വിടരുന്ന മൊട്ടായി വെള്ളിത്തിരയിലേക്ക്, ക്വീന്‍ മേരി ആയി മടക്കം| ഓര്‍മയില്‍ കല്‍പ്പന

ജനുവരി 25- മലയാളത്തിന്റെ അതുല്യ നടി കല്‍പ്പന വിടപറഞ്ഞിട്ട് ഒന്‍പത് വര്‍ഷങ്ങള്‍. കരിയറിലെ സിംഹഭാഗവും ഹാസ്യത്തിനായി നീക്കിവെച്ച നടി.
വിടരുന്ന മൊട്ടുകള്‍ എന്ന ചിത്രത്തിലൂടെ ബാലതാരമായി അരങ്ങേറി, അരവിന്ദന്റെ പോക്കുവെയിലില്‍  നായികയായി എത്തി പിന്നീട് സഹനടിയിലേക്ക് മാറ്റിനിര്‍ത്തപ്പെട്ട കല്‍പ്പന. എന്നാല്‍ കിട്ടിയതൊക്കെ ബോണസാണെന്ന് വിശ്വസിച്ച് അടുത്ത് നില്‍ക്കുന്ന സൂപ്പര്‍സ്റ്റാറുകളെ പോലും നിലംപരിശാക്കുന്ന ഉശിരന്‍ പ്രകടനങ്ങള്‍ കാഴ്ചവെച്ചു. ഹാസ്യത്തില്‍ നിന്ന് ട്രാക്ക് മാറി ചെയ്ത ചിത്രങ്ങളും അവര്‍ അനശ്വരമാക്കി

1965 ഒക്ടോബര്‍ അഞ്ചിന് പ്രസിദ്ധ നാടകപ്രവര്‍ത്തകരായ ചവറ വിപി നായരുടേയും വിജയലക്ഷ്മിയുടേയും രണ്ടാമത്തെ മകളായി ജനനം. കല്‍പ്പന രഞ്ജനിയെന്ന പേര് സിനിമയിലെത്തിയതോടെ കല്‍പ്പനയായി. പോക്കുവെയിലിനുശേഷം ഭാഗ്യരാജിന്റെ ചിന്നവീട് ഉള്‍പ്പെടെ ഒരുപിടി തമിഴ് ചിത്രങ്ങളില്‍ നായികാ വേഷം. തമിഴില്‍ ചെയ്ത വേഷങ്ങളെല്ലാം ശ്രദ്ധനേടി

കെ.ജി. ജോര്‍ജ്ജിന്റെ 'പഞ്ചവടിപ്പാല'ത്തിലെ അനാര്‍ക്കലി എന്ന കഥാപാത്രത്തിലൂടെയാണ് കല്‍പ്പന ഹാസ്യമാണ് തന്റെ തട്ടകമെന്ന് തിരിച്ചറിയുന്നത്. 'പെരുവണ്ണാപുരത്തെ വിശേഷങ്ങളി'ലെ മോഹിനിയായി വന്നതോടെ മലയാളസിനിമയിലെ ഹാസ്യതാരപട്ടികയില്‍ കല്‍പ്പനയെന്ന പേരും എഴുതിച്ചേര്‍ക്കപ്പെട്ടു. പെരുവണ്ണാപുരത്തെ നിഷകളങ്കയായ മോഹിനിയെ അവതരിപ്പിച്ചപ്പോള്‍ അതിനൊരു കോമഡി ട്രാക്കുണ്ടായിരുന്നെന്ന് അറിഞ്ഞില്ലെന്ന് കല്‍പ്പന തന്നെ പിന്നീട് പറയുന്നുണ്ട്. 

പ്ലെയിന്‍ സാരിയും സ്ലീവ്ലെസ് ബ്ലൗസും കൂളിങ് ഗ്ലാസും സാരിയുടെ നിറത്തിന് ചേരുന്ന കുടയും ചൂടി സ്വാഗതഗീതം പാടുന്ന 'ഡോക്ടർ പശുപതി'യിലെ യു.ഡി.സി നിഷ്‌കളങ്കത കൊണ്ട് ചിരിയുടെ മാലപടക്കം പൊട്ടിച്ച കഥാപാത്രമായിരുന്നു..'പിടക്കോഴി കൂവുന്ന നൂറ്റാണ്ടി'ലെ പുരുഷവിരോധിയായ പോസ്റ്റല്‍ ജീവനക്കാരിയും'കൗതുകവാര്‍ത്തക'ളിലെ കമലുവും 'കാവടിയാട്ട'ത്തിലെ ഡോളിയും അവസാനകാല ചിത്രങ്ങളിലൊന്നായ 'ബാംഗ്ലൂര്‍ ഡെയ്‌സി'ലെ പരിഷ്‌കാരം കൊതിക്കുന്ന അമ്മയുമെല്ലം ഹാസ്യത്തിന് പുതിയൊരു ഭാവപ്പകര്‍ച്ച തന്നെ നല്‍കുന്ന വേഷങ്ങളായി. ചിരിപ്പിക്കാനായി കല്‍പ്പന ഒന്നും ചെയ്തിട്ടില്ല. അതിഭാവുകത്വമില്ലാതെ ഹാസ്യത്തെ അവര്‍ വരുതിയിലാക്കി. തറവാടിന്റെ അകത്തളത്തില്‍ ഒതുങ്ങി കൂടിയ അമ്മ ബാംഗ്ലൂര്‍ നഗരജീവിതത്തില്‍ ഇഴുകി ചേരുമ്പോള്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ അത്രയും സരളമായാണ് 'ബാംഗ്ലൂര്‍ ഡെയ്‌സില്‍' അവര്‍ അവതരിപ്പിച്ചത്. ഒരു സാധാരണ സ്ത്രീയുടെ ജീവിതമാറ്റങ്ങള്‍ കൂടിയാണ് നിഷ്‌കളങ്കഹാസ്യമായി മാറിയത്. 

