Video | കട്ടപ്പുറത്തായ F-35 യുദ്ധവിമാനം, 5 സ്റ്റാര്‍ റേറ്റിങ്ങില്‍ പരസ്യം ഹിറ്റാക്കി ടൂറിസം വകുപ്പ്

.
.

ബ്രിട്ടീഷ് യുദ്ധവിമാനമായ എഫ് 35 ബി, തിരുവനന്തപുരം വിമാനത്താവളത്തില്‍ കട്ടപ്പുറത്ത് കിടക്കാന്‍ തുടങ്ങിയിട്ട് രണ്ടാഴ്ചയിലേറെയായി. പഠിച്ച പണിയൊക്കെ നോക്കിയിട്ടും യുദ്ധമുഖത്തെ ബ്രിട്ടീഷ് വമ്പന് ഇതുവരെ ജീവന്‍വെച്ചിട്ടില്ല. ഈ സാഹചര്യം ശരിക്കുമങ്ങ് മുതലെടുത്തിരിക്കുകയാണ് കേരളം ടൂറിസം വകുപ്പ്. കട്ടപ്പുറത്തായ യുദ്ധവിമാനത്തേയും വെച്ച് സോഷ്യല്‍ മീഡിയ പേജിലൂടെ അസ്സലൊരു പരസ്യം. 

'കേരളം അതിമനോഹരമായ സ്ഥലമാണ്. എനിക്കിവിടം വിട്ടുപോകാന്‍ തോന്നുന്നില്ല'  തിരുവനന്തപുരത്ത് തങ്ങിയ അനുഭവപരിചയംവെച്ച് ബ്രിട്ടീഷ് യുദ്ധവിമാനം ഒരു ഗൂഗിള്‍ റിവ്യൂ നല്‍കുന്നത് പോലെയാണ് രസകരമായ പരസ്യം. കേരളത്തിലെ ടൂറിസത്തിന് 5 സ്റ്റാര്‍ റേറ്റിങ് ഇടാനും എഫ് 35 മറന്നിട്ടില്ല. 

പരസ്യം വലിയ ഹിറ്റായതോടെ, കേരള ടൂറിസം വകുപ്പിന്റെ മാര്‍ക്കറ്റിങ് സ്ട്രാറ്റജി കൊള്ളാമെന്നാണ് പലരുടേയും അഭിപ്രായം. കുമ്പളങ്ങി നൈറ്റ്‌സിലെ 'മുതലെടുക്കുവാണല്ലേ സജി' എന്ന കമന്റുകളും പോസ്റ്റിന് താഴെ കാണാം. അവിടേയും തീര്‍ന്നില്ല. ചിരിപടര്‍ത്തുന്ന ഒരു ഡസനിലേറെ കമന്റുകള്‍ വേറേയുമുണ്ട്. 

  • മോഡിഫിക്കേഷന്‍ വരുത്തിയെന്ന കുറ്റത്തിന് യുദ്ധവിമാനത്തെ എംവിഡി കസ്റ്റഡിയിലെടുത്തിരിക്കുകയാണ്. മിക്കവാറും പൈലറ്റിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും
  • ഭാഗ്യം മുണ്ട് ഉടുപ്പിച്ചല്ലല്ലോ 
  • വിമാനം കൊടുത്തേക്കുന്നോ... ഒറ്റ വില
  • കൊണ്ടുപോകാന്‍ പറ്റുന്നില്ലെങ്കിലെ, ഇതിനെ ഇവിടെ തന്നെ ഒരു കുഴി കുഴിച്ച് സംസ്‌കരിച്ചേക്ക്... അസ്ഥി നമുക്ക്‌
    ഭാരതപ്പുഴയില്‍ ഒഴുക്കിയേക്കാം...
  • വേറെ ഏത്‌ സംസ്ഥാനത്തിനുണ്ടെടാ ഇതുപോലെ സ്വന്തമായൊരു ബ്രിട്ടീഷ് യുദ്ധവിമാനം

ഇന്ധനം തീര്‍ന്നതിനെ തുടര്‍ന്ന് കഴിഞ്ഞ ജൂണ്‍ 14-നായിരുന്നു എഫ് 35 യുദ്ധവിമാനം തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ് നടത്തിയത്. ലാന്‍ഡിങ്ങിന് ശേഷം നടത്തിയ പരിശോധനയില്‍ ഹൈഡ്രോളിക് സംവിധാനത്തില്‍ തകരാര്‍ കണ്ടെത്തിയതോടെയാണ് വിമാനത്തിന്റെ മടക്കം നീണ്ടുപോയത്. ഏതായാലും ബ്രിട്ടണിനില്‍നിന്നുള്ള വിദഗ്ധ സംഘമെത്തി ഉടന്‍ തന്നെ പ്രശ്‌നങ്ങള്‍ പരിഹരിച്ച് യുദ്ധവിമാനം തിരിച്ചുകൊണ്ടുപോയേക്കും. 

Content Highlights: A stranded British F35 fighter jet in Trivandrum becomes a hilarious Kerala tourism ad