'തലയ്ക്ക് മുകളിൽ 50 തേനീച്ചയുണ്ടായിരുന്നു'; സബ് കളക്ടറേയും വെറുതേവിട്ടില്ല, കുത്തേറ്റത് 200 പേർക്ക്
തിരുവനന്തപുരം: കുടപ്പനക്കുന്ന് സിവിൽ സ്റ്റേഷനിൽ ബോംബുഭീഷണിയെത്തുടർന്ന് പരിശോധന നടത്തവേ, തേനീച്ചക്കൂടിളകി കുത്തേറ്റ് 200-ഓളം പേർക്ക് പരിക്ക്. സാരമായി പരിക്കേറ്റ എട്ടുപേരെ മെഡിക്കൽ കോളേജിലും 79 പേരെ പേരൂർക്കട ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.30-ഓടെയാണ് കളക്ടറുടെ ഔദ്യോഗിക ഇ-മെയിലിലേക്ക് ബോബുഭീഷണി എത്തിയത്. പാർലമെന്റ് ആക്രമണ കേസ് പ്രതി അഫ്‌സൽ ഗുരുവിനെ തൂക്കിലേറ്റിയതിന്റെ പ്രതികാരമായി സ്ഫോടനം നടത്തുമെന്നായിരുന്നു സന്ദേശം.
ബോബ് സ്‌ക്വാഡും പോലീസ് സംഘവുമെത്തി പരിശോധന നടത്തുന്നതിനിടയിലാണ് കെട്ടിടത്തിന്റെ അഞ്ചാം നിലയിലുണ്ടായിരുന്ന കൂടിളകി തേനീച്ചകൾ ജീവനക്കാരുടെ നേരേ പറനടുത്തത്. ഇവിടെ മൂന്നു തേനീച്ചക്കൂടുകളാണുണ്ടായിരുന്നു. ഇതിൽ ഒന്നാണ് ഇളകിയത്.
ചിതറിയോടിയോടുന്നതിനിടെ തെന്നിവീണവർക്കാണ് തേനീച്ചകളുടെ കുത്തേറ്റത്. സബ് കളക്ടർ വി.ഒ.ആൽഫ്രഡ് അടക്കമുള്ളവർക്ക് കുത്തേറ്റു. കളക്ടറും എ.ഡി.എമ്മും കുത്തേൽക്കാതെ രക്ഷപ്പെട്ടു. ഭിന്നശേഷിക്കാരനായ ഓഫീസ് അറ്റൻഡന്റ് സജി ഓടാനാകാതെ വീണുപോയി. 15-ഓളം മാധ്യമപ്രവർത്തകർക്കും അഞ്ച് പോലീസുകാർക്കും രണ്ട് അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർക്കും പരിക്കേറ്റു. കുടപ്പനക്കുന്ന് ജങ്ഷൻ വരെ തേനീച്ചകളെത്തി. ചൊവ്വാഴ്ച വൈകീട്ടും സിവിൽസ്റ്റേഷൻ വളപ്പിൽ കടക്കാനാവാത്ത നിലയിൽ തേനീച്ചകളുണ്ടായിരുന്നു.
In Short: Bomb threat at Thiruvananthapuram`s Kudappanakunnu Civil Station led to a honeybee attack, injuring nearly 200 people.8 seriously injured.