'ഇലയിലൊന്നും പൂവും അറിയാതെ വായില്‍വെച്ചെന്ന് സൂര്യ'; അരളിപ്പൂവ് ജീവനെടുക്കാൻ മാത്രം വില്ലനോ?
യു.കെ. യാത്രയ്ക്കിയിറങ്ങിയ സൂര്യാ സുരേന്ദ്രൻ എന്ന പെൺകുട്ടിയുടെ ജീവനെടുത്തത് അരളിപ്പൂവെന്ന റിപ്പോർട്ട് കേട്ട് ചിലരെങ്കിലും ഞെട്ടിയിട്ടുണ്ടാകും. അരളിപ്പൂവില്‍നിന്നുള്ള വിഷം ഹൃദയത്തെ ബാധിച്ചതാകാം മരണത്തനിടയാക്കിയതെന്ന സൂചന പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ടിൽ നിന്നാണ് ലഭിക്കുന്നത്. അരളിച്ചുവട്ടില്‍നിന്ന് ഫോണില്‍ സംസാരിക്കുന്നതിനിടെ ഇലയിലൊന്നും പൂവും അറിയാതെ വായില്‍വെച്ചെന്നും പെട്ടെന്നു തുപ്പിയെങ്കിലും അല്പം വിഴുങ്ങിപ്പോയി എന്നും ചികിത്സയിലിരിക്കേ അച്ഛന്‍ സുരേന്ദ്രനോടും ഡോക്ടര്‍മാരോടും സൂര്യ പറഞ്ഞിരുന്നു.
വഴിയോരങ്ങളിലും വീട്ടുവളപ്പിലും ക്ഷേത്രപരിസരങ്ങളിലുമെല്ലാം സുലഭമായി കാണുന്ന അരളിപ്പൂവ് ഒരു ജീവനെടുക്കാൻ മാത്രം വില്ലനാണോ? ആണെന്നതാണ് യാഥാർഥ്യം. അരളിയുടെ ഒരിലപോലും മരണത്തിന് കാരണമായോക്കാം. അരളിയുടെ ഇലയിലും പൂവിലും കായയിലും വേരിലുമെല്ലാം വിഷാംശമുണ്ട്. പൂക്കളെക്കാള്‍ മറ്റുഭാഗങ്ങളിലാണ് വിഷാംശമേറുകയെന്നാണ് വനഗവേഷണകേന്ദ്രത്തിലെ മുതിര്‍ന്ന ശാസ്ത്രജ്ഞനായ ഡോ. പി. സുജനപാല്‍ പറയുന്നത്. ഇവ ശരീരത്തിലെത്തിയാല്‍ ആരോഗ്യത്തിന് ഹാനികരമാണ്.