പിന്നണിയിൽ നിന്നുള്ള ഭരണം, പിതാവ് നിർദേശിക്കാത്ത പിൻഗാമി; മൊജ്താബ ഇറാന്റെ പരമോന്നത നേതാവാകുമ്പോൾ

മൊജ്താബ ഹുസൈനി ഖമനേയി. ഇറാന്റെ പുതിയ പരമോന്നത നേതാവ്. യുഎസ്-ഇസ്രയേൽ സംയുക്താക്രമണത്തിൽ കൊല്ലപ്പെട്ട ആയത്തുള്ള അലി ഖമനേയിക്ക് പകരം ആരെന്ന ചോദ്യത്തിന് അദ്ദേഹത്തിന്റെ മകൻ തന്നെ എന്നാണ് ഉത്തരം. പിതാവ് നൽകിയ പിൻഗാമികളുടെ സാധ്യതാ പട്ടികയിൽ ഉൾപ്പെടാതിരുന്ന പേര്. ഉയർന്ന റാങ്കിലുള്ള പുരോഹിതനല്ല, ഒരു ഔദ്യോഗിക സ്ഥാനവും വഹിച്ചിട്ടില്ല, ഭരണത്തിൽ ഔദ്യോഗിക പങ്കില്ല... പക്ഷേ ഇറാനിലെ രാഷ്ട്രീയത്തിലും സുരക്ഷാ സംവിധാനങ്ങളിലും വലിയ സ്വാധീനമുള്ള വ്യക്തി. മതരാഷ്ട്രമായ ഇറാനിൽ പ്രസിഡന്റിനും മുകളിൽ സ്ഥാനമുള്ള പരമോന്നത നേതാവായി മൊജ്താബ എത്തുന്നത് രാജ്യം കലുഷിതമായിരിക്കുന്ന സമയത്താണ്. അതുകൊണ്ട് തന്നെ വെല്ലുവിളികളും ഏറെയാണ്.

ഇറാനെ സംബന്ധിച്ച എല്ലാ കാര്യങ്ങളിലും അവസാന വാക്ക് പരമോന്നത നേതാവിന്റേതാണ്. രാജ്യത്തിന്റെ പൊതുനയങ്ങളും ആഭ്യന്തര-വിദേശ നയങ്ങളുമെല്ലാം തീരുമാനിക്കുന്നത് അദ്ദേഹമാണ്. കമാൻഡർ ഇൻ ചീഫായ പരമോന്നത നേതാവ് തന്നെയാണ് രാജ്യത്തിന്റെ രഹസ്യാന്വേഷണ, സുരക്ഷാ പ്രവർത്തനങ്ങളെയും നിയന്ത്രിക്കുക. ജുഡീഷ്യൽ സംവിധാനം, രഹസ്യാന്വേഷണം, ഔദ്യോഗിക വാർത്താ മാധ്യമങ്ങൾ എന്നിവയെല്ലാം പരമോന്നത നേതാവിന് കീഴിലാണ്.

1979ലെ വിപ്ലവത്തിനു ശേഷം ഇറാനിലെ ആദ്യ പരമോന്നത നേതാവായി എത്തുന്നത് ആയത്തുല്ല റൂഹുള്ള ഖമേനിയായിരുന്നു. പിന്നീടാണ് ഇപ്പോൾ അന്തരിച്ച ആയത്തുല്ല അലി ഖമേനി അധികാരത്തിലേറുന്നത്. അദ്ദേഹത്തിന് ശേഷം പിന്മഗാമികളായി പല പേരുകളെയും ഖമീനി നിർദേശിച്ചിരുന്നുവെങ്കിലും തന്റെ പരമ്പരയിൽനിന്നൊരാൾ ഇനി വേണ്ട എന്ന തീരുമാനത്തില്‌ മകൻ മൊജ്താബയെ ഒഴിവാക്കി. എന്നാൽ ഖമിനേയിയുടെ മരണത്തിന് ശേഷം മൊജ്താബയുടെ പേര് വീണ്ടും ഉയർന്നു.

