Video | തൃശ്ശൂര്‍ റൗണ്ടില്‍ വാഹനങ്ങള്‍ക്കിടയിൽ യുവാവിന്റെ അപകടകരമായ സ്‌കേറ്റിങ്, ആളെ തേടി പോലീസ്
തൃശ്ശൂര്‍ റൗണ്ടില്‍ വാഹനങ്ങള്‍ക്കിടയിലൂടെ യുവാവിന്റെ സ്‌കേറ്റിങ് അഭ്യാസം. ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടകരമായ രീതിയില്‍ ഈ അഭ്യാസപ്രകടനം നടത്തിയത്. സംഭവത്തില്‍ ഈസ്റ്റ് പോലീസ് അന്വേഷണം ആരംഭിച്ചു. സി.സി.ടി.വി.ക്യാമറകളില്‍നിന്നുള്ള ദൃശ്യങ്ങള്‍ ശേഖരിക്കുന്നുണ്ട്. ആളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ചക്രഷൂസുമായി റൗണ്ടില്‍ പ്രവേശിച്ച യുവാവ് ഓടിക്കൊണ്ടിരിക്കുന്ന ഓട്ടോറിക്ഷയുടെ പിറകില്‍ പിടിച്ച് ഇരുന്നുകൊണ്ട് മുന്നോട്ടുപോകുന്നത് ദൃശ്യത്തില്‍ കാണാം. പാറമേക്കാവിന് മുന്നിലെത്തുമ്പോള്‍ എഴുന്നേറ്റുനിന്ന് വേഗത്തില്‍ ഓട്ടോറിക്ഷയെ മറികടക്കുന്നു. തുടര്‍ന്ന് ബസിനു സമീപത്തുകൂടെ പോകുന്നു. പിന്നീട് അപകടകരമായ രീതിയില്‍ റോഡിനു നടുക്കുവെച്ച് ബസിനെ മറികടക്കുകയും ചെയ്യുന്നു. രണ്ടു ബസുകള്‍ക്കിടയിലൂടെയായിരുന്നു ഈ മറികടക്കല്‍.
ജനറല്‍ ആശുപത്രി കഴിഞ്ഞുള്ള വളവും പിന്നിട്ട് മുന്നോട്ടുപോയ ഇയാള്‍ ജോസ് തിയേറ്റര്‍ കഴിഞ്ഞ ഉടനെ ചക്രഷൂസില്‍ കറങ്ങുകയും പല വശങ്ങളിലേക്കും നീങ്ങുകയും ചെയ്തു. തുടര്‍ന്ന് റൗണ്ടില്‍നിന്ന് എം.ഒ. റോഡിലൂടെ മുന്നോട്ടുനീങ്ങുന്നതാണ് ദൃശ്യത്തിലുള്ളത്. സി.സി.ടി.വി. പരിശോധിച്ചതില്‍ നായ്ക്കനാല്‍ ഭാഗത്തുനിന്നാണ് ഇയാള് റൗണ്ടില്‍ പ്രവേശിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. തുടര്‍ന്ന് എം.ഒ. റോഡിലൂടെ ശക്തനിലേക്ക് പോകുകയായിരുന്നു. ഹെല്‍്‌മെറ്റ് വെച്ചായിരുന്നു യുവാവിന്റെ യാത്ര.
In shorts | A young man`s dangerous skateboarding stunt in Thrissur Round caught on CCTV. Police investigation underway.