'ഒരു ലിറ്റര്‍ പെയിന്റ് പോലും അടിക്കാതെ കാത്തുസൂക്ഷിച്ചു, സര്‍ക്കാര്‍ വികസനത്തെ ചവിട്ടിക്കൂട്ടി'

കോട്ടയത്തെ ആകാശപ്പാതയുടെ മേല്‍ക്കൂര പൊളിച്ചു നീക്കണമെന്ന വിദഗ്ധസമിതി റിപ്പോര്‍ട്ടില്‍ സര്‍ക്കാരിനെതിരേ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ബലക്ഷയം അല്ല ഇവിടെ പ്രശ്‌നം. സര്‍ക്കാരിന്റെ രാഷ്ട്രീയ പ്രതികാരമാണിത്. കോട്ടയത്തെ വികസനം ഇല്ലാതാക്കാനാണ് ശ്രമമെന്നും തിരുവഞ്ചൂര്‍ ആരോപിച്ചു. സര്‍ക്കാര്‍ മാറിയ കാലത്തുതന്നെ ആകാശപാത പൊളിച്ചുമാറ്റാന്‍ അവര്‍ തീരുമാനിച്ചതാണ്. ആ തീരുമാനം നടപ്പാക്കാന്‍ വേണ്ടിയാണ് ഒരു ലിറ്റര്‍പെയിന്റ് പോലും അടിക്കാതെ യാതൊരു പരിപാലന പ്രവൃത്തികളും നടത്താതെ ആകാശപാത കാത്തുസൂക്ഷിച്ച് വെച്ചതെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
അതേസമയം ആകാശപാതയുടെ വൈകല്യത്തിന് ഉത്തരവാദി തിരുവഞ്ചൂരാണെന്നും ആ പാപഭാരം ആരുടെയും തലയില്‍ വയ്‌ക്കേണ്ടതില്ലെന്നും സിപിഎം സംസ്ഥാന സമിതി അംഗം കെ അനില്‍കുമാര്‍ കുറ്റപ്പെടുത്തി. ആവശ്യമായ സ്ഥലം ഏറ്റെടുക്കാതെയാണ് കിറ്റ്‌കോ നിര്‍മ്മാണം ആരംഭിച്ചത്. പദ്ധതി പൂര്‍ത്തിയാക്കിയാലും ഇല്ലെങ്കിലും ആളുകളുടെ തലയില്‍ വീഴും. ഈ നിര്‍മ്മാണ വൈകല്യം പരിഹരിക്കണമെന്നാണ് കോട്ടയത്തെ ജനങ്ങളുടെ അടിയന്തര ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. തിരുവഞ്ചൂര്‍ ജീവിച്ചിരിപ്പുണ്ടെങ്കില്‍ ഊരാളുങ്കലുമായി ബന്ധപ്പെട്ട് ആകാശ പാതയുടെ എന്തെങ്കിലും ഒരു കടലാസ് ഹാജരാക്കണമെന്നും അനില്‍കുമാര്‍ വെല്ലുവിളിച്ചു.