'എനിക്ക് വരുന്ന ചെറിയ വേദനപോലും പി.ടി സഹിക്കില്ലായിരുന്നു, അദ്ദേഹമാകാം എന്നെ താങ്ങിയത്'
പി.ടി തോമസ് ആയിയിരിക്കാം തന്നെ താങ്ങിയെടുത്ത് ജീവിതത്തിലേക്ക് കൊണ്ടുവന്നതെന്ന് തൃക്കാകര എംഎല്‍എ ഉമാ തോമസ്. സുഖം പ്രാപിച്ചു വരുന്ന ഉമാ തോമസിനെ സന്ദര്‍ശിച്ച പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സി വി ആനന്ദ ബോസിനോട് സംസാരിക്കുകയായിരുന്നു അവര്‍. കണ്ണ് തുറക്കാന്‍ ചെറിയൊരു ബുദ്ധിമുട്ടുണ്ട് എന്നതൊഴിച്ചാല്‍ താന്‍ ആരോഗ്യവതിയാണെന്നും ഉമാ തോമസ് പറയുന്നു
'ഒരു പക്ഷേ പി.ടിയായിരിക്കും എന്നെ താങ്ങിയെടുത്ത് ജീവിതത്തിലേക്ക് കൊണ്ടുവന്നത്. ജീവിച്ചിരിക്കുമ്പോള്‍ എനിക്കൊരു ചെറിയ വേദന വരുന്നത് പോലും അദ്ദേഹത്തിന് സഹിക്കില്ലായിരുന്നു'- ഉമാ തോമസ് ഗവര്‍ണറോട് പറഞ്ഞു. പിടി തോമസുമായുള്ള സൗഹൃദത്തെ കുറിച്ച് ഗവര്‍ണറും ഓര്‍ത്തെടുത്തു. റെനെ മെഡിസിറ്റിയുമായി അടുപ്പമുണ്ടായിരുന്നെന്നും രോഗിയായി വരേണ്ടി വരുമെന്ന് കരുതിയില്ലെന്നും ഉമാ തോമസ് ചിരിച്ചു കൊണ്ട് പറഞ്ഞു
ഗിന്നസ് ലോക റെക്കോഡ് ലക്ഷ്യമിട്ട് കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടന്ന മെഗാ ഭരതനാട്യം പരിപാടിയുടെ ഉദ്ഘാടന വേദിയിൽനിന്നു വീണ് ഉമാ തോമസ് എം.എൽ.എ.യ്ക്ക് ഗുരുതര പരിക്കേറ്റത്. തലയ്ക്കും ശ്വാസകോശത്തിനും ഗുരുതരമായി പരിക്കേറ്റ ഉമാ തോമസ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്