ഭരണഘടനാപരമായി, പരമോന്നത നേതാവ് ഉയർന്ന മതപരമായ നിലവാരം പുലർത്തണമെന്നാണ്. എന്നാൽ മൊജ്താബ, ആയത്തൊള്ള റാങ്ക് നേടിയിട്ടില്ല, അദ്ദേഹത്തിന് മതപരമായ യോഗ്യതകളുണ്ടോ എന്നായിരുന്നു ആദ്യ വിമർശനം. അതുപോലെ ഇറാനിലെ ഷിയാ മുസ്ലിം പുരോഹിത വർഗത്തിൽ പിതാവും പുത്രനും തമ്മിലുള്ള പിന്തുടർച്ച പിന്തുണച്ചിരുന്നില്ല. മൊജ്‌താബയെ തിരഞ്ഞെടുക്കുന്നത് ഷിയാ തത്ത്വങ്ങൾക്ക് എതിരാണെന്നും വിമർശനമുയർന്നു. മുൻ പരമോന്നത നേതാവിന്റെ മകനെ ഉയർത്തുന്നത് രാജവാഴ്ചയ്ക്ക് വിരുദ്ധമായി സ്ഥാപിതമായ ഒരു റിപ്പബ്ലിക്കിൽ ഒരു രാജവംശ കീഴ്വഴക്കം സൃഷ്ടിക്കുമെന്നായിരുന്നു മറ്റൊരു വിമര‍്‍ശനം.

എന്നാൽ ഇറാനിയൻ റെവല്യൂഷണറി ഗാർഡ് കോറുമായി നല്ല ബന്ധമുണ്ടായിരുന്ന മൊജ്താബയെ അവർ പിന്തുണച്ചതോടെ വിമർശനങ്ങളിൽ കാര്യമുണ്ടായില്ല. ഇറാനിലെ രാഷ്ട്രീയ-സാമ്പത്തിക, സുരക്ഷാ നയത്തിലെ നിർണായക ശക്തിയായ ഐആർജിസിയുടെ വാക്ക് രാജ്യത്ത് അങ്ങനെ നിഷേധിക്കാൻ കഴിയുമായിരുന്നില്ല.

1969-ൽ മഷ്ഹദിലാണ് ഖമനേയിനിയുടെ രണ്ടാമത്തെ മകനായ മൊജ്താബ ഹുസൈനി ഖമനേയിയുടെ ജനനം. 1979-ലെ ഇസ്ലാമിക വിപ്ലവത്തിനും ആയത്തുള്ള അലി ഖമനേയി അധികാരത്തിലേറുന്നതിനുമെല്ലാം സാക്ഷിയായ ബാല്യം. ടെഹ്‌റാനിലേക്ക് മാറിയ ശേഷം പേരുകേട്ട അലവി ഹൈസ്കൂളിൽ പഠനം. തുടർന്ന് ക്വോമിൽ യാഥാസ്ഥിതിക പുരോഹിതരുടെ കീഴിൽ മതപഠനം തുടർന്നു. ഒരിക്കലും ഔദ്യോഗിക സർക്കാർ സ്ഥാനം വഹിച്ചിട്ടില്ലെങ്കിലും, മൊജ്‌താബയെ ദീർഘകാലമായി പരമോന്നത നേതാവിന്റെ ഓഫീസിലെ ഒരു ഗേറ്റ്കീപ്പറായാണ് വിശേഷിപ്പിക്കുന്നത്. ഇറാൻ-ഇറാഖ് യുദ്ധകാലത്ത് അദ്ദേഹം ഇറാനിയൻ സായുധസേനയിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. പൊതു പ്രസംഗങ്ങളിലോ ഔപചാരിക പോസ്റ്റുകളിലോ വളരെ അപൂർവമായി മാത്രമേ പ്രത്യക്ഷപ്പെടാറുള്ളൂവെങ്കിലും, രാഷ്ട്രീയ നിയമനങ്ങൾ, തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ, തന്ത്രപരമായ തീരുമാനമെടുക്കൽ തുടങ്ങിയവയിലെല്ലാം തിരശ്ശീലയ്ക്ക് പിന്നിൽ മൊജ്താബ കാര്യമായ സ്വാധീനം ചെലുത്താറുണ്ട്.

