ചൈനയുമായി ബന്ധം മെച്ചപ്പെടുന്നു; ടിക് ടോക് ഇന്ത്യയിലേക്ക് തിരിച്ചുവരുമോ? എങ്ങനെ വെബ്സൈറ്റ് ലഭ്യമായി?

ടിക് ടോക് ഇന്ത്യയിലേക്ക് തിരിച്ചുവരുമോ? ടിക്‌ടോക്കിന്റെ വെബ്‌സൈറ്റ് ഇന്ത്യയില്‍ ലഭിച്ചുതുടങ്ങിയതുമുതൽ ഇതാണ് പലരും ചോദിക്കുന്നത്. ഒടുക്കം ആപ്പിന്റെ നിരോധനം റദ്ദാക്കുന്ന ഉത്തരവ് പുറപ്പെടുവിച്ചിട്ടില്ലെന്ന് കേന്ദ്രസർക്കാർ തന്നെ വ്യക്തമാക്കി. വാര്‍ത്തകളെല്ലാം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും കേന്ദ്രം പറഞ്ഞു. എന്തുകൊണ്ടാണ് അഞ്ചുവർഷം മുൻപ് നിരോധിച്ച ടിക് ടോക് വീണ്ടും ഇന്ത്യയിലെത്തുന്നുവെന്ന തരത്തിൽ വാർത്തകൾ ചർച്ചയായത്? സത്യത്തിൽ ടിക് ടോക് ഇന്ത്യയിലെത്താൻ സാധ്യതയുണ്ടോ?

2020 ജൂൺ 29-നാണ് ടിക് ടോക്ക് ഉള്‍പ്പടെ 59 ചൈനീസ് ആപ്ലിക്കേഷനുകളെ കേന്ദ്രസർക്കാർ നിരോധിക്കുന്നത്. രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും പ്രതിരോധ സംവിധാനത്തിനും സുരക്ഷയ്ക്കും ക്രമസമാധാനത്തിനും വെല്ലുവിളി ഉയര്‍ത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി ആപ്പുകള്‍ നിരോധിക്കുന്നുവെന്നായിരുന്നു ഇതുസംബന്ധിച്ച കേന്ദ്രസര്‍ക്കാര്‍ പ്രസ്താവന.  ടിക് ടോക്ക് ഉൾപ്പെടെയുള്ള ആപ്പുകൾ ഉപയോക്താക്കളുടെ ഡാറ്റ ശേഖരിക്കുകയും അനുമതിയില്ലാതെ ഇന്ത്യയ്ക്ക് പുറത്തേക്ക് കൈമാറ്റം ചെയ്യുന്നുണ്ടെന്നും സുരക്ഷാ ഏജൻസികൾ മുന്നറിയിപ്പ് നൽകിയിരുന്നു. ഇത് ഡാറ്റ പ്രൈവസിയെയും ചാരവൃത്തിയെയും കുറിച്ച് ആശങ്കകളുണ്ടാക്കി. ലഡാക്കില്‍ ചൈനയുമായുള്ള സംഘര്‍ഷം രൂക്ഷമായതും ചൈനീസ് ആപ്ലിക്കേഷനുകള്‍ നിരോധിക്കുന്നതിലേക്ക് നയിച്ചിട്ടുണ്ട്. ഗാൽവാൻ താഴ്‌വര മേഖലയിൽ ചൈനീസ് സൈനികരുമായി അക്രമാസക്തമായ ഏറ്റുമുട്ടലുകൾ അന്ന് നടക്കുന്നുണ്ടായിരുന്നു. അതുകൊണ്ട് തന്നെ സൈനികേതര മാർഗങ്ങളിലൂടെ ദേശീയ പ്രതിരോധത്തെ ശക്തിപ്പെടുത്താനുള്ള ഡിജിറ്റൽ പ്രത്യാക്രമണമായാണ് ആപ്പുകൾ നിരോധിച്ച നീക്കത്തെ വിദഗ്ധർ വിശേഷിപ്പിച്ചത്.

ആ കാലത്ത് ടിക് ടോക്കിന്റെ ഏറ്റവും വലിയ അന്താരാഷ്ട്ര വിപണിയായിരുന്നു ഇന്ത്യ. നിരോധനത്തിന് മുമ്പ് 150 മുതൽ 200 ദശലക്ഷം വരെ ഉപയോക്താക്കളും രാജ്യത്തുണ്ടായിരുന്നു. കോവിഡ് കാലത്ത് പലരുടെയും വിനോദവും ആശ്വാസവുമെല്ലാം ഈ ആപ്പായിരുന്നു. പെട്ടെന്നുള്ള നിരോധനത്തിൽ പതറിപോയ ടിക് ടോക് യൂസേഴ്സ് പിന്നാലെ ഇൻസ്റ്റാഗ്രാമിലേക്കും യൂട്യൂബിലേക്കും ചേക്കേറി. ടിക് ടോക്കിന് പകരക്കാരനായി മോജ്, ചിൻഗാരി തുടങ്ങിയ പ്രാദേശിക ബദലുകൾ ഉണ്ടായെങ്കിലും അവയ്ക്കൊന്നും ഇൻസ്റ്റാഗ്രാം റീൽസിനും യൂട്യൂബ് ഷോർട്ട്സിനും മുന്നിൽ പിടിച്ചുനിൽക്കാനായില്ല.

