തൃപ്പൂണിത്തുറയിൽ സാമുദായിക ധ്രുവീകരണം; ബിജെപി ജയം രാഷ്ട്രീയമല്ലെന്ന് കെ.ബാബു

#ഷിഹാബുദ്ദീൻ തങ്ങൾ

കൊച്ചി: തൃപ്പൂണിത്തുറ നഗരസഭയിലെ ബിജെപിയുടെ വിജയം രാഷ്ട്രീയമല്ലെന്നും അ‌വിടെയുണ്ടായത് സാമുദായിക ധ്രുവീകരണമെന്നും തൃപ്പൂണിത്തുറ എംഎൽഎയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ.ബാബു. തിരുവനന്തപുരത്തും സമാനമായ സ്ഥിതിവിശേഷം ഉണ്ടായെന്നും കേരളത്തിൽ സംഭവിക്കാൻ പാടില്ലാത്തതാണ് സംഭവിച്ചതെന്നും കൊച്ചിയിൽ മാതൃഭൂമി ഡോട്ട് കോമിനോട് പ്രതികരിക്കവേ അ‌ദ്ദേഹം പറഞ്ഞു.

21 വാർഡുകൾ പിടിച്ചാണ് തൃപ്പൂണിത്തുറ നഗരസഭയിൽ ബിജെപി മുന്നിലെത്തിയിരിക്കുന്നത്. എൽഡിഎഫിന് 20 വാർഡുകളും യുഡിഎഫിന് 12 വാർഡുകളും ലഭിച്ചു. കഴിഞ്ഞവട്ടം 23 സീറ്റുകളുമായി എൽഡിഎഫ് ഭരണം പിടിച്ചപ്പോൾ 17 വാർഡുകൾ നേടി ബിജെപി രണ്ടാമതെത്തിയിരുന്നു. ഏഴ് വാർഡുകളായിരുന്നു യുഡിഎഫിന് ലഭിച്ചത്.

എൽഡിഎഫിനെ സംബന്ധിച്ച് രാഷ്ട്രീയമായ പരാജയമാണ് തൃപ്പൂണിത്തുറയിൽ സംഭവിച്ചിരിക്കുന്നത് കെ.ബാബു പറയുന്നു. കോൺഗ്രസിനെ സംബന്ധിച്ച് സാങ്കേതികമായി ഞങ്ങൾ മുന്നോട്ടുവന്നിട്ടുണ്ട്. അ‌തൊരു നേട്ടമാണെന്നൊന്നും കരുതുന്നില്ല. എന്നാൽ, കാലങ്ങളായി നഗരസഭ ഭരിച്ചിരുന്ന സിപിഎം രണ്ടാംസ്ഥാനത്തേക്ക് പോയിരിക്കുകയാണ്. അ‌വരുടെ രാഷ്ട്രീയ പരാജയമാണ് സംഭവിച്ചിരിക്കുന്നത്.

വളരെ അ‌പകടകരമായ ഒരു ധ്രുവീകരണമാണ് അ‌വിടെ ഉണ്ടായിരിക്കുന്നത്. ഒരു സാമുദായി ധ്രുവീകരണം തൃപ്പൂണിത്തുറയിലുണ്ടായി. കേരളം പോലൊരു സംസ്ഥാനത്ത്, അ‌ല്ലെങ്കിൽ തൃപ്പൂണിത്തുറ പോലെ വലിയ രാഷ്ട്രീയ പാരമ്പര്യമുളള ഒരു സ്ഥലത്ത് സംഭവിക്കാൻ പാടില്ലാത്ത ധ്രുവീകരണമാണ് ഉണ്ടായിരിക്കുന്നത്. അ‌വിടെ ഉചിതമായ തീരുമാനം കോൺഗ്രസ് നേതൃത്വം സ്വീകരിക്കുമെന്നും അ‌ദ്ദേഹം കൂട്ടിച്ചേർത്തു.
 

Content Highlights: Thrippunithura MLA K. Babu states BJP`s municipal victory is due to communal polarization, not political mandate. He expresses concern over the dangerous division in Kerala.