മൊജ്‌താബയ്ക്ക് ഇറാനിലെ ഭരണകൂടത്തിൽ അനൗദ്യോഗികമായെങ്കിലും വലിയ രാഷ്ട്രീയ-സുരക്ഷാ സ്വാധീനം ഉണ്ടെന്നും, ഭരണകൂടത്തിന്റെ അടിച്ചമർത്തൽ നയങ്ങളെ പിന്തുണച്ചുവെന്നും ആരോപിച്ച് 2019-ൽ യുഎസ് ട്രഷറി വകുപ്പ് അദ്ദേഹത്തിന് ഉപരോധം ഏർപ്പെടുത്തിയിരുന്നു. 2009-ലെ ഗ്രീൻ മൂവ്മെന്റ് പ്രതിഷേധങ്ങൾ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപിനെ ഉപയോഗിച്ച് അടിച്ചമർത്തി എന്നായിരുന്നു ആരോപണം. ഇതിന്റെ ഫലമായി യുഎസിലെ അദ്ദേഹത്തിന്റെ സമ്പത്ത് മരവിപ്പിക്കുകയും ആഗോള സാമ്പത്തിക ഇടപാടുകളും പരിമിതപ്പെടുത്തുകയും ചെയ്തിരുന്നു. എന്നിട്ടും വലിയൊരു കോടിക്കണക്കിന് ഡോളർ മൂല്യമുള്ള ഒരു റിയൽ എസ്റ്റേറ്റ് സാമ്രാജ്യം കെട്ടിപ്പടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞുവെന്നാണ് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നത്. അദ്ദേഹത്തിന്റെ യഥാർഥ ആസ്തി ഇപ്പോഴും അജ്ഞാതമാണ്. സ്വിസ് ബാങ്ക് അക്കൗണ്ടുകളും138 ദശലക്ഷം ഡോളറിലധികം വിലമതിക്കുന്ന ഒരു ബ്രിട്ടീഷ് ആഡംബര പ്രോപ്പർട്ടിയും ഉൾപ്പെടുന്നു എന്നു മാത്രമാണ് ലഭ്യമായ വിവരം.

ഇറാനിയൻ യാഥാസ്ഥിതിക രാഷ്ട്രീയക്കാരനും പാർലമെന്റിന്റെ മുൻ ചെയർമാനുമായ ഘോലാം-അലി ഹദ്ദാദ്-അദെലിന്റെ മകൾ സഹ്‌റ ഹദ്ദാദ്-അദെലാണ് മൊജ്‌താബയുടെ ഭാര്യ. 2004-ലായിരുന്നു വിവാഹം. ഇപ്പോൾ നടന്ന ആക്രമണത്തിൽ സഹ്‌റ കൊല്ലപ്പെട്ടതായി പറയപ്പെടുന്നു. ഇവർക്ക് മൂന്ന് കുട്ടികളുണ്ട്.

എന്തായാലും പരമോന്നത നേതാവ് എന്ന പദവിയിൽ മൊജ്‌താബയുടെ നിലനിൽപ്പ് ഒട്ടും എളുപ്പമായിരിക്കില്ല. ആയത്തുല്ല അലി ഖമേനിക്ക് പകരം ആരെ പുതിയ പരമോന്നത നേതാവായി തീരുമാനിച്ചാലും അയാളെയും വകവരുത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ഇസ്രയേൽ. രാജ്യം സംരക്ഷിക്കുന്നതിനോടൊപ്പം സ്വയം സുരക്ഷയും മൊജ്‌താബ ഉറപ്പാക്കേണ്ടിവരും. നേരത്തേ യുഎസിന്റെ കണ്ണിലെ കരടായ മൊജ്‌താബ അധികാരത്തിലേറുന്നത് ട്രംപിനും ഇസ്രയേലിനും ഒട്ടും താത്പര്യമുണ്ടാവില്ല... എങ്ങനെയാവും യുഎസ് - ഇസ്രയേൽ ആക്രമണത്തെ ചെറുക്കുകയെന്ന് കണ്ട് തന്നെ അറിയണം. തന്റെ പിതാവിന്റെ അതേ പാതയിൽ ഭരിക്കുമോ അതോ വ്യത്യസ്തമായ സമീപനം മൊജ്താബ കൊണ്ടുവരുമോ എന്നത് വരും വർഷങ്ങളിൽ ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ ഭാവി നിർണയിക്കും.

Content Highlights: Mojtaba Khamenei has succeeded his father as Iran's new Supreme Leader., His appointment is controversial due to a lack of high religious rank and concerns over dynastic succession