അങ്ങനെ റീൽസും ഷോര്ട്സും വാഴുന്നിടത്തേക്കാണ് പെട്ടെന്ന് ടിക് ടോക് തിരിച്ചെത്തുന്നുവെന്ന വാർത്തകൾ പ്രചരിക്കുന്നത്. ടിക്‌ടോക്കിന്റെ വെബ്‌സൈറ്റാണ് ഇന്ത്യയില്‍ ലഭിച്ചുതുടങ്ങിയത്. എന്നാൽ ടിക്‌ടോക്കിന് ഏർപ്പെടുത്തിയ നിരോധനം ഒഴിവാക്കിയെന്ന് പറയാനാകില്ല. ഉപയോക്താക്കൾക്ക് വെബ്‌സൈറ്റിൽ ലോഗിൻ ചെയ്യാനോ വീഡിയോകൾ കാണാനോ അപ്‌ലോഡ് ചെയ്യാനോ കഴിഞ്ഞിട്ടില്ല. ടിക്‌ടോക്കിന്റെ മൊബൈല്‍ ആപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോറിലും ആപ്പിള്‍ ആപ്പ് സ്റ്റോറിലും തിരികെയെത്തിയിട്ടുമില്ല. മടങ്ങിവരവ് സംബന്ധിച്ച ഔദ്യോഗികമായ ഒരു സ്ഥിരീകരണം ടിക്‌ടോക്കോ മാതൃകമ്പനിയായ ബൈറ്റ്ഡാന്‍സോ നൽകിയിട്ടില്ല. ഒടുക്കം ടിക് ടോക്ക്, ഓണ്‍ലൈന്‍ ഷോപ്പിങ് പ്ലാറ്റ്‌ഫോമായ എയര്‍എക്‌സ്പ്രസ്, ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ഷെയ്ന്‍ എന്നിവയെല്ലാം തിരിച്ചുവരുന്നുവെന്ന വാര്‍ത്തകൾ നിരോധിച്ച് കേന്ദ്രം തന്നെ രംഗത്തെത്തി. ഔദ്യോഗിക നയമാറ്റത്തിന്റെ ഫലമല്ല, മറിച്ച് ഒരു സാങ്കേതിക അപാകതയെ തുടർന്നാണ് വെബ്സൈറ്റ് ലഭ്യമായതെന്നാണ് നിലവിലെ വിലയിരുത്തൽ.

ടിക്‌ടോക്കിന്റെ വെബ്‌സൈറ്റ് ലഭ്യമായത് മാത്രമല്ല ഈ പ്രചാരണത്തിന് ആക്കം കൂട്ടിയത്. ഇന്ത്യയും ചൈനയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ഊഷ്മളമാകുന്ന സാഹചര്യം കൂടിയാണിതെന്ന് ഓർക്കണം. യുഎസിന്റെ അമിത തീരുവ നയത്തിനെ തുടർന്ന് ഇന്ത്യയും ചൈനയും വീണ്ടും അടുക്കാൻ തുടങ്ങി. കഴിഞ്ഞയാഴ്ച ചൈനീസ് വിദേശ കാര്യമന്ത്രി ഇന്ത്യ സന്ദർശിച്ചു. അതിർത്തിയിൽ സമാധാനം നിലനിർത്താനും നിക്ഷേപം പ്രോത്സാഹിപ്പിക്കാനുമെല്ലാം ഇരുരാജ്യങ്ങളും തമ്മിൽ ധാരണയായി. ലിപുലേഖ്, ഷിപ്കി ലാ, നാഥുല തുടങ്ങിയ ഇന്ത്യാ- ചൈനാ അതിർത്തികൾ വഴിയുള്ള വ്യാപാരം പുനരാരംഭിച്ചു. വിനോദസഞ്ചാരികൾക്കും, ബിസിനസുകാർക്കും, മാധ്യമങ്ങൾക്കും നേരിട്ടുള്ള വിമാന കണക്ഷനുകൾ പുനഃസ്ഥാപിക്കുന്നതിനും വിസ പ്രവേശനം സുഗമമാക്കുന്നതിനുമുള്ള പദ്ധതികൾ പുരോഗമിക്കുകയാണ്. ടിയാൻജിനിൽ നടക്കുന്ന ഷാങ്ഹായ് സഹകരണ സംഘടന ഉച്ചകോടിയിൽ പങ്കെടുക്കാനായി പ്രധാനമന്ത്രി മോദി ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 1 വരെ ചൈനയിലേക്ക് പോകും. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെ ക്ഷണപ്രകാരമാണ് മോദി ചൈനയിലേക്ക് പോകുന്നത്. മറ്റ് നേതാക്കളുമായും അദ്ദേഹം അവിടെ ഉഭയകക്ഷി കൂടിക്കാഴ്ചകൾ നടത്തും. എന്തായാലും ചൈനയുമായുള്ള ഇന്ത്യയുടെ ബന്ധം മെച്ചപ്പെടുമ്പോൾ ടിക് ടോകിന്റെ കാര്യത്തിലും എന്തെങ്കിലും മാറ്റം വരുമോയെന്ന് കാത്തിരുന്ന് കാണണം. 

Content Highlights: Will TikTok Return to India? Examining the Rumors and Realities