'ഇപ്പുറത്തുണ്ടെന്ന് സരിന്‍ ഉറക്കെ വിളിച്ചുപറഞ്ഞു, അപ്പുറത്ത് തന്നെ ഉണ്ടാകണേയെന്ന് ഞാനും പറഞ്ഞു'

ഷാഫി പറമ്പിൽ, രാഹുൽ മാങ്കൂട്ടത്തിൽ
ഷാഫി പറമ്പിൽ, രാഹുൽ മാങ്കൂട്ടത്തിൽ

പാലക്കാട്: പാലക്കാട് ഒരു കല്യാണച്ചടങ്ങിനിടെ പരസ്പരം കണ്ടിട്ടും എൽഡിഎഫ് സ്ഥാനാർഥി ഡോ. പി. സരിനെ  കണ്ടതായി നടിക്കാതെ മടങ്ങിയ സംഭവത്തിൽ പ്രതികരിച്ച് ഷാഫി പറമ്പിൽ എംപി. ഷാഫീ..., ഇപ്പുറത്ത് ഉണ്ടേയെന്ന് സരിൻ വിളിച്ചുപറഞ്ഞായിരുന്നുവെന്നും അപ്പുറത്ത് തന്നെ ഉണ്ടാകണേയെന്ന് താനും പറഞ്ഞായിരുന്നുവെന്നും ഷാഫി പറമ്പിൽ പിന്നീട് മാധ്യമങ്ങളോട് പ്രതികരിച്ചു.

സരിൻ നിരവധി തവണ രാഹുലേ... എന്ന് വിളിച്ചിട്ടും രാഹുൽ കൈകൊടുക്കാതെ പോകുകയായിരുന്നു. മോശമാണ് രാഹുലെ എന്നും അയ്യയ്യയ്യേ എന്നും പറഞ്ഞ സരിൻ തനിക്കതിൽ കുഴപ്പമില്ലെന്നും ചുറ്റുമുള്ളവരോട് പറഞ്ഞു. ജനങ്ങൾ ഇത് കാണുന്നുണ്ടെന്നായിരുന്നു പിന്നീട് മാധ്യമങ്ങളോട് സരിന്റെ പ്രതികരണം. 'ഗോപിയേട്ടനും ഞാനും നിൽക്കുന്നു. ഗോപിയേട്ടനെ ചെന്ന് കെട്ടിപ്പിടിക്കുന്നു.  ഗോപിയേട്ടൻ ചെയ്തതും ഞാൻ ചെയ്തതും തമ്മിൽ എന്താ വ്യത്യാസം എന്ന് ഞാൻ ആലോചിച്ചു. ഞാനിവിടെ ഉണ്ട് ഷാഫി എന്ന് പറഞ്ഞു. എന്നാൽ ഇല്ല എന്നായിരുന്നു ഷാഫിയുടെ മറുപടി. രാഹുൽ എന്നെ കണ്ടിട്ടേയില്ല എന്നെ.. ജനങ്ങളിത് കണ്ടല്ലോ? എങ്ങനെയാണ് ഒരു തിരഞ്ഞെടുപ്പിൽ പരസ്പര ബഹുമാനത്തോടെ മത്സരിക്കേണ്ടതെന്ന് അറിയില്ല', സരിൻ പറഞ്ഞു.

ബിജെപി നേതാവ് നടേശന്റെ മകളുടെ വിവാഹച്ചടങ്ങിലായിരുന്നു സംഭവം. മുൻ കോൺഗ്രസ് നേതാവ് എ.വി. ഗോപിനാഥിന് ഇരുവരും കൈക്കൊടുക്കുകയും ആലിം​ഗനം ചെയ്യുകയും ചെയ്തെങ്കിലും സരിനെ മൈൻഡ് ചെയ്യാതെ പോകുകയായിരുന്നു.

Content Highlights: shafi parambil p sarin response on shake hand issue