ഇന്ത്യയില്‍ ഒന്നാമന്‍ വിവോ, ഷഓമിയെ പിന്തള്ളി ആപ്പിള്‍ ആദ്യ അഞ്ചില്‍

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കുന്ന സ്മാര്‍ട്ട്‌ഫോണ്‍ ഏതാണ്? പട്ടികയിലെ ഒന്നാമന് ഇത്തവണയും മാറ്റമൊന്നുമില്ല. ചൈനീസ് ബ്രാന്‍ഡായ വിവോ തന്നെ. രണ്ടാമന്‍ സാംസങ്. ഓപ്പോ, റിയല്‍മി എന്നിവയാണ് മൂന്നും നാലും സ്ഥാനങ്ങളില്‍. അതേസമയം ഷഓമിയെ പിന്തള്ളി ആപ്പിള്‍ ആദ്യ അഞ്ചില്‍ ഇടംപിടിച്ചു.
2025 ആദ്യപാദത്തിലെ കണക്കുകള്‍ പുറത്തുവന്നപ്പോഴാണ് ആപ്പിളിന്റെ മുന്നേറ്റം. 9.5 ശതമാനം വിപണി വിഹിതം ആപ്പിളിനുണ്ട്. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 7.3 ശതമാനമായിരുന്നു. ആപ്പിള്‍ ഉത്പന്നങ്ങളോട് ഇന്ത്യയിലെ ഉപഭോക്താക്കള്‍ക്ക് പ്രിയമേറുന്നതും ഫിനാന്‍സ് സ്‌കീമുകളുമാണ് ഐഫോണിന്റെ വില്‍പ്പന ഉയരാന്‍ സഹായിച്ചതെന്നാണ് ഗവേഷണ സ്ഥാപനമായ ഐഡിസി വ്യക്തമാക്കുന്നത്.
ആപ്പിളിന്റെ മുന്നേറ്റത്തില്‍ ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട ഷഓമിയുടെ വിപണിവിഹിതം 7.8 ശതമാനമായി കുറഞ്ഞു. നേരത്തെ ഇത് 12.8 ശതമാനമായിരുന്നു. കഴിഞ്ഞ രണ്ടു വര്‍ഷമായി ഷഓമി ഇന്ത്യന്‍ വിപണിയില്‍ പ്രതിസന്ധികള്‍ നേരിടുകയാണ്.
അതേസമയം ഒന്നാം സ്ഥാനത്തുള്ള വിവോയ്ക്ക് 19.7 ശതമാനമാണ് വിപണിവിഹിതം. മുന്‍ വര്‍ഷം ആദ്യപാദത്തില്‍ ഇത് 16.2 ശതമാനമായിരുന്നു. രണ്ടാം സ്ഥാനത്തുള്ള സാംസങ്ങിന്റെ വിപണിവിഹിതം 15.6 ശതമാനത്തില്‍നിന്ന് 16.4 ശതമാനമായി മെച്ചപ്പെട്ടു. ഓപ്പോയ്ക്ക് 12 ശതമാനം, റിയല്‍മിക്ക് 10.6 ശതമാനം എന്നിങ്ങനെയാണ് മറ്റ് മുന്‍നിരകമ്പനികളുടെ വിപണിവിഹിതം.