'ടീച്ചറേ...ന്ന് ഒറ്റവിളി മതി, ആളെപറയും; വൈബാണ് നവ്യടീച്ചറും കുട്ട്യോളും

തൃക്കരിപ്പൂർ: 'ടീച്ചറേ'.....എന്നൊരു നീട്ടി വിളി മതി.... ക്ലാസിലെ മുഴുവൻ വിദ്യാർഥികളുടെയും പേർ നവ്യശ്രീ ടീച്ചറ് പറയും. കാണാതെ. ശബ്ദം കേട്ട് ക്ലാസിലെ മുഴുവൻ കുട്ടികളെയും തിരിച്ചറിഞ്ഞ് സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ് ഉദിനൂർ സെൻട്രൽ എ.യു.പി. സ്കൂളിലെ അധ്യാപിക പി.വി.നവ്യശ്രീ.  കസേരയിലിരിക്കുന്ന അധ്യാപിക. കസേരയ്ക്ക് പിറകിലായി തങ്ങളുടെ ഊഴം കാത്ത് നിൽക്കുന്ന അഞ്ചാം ക്ലാസുകാർ. ഓരോരുത്തരായി വന്ന് 'ടീച്ചറേ' എന്ന് വിളിക്കുമ്പോൾ അവരുടെ പേര് പറയുന്ന അധ്യാപിക. തങ്ങളുടെ പേര് കേൾക്കുമ്പോൾ തെളിഞ്ഞ ചിരി സമ്മാനിച്ച് കുട്ടിക്കൂട്ടവും. 
കുട്ടികളുടെ കൂട്ടത്തിൽ ടീച്ചറുടെ മകൻ പി.വി.ശ്രീദേവുണ്ട്.  ചൊവ്വാഴ്ച ഉച്ച ഭക്ഷണ ഇടവേളയിലാണ് വീഡിയോ എടുത്തത്. സ്കൂളിലെ അധ്യാപകൻ വിപിൻ കുമാറാണ് വീഡിയോ പകർത്തിയത്. അദ്ദേഹത്തിന്റെ സുഹൃത്താണ് വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്.

വ്യാഴാഴ്ച വൈകീട്ട് വീട്ടിലെത്തിയപ്പോഴാണ് ടീച്ചറും വീഡിയോ കാണുന്നത്. ഇതിനു പിന്നാലെ   ടീച്ചർക്കും കുട്ടികൾക്കും   അഭിനന്ദനമറിയിച്ച് നിരവധി ഫോൺ വിളികളും സന്ദേശങ്ങളുമെത്തി. സ്കൂളിലും നാട്ടിലും സാമൂഹിക മാധ്യമങ്ങളിലും അങ്ങിനെ നവ്യശ്രീ ടീച്ചറും അഞ്ച് സി ക്ലാസും വൈറലുമായി.   എട്ട് വർഷമായി ഉദിനൂർ സെൻട്രൽ എ.യു.പി. സ്കൂൾ അധ്യാപികയാണ് നവ്യശ്രീ. കണക്കാണ് വിഷയം. കാലിക്കടവ് ഏച്ചിക്കൊവ്വൽ സ്വദേശിയാണ്. നർത്തകി കൂടിയായ നവ്യശ്രീ സൗജന്യമായി തിരുവാതിര ഉൾപ്പെടെയുള്ള നൃത്തയിനങ്ങളും പഠിപ്പിക്കുന്നുണ്ട്. 

Content Highlights: viral teacher story, Udinoor Central AUPS, Trikaripur