പലവട്ടം സ്‌ഫോടനമുണ്ടായെന്ന് പ്രദേശവാസികള്‍, യുദ്ധസമാനം ചൂരക്കാട്

'ഞങ്ങള്‍ വാരപ്പുഴ പള്ളിയില്‍ പോയിരിക്കുകയായിരുന്നു. കുര്‍ബാന കഴിഞ്ഞിറങ്ങിയപ്പോഴാണ് സ്‌ഫോടനം നടന്ന വിവരം അറിയുന്നത്. ഇവിടെയെത്തി നോക്കുമ്പോള്‍ വീടാകെ തകര്‍ന്നിരിക്കുകയാണ്. പള്ളിയില്‍ പോയിരുന്നതുകൊണ്ട് രക്ഷപ്പെട്ടു.' ചൂരക്കാട്ടെ വീടിനുസമീപമുള്ള കടത്തിണ്ണയിലിരുന്ന് സംസാരിക്കുമ്പോള്‍ ബീനയുടെ തൊണ്ടയിടറി. പതിറ്റാണ്ടിലേറെയായി താമസിച്ചിരുന്ന വീടാണ് പള്ളിയില്‍ പോയി തിരികെ വരുന്ന ഇടവേളയില്‍ വാസയോഗ്യമല്ലാതായി മാറിയിരിക്കുന്നത്.

ബീനയുടെ മാത്രമല്ല, തൃപ്പൂണിത്തുറ പുതിയകാവ് ചൂരക്കാട്ടെ മിക്കവാറും വീടുകളിലെ അവസ്ഥ ഇതിനു സമാനമാണ്. രണ്ടര കിലോമീറ്ററോളം അകലെ വരെ പ്രഭാവമുണ്ടാക്കിയ സ്‌ഫോടനത്തിന്റെ ശക്തിയില്‍ നിരവധി വീടുകളാണ് തകര്‍ന്നത്. യുദ്ധസമാനമാണ് ഇവിടുത്തെ അവസ്ഥ. സ്‌ഫോടനമുണ്ടായ സ്ഥലത്തിന് സമീപമുള്ള വീട്ടുകാരെയെല്ലാം പോലീസ് ഒഴിപ്പിച്ചു. വീടുകളില്‍ പരിശോധന നടത്തിയ ശേഷമേ ഇനി താമസിക്കാനാകൂ.

Content Highlights: thrippunithura blast