്ചയിച്ചായിരിക്കും. ചാർജ് എത്ര നൽകണണെന്ന് യാത്രക്കാർക്ക് നേരത്തെ തന്നെ അറിയാം.
കഴിഞ്ഞില്ല, തത്സമയ ട്രാക്കിംഗും ഭാരത് ടാക്സി ഉറപ്പുനൽകുന്നുണ്ട്. റൈഡർമാർക്ക് അവരുടെ യാത്രാ വിശദാംശങ്ങൾ സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും പങ്കിടാൻ കഴിയും. ഓൺബോർഡിൽ പ്രവേശിക്കുന്നതിന് മുമ്പ് ഡ്രൈവർമാർക്ക് പരിശോധനയും ഉണ്ടായിരിക്കും. റൈഡർമാരിൽ നിന്നും ഡ്രൈവർമാരിൽ നിന്നുമുള്ള പരാതികള് കൈകാര്യം ചെയ്യാനായി 24x7 കസ്റ്റമർ സപ്പോർട്ടുമുണ്ട്.
സഹകർ ടാക്സി കോപ്പറേറ്റീവ് ലിമിറ്റഡാണ് ഇതിന്റെ മേൽനോട്ടം വഹിക്കുന്നത്. ഡൽഹിയിലും ഗുജറാത്തിന്റെ ചില ഭാഗങ്ങളിലും ഭാരത് ടാക്സി ഇതിനോടകം പരീക്ഷണ ഓട്ടം തുടങ്ങിയിട്ടുണ്ട്. ഇവിടങ്ങളിൽ ആൻഡ്രോയിഡിലും ഐഒഎസിലും ഭാരത് ടാക്സി ആപ്പ് ഡൗൺലോഡ് ചെയ്യാം. ഡിജിറ്റൽഡിജിലോക്കർ, ഉമാങ് പോലുള്ള പ്ലാറ്റ്‌ഫോമുകളുമായും ഈ സേവനം സംയോജിപ്പിക്കും. 2026 മാർച്ചോടെ നിരവധി മെട്രോ പ്രദേശങ്ങളിൽ സേവനം വ്യാപിക്കുകയാണ് ലക്ഷ്യം.