ഭരിച്ച് മിച്ചം പിടിച്ച 37.5 കോടി ജനങ്ങൾക്ക്: വമ്പൻ പ്രഖ്യാപനങ്ങളുമായി ട്വന്റി20
കിഴക്കമ്പലം, ഐക്കരനാട് പഞ്ചായത്തുകളിൽ വമ്പൻ പ്രഖ്യാപനവുമായി വന്നിരിക്കുകയാണ് ട്വന്റി ട്വന്റി. ഓരോ വീട്ടിലെയും വൈദ്യുതി ചാർജിന്റെയും പാചക വാതകത്തിന്റെയും 25 ശതമാനം പഞ്ചായത്ത് വഹിക്കാനാണ് തീരുമാനം. തനതു വരുമാനത്തിന്റെ മിച്ച ഫണ്ടിൽ നിന്നാകും ഇതിനായുള്ള പണം വിനിയോഗിക്കുക. ഒന്‍പതു വര്‍ഷത്തെ ഭരണം പൂര്‍ത്തിയാകുമ്പോള്‍ കിഴക്കമ്പലം പഞ്ചായത്തില്‍ 25 കോടി രൂപയും 4 വര്‍ഷത്തെ ഭരണം പൂര്‍ത്തിയായപ്പോള്‍ ഐക്കരനാട് പഞ്ചായത്തില്‍ 12 കോടി രൂപയും നീക്കിയിരിപ്പുള്ളതായി ട്വന്റി 20 പ്രസിഡന്റ് സാബു എം. ജേക്കബ് വ്യക്തമാക്കുന്നു. രണ്ടു പഞ്ചായത്തുകളിലെയും 75 ശതമാനത്തോളം കുടുംബങ്ങള്‍ക്ക് പദ്ധതിയുടെ ആനുകൂല്യം കിട്ടും. വെള്ളക്കാര്‍ഡ് ഒഴികെയുള്ള എല്ലാ കാര്‍ഡ് ഉടമകള്‍ക്കും ഈ ആനുകൂല്യം ലഭ്യമാകും.
വൈദ്യുതി ബില്ലിന്റെയും പാചകവാതക ബില്ലിന്റെയും 25 ശതമാനം ഉപഭോക്താക്കളുടെ അക്കൗണ്ടിലേക്ക് നേരിട്ടാണ് നല്‍കുക. പഞ്ചായത്തീരാജ് നിയമം അനുശാസിക്കുന്ന തരത്തില്‍ ജനങ്ങളുടെ ക്ഷേമത്തിനുതകുന്ന പദ്ധതിയായിട്ടാണ് ഇത് നടപ്പാക്കുന്നത്. നടപ്പാക്കാന്‍ തടസ്സമായാല്‍ കോടതിയെ സമീപിക്കുമെന്നും സാബു എം. ജേക്കബ് പറഞ്ഞു.