ബഹിരാകാശത്ത് എങ്ങനെ പല്ലുതേക്കും? എങ്ങനെ ഉറങ്ങും? ചർച്ചയായി സുനിത വില്യംസിൻ്റെ പഴയ വീഡിയോ

ഒമ്പത് മാസത്തിലധികം നീണ്ട ബഹിരാകാശ ദൗത്യത്തിനു ശേഷം കഴിഞ്ഞ ദിവസമാണ് സുനിത വില്യംസും ബുച്ച് വില്‍മോറുമുള്‍പ്പടെയുള്ള ക്രൂ-9 സംഘം മടങ്ങിയെത്തിയത്. ഇപ്പോഴിതാ ഭൂമിയില്‍ നിന്ന് ഏറെ വിഭിന്നമായ ഗുരുത്വാകര്‍ഷണമില്ലാത്ത ബഹിരാകാശത്ത് എങ്ങനെയാണ് യാത്രികര്‍ കഴിയുക എന്ന് വ്യക്തമാക്കി 12 വര്‍ഷം മുമ്പ് സുനിത വില്യംസ് ചെയ്ത ഒരു വീഡിയോ ചര്‍ച്ചയാവുകയാണ്. നാസയാണ് വീഡിയോ പുറത്തുവിട്ടത്. 

ബഹിരാകാശത്ത് എങ്ങനെ പല്ലുതേക്കും, എങ്ങനെ ശൗചാലയം ഉപയോഗിക്കും എങ്ങനെ ഉറങ്ങും എന്നിങ്ങനെ എല്ലാ സംശയങ്ങള്‍ക്കും സുനിത വീഡിയോയില്‍ മറുപടി പറയുന്നുണ്ട്. ഗുരുത്വാകര്‍ഷണമില്ലാത്ത സ്ഥലത്ത് കിടക്കുകയാണെങ്കിലും കിടക്കുകയാണ് എന്ന അനുഭൂതിയുണ്ടാകില്ലെന്നും സ്ലീപ്പിങ് ബാഗുകളിലാണ് ഉറങ്ങുക എന്നും സുനിത പറയുന്നു. പല്ലുതേക്കാന്‍ ടൂത്ത് ബ്രഷും പേസ്റ്റുമടങ്ങിയ പ്രത്യേകം കിറ്റുകളുണ്ട്. കുമിളകളായി ഒഴുകി നടക്കുന്ന വെള്ളം വായിലാക്കി വേണം പല്ലുതേക്കാന്‍. തുപ്പി കളയുന്നതിന് പകരം പല്ലുതേച്ച അവശിഷ്ടം വിഴുങ്ങുകയാണ് പതിവ്. രുചി തീരെ സഹിക്കാന്‍ കഴിയില്ലെങ്കില്‍ ഒരു പേപ്പര്‍ ടവലിലേക്ക് തുപ്പാം. 

പേടകത്തില്‍ യാത്രികര്‍ക്കായി ഒരു ടോയ്‌ലറ്റും ഒരുക്കിയിട്ടുണ്ട്. മല വിസര്‍ജനത്തിനും മൂത്രമൊഴിക്കാനും രണ്ട് സംവിധാനങ്ങളാണ്. ശേഷം ശരീരം വൃത്തിയാക്കാന്‍ വിവിധ തരം ടിഷ്യു പേപ്പറുകളും വൈപ്പുകളും നല്‍കിയിട്ടുണ്ടെന്നും സുനിത പറയുന്നു.

In Short: Sunita Williams` 12 year old video reveals daily life in space: sleeping, eating, hygiene, and more.  Learn about zero-gravity challenges! 

Content Highlights: Life in Space: Sunita Williams Explains in an old video