ഭിന്നശേഷിക്കാരനെ യൂണിയന്‍മുറിയില്‍ വിചാരണ ചെയ്ത് എസ്എഫ്‌ഐ നേതാക്കള്‍; മര്‍ദനവും ഭീഷണിയും

എസ്എഫ്‌ഐ നേതാക്കള്‍ വിചാരണ ചെയ്യുന്നതിന്റെ ദൃശ്യത്തില്‍നിന്ന്‌
എസ്എഫ്‌ഐ നേതാക്കള്‍ വിചാരണ ചെയ്യുന്നതിന്റെ ദൃശ്യത്തില്‍നിന്ന്‌

ഒരിടവേളയ്ക്ക് ശേഷം യൂണിവേഴ്‌സിറ്റി കോളേജില്‍ യൂണിയന്‍ ഓഫീസിലെ ക്രൂരമായ മര്‍ദനങ്ങള്‍ വീണ്ടും പുറത്തുവരുന്നു. എസ്.എഫ്.ഐ. പ്രവര്‍ത്തകനായ ഭിന്നശേഷിക്കാരനെ ക്രൂരമായി മര്‍ദിച്ചതാണ് ഇപ്പോഴത്തെ സംഭവം. യൂണിയന്‍ മുറിയിലിട്ട് വിചാരണ ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു

വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഈ ഇടിമുറിയിലെ അതിക്രമങ്ങള്‍ പുറത്ത് വന്നതോടെ പാര്‍ട്ടി ഇടപെട്ടെങ്കിലും ഇപ്പോഴും യൂണിവേഴ്‌സിറ്റി കോളേജില്‍ ഇത്തരം ക്രൂരതകള്‍ക്ക് കുറവില്ലെന്നാണ് പുതിയ സംഭവം തെളിയിക്കുന്നത്. ഭിന്നശേഷിക്കാരനായ പൂവച്ചല്‍ പെരുംകുളം മൂഴിയില്‍ വീട്ടില്‍ മുഹമ്മദ് അനസിനാണ് എസ്.എഫ്.ഐ. നേതാക്കളുടെ മര്‍ദനം നേരിടേണ്ടിവന്നത്.

തിങ്കളാഴ്ച വൈകീട്ട് 3.30-ഓടെയാണ് യൂണിവേഴ്‌സിറ്റി കോളേജിലെ എസ്.എഫ്.ഐ. നേതാക്കള്‍ അനസിനെ മര്‍ദിച്ചത്. മര്‍ദനം അതിരു വിട്ടതോടെയാണ് അനസ് പോലീസിനെ സമീപിച്ചത്. നാട്ടില്‍ ഡി.വൈ.എഫ്.ഐ. യൂണിറ്റംഗമാണ്. എസ്.എഫ്.ഐ.യുടെ കോളേജിലെ ഡിപ്പാര്‍ട്ട്‌മെന്റ് യൂണിറ്റംഗവുമാണ് അനസ്.

ശാരീരികമായും മാനസികമായും പീഡിപ്പിച്ചതായും അവഹേളിച്ചതായും അനസ് പറഞ്ഞു. മര്‍ദനവിവരം പുറത്ത് പറഞ്ഞാല്‍ കാലുകള്‍ വെട്ടുമെന്നും ഭീഷണിപ്പെടുത്തിയതായും അനസ് പരാതിപ്പെട്ടു.
 

Content Highlights: sfi unit leaders beat physically challenged Student inside union room