ജഗതിക്കൊപ്പമുള്ള കോമ്പിനേഷന്‍ സീനുകളില്‍ കല്‍പ്പനയെപ്പോലെ തിളങ്ങിയ മറ്റൊരു താരമില്ല. പരാജയ ചിത്രങ്ങളില്‍ പോലും കല്‍പ്പനയുടെ കഥാപാത്രം വേറിട്ടു നിന്നു.. തമ്പി അളിയനെ പ്രേമിക്കുന്ന അനസൂയയുടെ 'ഈശ്വരാ.. പാവത്തുങ്ങള്‍ക്ക് ഇത്രേം സൗന്ദര്യം കൊടുക്കല്ലേ?' എന്ന മിസ്റ്റര്‍ ബ്രഹ്‌മചാരിയിലെ ഡയലോഗ് അതിനുദാഹരണമാണ്. ചാനലുകളിലെ കോമഡി പരിപാടികളില്‍ കല്‍പ്പനയുടെ കോമഡി സീനുകള്‍ ഇന്നും അരങ്ങുവാഴുന്നു. മലയാള സിനിമയിലെ മികച്ച കോമഡി സീനുകളെടുത്താല്‍ അതില്‍ മിക്കതിലും കല്‍പ്പനയുടെ സ്വാധീനം കാണാം. 

കോമഡിരംഗങ്ങളിലെ സ്ഥിരസാന്നിധ്യമായി ചിരിപ്പിക്കുമ്പോഴും കാരക്ടര്‍ വേഷം ചെയ്യണമെന്ന് കല്‍പ്പന ഏറെ ആഗ്രഹിച്ചിരുന്നു. അഭിനയിച്ച  മുന്നൂറോളം ചിത്രങ്ങളില്‍ ഇരുന്നൂറും കോമഡി വേഷങ്ങള്‍. ഇടയ്ക്കൊക്കെ ബിരിയാണി കിട്ടിയാല്‍ സന്തോഷമല്ലേ എന്നായിരുന്നു ഒരു അഭിമുഖത്തില്‍ ഈ ആഗ്രഹത്തിന് അവര്‍ തമാശകലര്‍ത്തി പറഞ്ഞ മറുപടി. രഞ്ജിത്തിന്റെ കേരള കഫേയാണ് കല്‍പ്പനയെ കോമഡിയുടെ തടവില്‍ നിന്ന് മോചിപ്പിച്ചത്. അതില്‍ അന്‍വര്‍ റഷീദ് ഒരുക്കിയ ബ്രിഡ്ജിലെ വേഷം അവരുടെ സിനിമ ജീവിതത്തില്‍ വഴിത്തിരിവായി. ഇന്ത്യന്‍ റുപ്പിയിലെ മേരിയും, സ്പിരിറ്റിലെ പങ്കജവും രഞ്ജിത്ത് അവര്‍ക്കായി ഒരുക്കിയ കാരക്ടര്‍ വേഷങ്ങളായിരുന്നു. അവസാനകാലത്ത് കിട്ടിയ വേഷങ്ങളെല്ലാം കാരക്ടര്‍ വേഷങ്ങളായി. 
 
ഗൗരവമുള്ള വേഷങ്ങളിലേക്കുള്ള കൂടുമാറ്റത്തിനിടയില്‍ ലഭിച്ച 'തനിച്ചല്ല ഞാന്‍' എന്ന സിനിമയിലെ കഥാപാത്രം അവരെ മികച്ച സഹനടിക്കുള്ള ദേശീയ പുരസ്‌കാരത്തിനും അര്‍ഹയാക്കി. 'ദി ഡോള്‍ഫിന്‍സി'ലെ വാവ എന്ന വേഷം അവരുടെ കരിയറിലെ വ്യത്യസ്തമായ റോളായിരുന്നു. രണ്ടേ രണ്ടു സീനില്‍ മാത്രമെത്തി പ്രേക്ഷകരെ ഞെട്ടിച്ച് മരണത്തിന് കീഴടങ്ങുന്ന വേഷമായിരുന്നു ചാര്‍ലിയിലെ ക്വീന്‍ മേരി. ആഗ്രഹിച്ച വേഷങ്ങള്‍ ചെയ്ത് കൊതി തീരാതെയാണ് കല്‍പ്പന നമ്മോട് വിട പറഞ്ഞത്. ഒരു മികച്ച നടി മലയാള സിനിമയിലെ ഹാസ്യരംഗത്ത പിടിച്ചുനിര്‍ത്തിയ അതുല്യ പ്രതിഭയ്ക്ക് അതുല്യ വേഷങ്ങള്‍ ഈ തട്ടകം കൊടുത്തോ? സംശയമാണ്.

Inshort | Remembering Kalpana, the legendary Malayalam actress, 9 years after her demise.  A versatile performer who mastered comedy, leaving an unforgettable mark on Mollywood.

Content Highlights: Remembering Kalpana, Kalpana- memorable characters