VIDEO | 'സഞ്ജുവിനെ ഇല്ലാതാക്കാന്‍ മുമ്പും ശ്രമം നടന്നു, അന്ന് ഇടപെട്ടത് ദ്രാവിഡ് സാര്‍'- പിതാവ്

തിരുവനന്തപുരം: ക്രിക്കറ്റ് താരം സഞ്ജു സാംസണിനെ വിജയ് ഹസാരെ ടൂർണമെന്റിൽ നിന്ന് ഒഴിവാക്കാന്‍ നേരത്തെ തീരുമാനമായിരുന്നുവെന്നും അതിന് പിന്നില്‍ ആരാണെന്ന് തനിക്കറിയാമെന്നും പിതാവ് സാംസണ്‍ വിശ്വനാഥ്. സഞ്ജു മാത്രമല്ല വിജയ് ഹസാരെ ക്യാമ്പില്‍ പങ്കെടുക്കാതിരുന്നത്. വേറേയും താരങ്ങളുണ്ട്. എന്നാല്‍ അവരെല്ലാം വിജയ് ഹസാരെ കളിച്ചു. ചില കാരണങ്ങള്‍ കണ്ടെത്തി അവര്‍ സഞ്ജുവിനെ കളിപ്പിക്കില്ലെന്ന് ക്യാമ്പിന് മുമ്പേ താനറിഞ്ഞിരുന്നുവെന്നും സാംസണ്‍ വിശ്വനാഥ് പറഞ്ഞു.
കെസിഎയിലെ ഒന്നോ രണ്ടോ ആളുകളാണ് പ്രശ്‌നക്കാര്‍. ചില കൃമികള്‍ പിന്നില്‍ നിന്ന് കുത്താന്‍ വേണ്ടി പറയുന്നത് വിശ്വസിക്കുന്നതാണ് തെറ്റിദ്ധാരണയുടെ കാരണം. എന്തെങ്കിലും വിദ്വേഷമുണ്ടെങ്കില്‍ അത് ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സഞ്ജുവിനെക്കാള്‍ മുന്‍പ് ഇന്ത്യന്‍ ടീമിലെത്തേണ്ട എന്റെ മൂത്ത മകനെ ഇല്ലാതാക്കി. സഞ്ജുവിന്റെ അവസരം ഇല്ലാതാക്കാനും ശ്രമിച്ചിരുന്നു. അന്ന് ഇടപെട്ടത് ദ്രാവിഡ് സാറാണ്. കെസിഎ ചെയ്ത നന്മകള്‍ ഒന്നും മറന്നിട്ടില്ല. സഞ്ജുവിനെ കളിക്കാന്‍ അനുവദിക്കണം. അതുമാത്രമാണ് ആവശ്യം. ഞങ്ങള്‍ സ്‌പോര്‍ട്‌സ്മാന്‍മാരാണ്. സ്‌പോര്‍ട്‌സ് ബിസിനസ്സില്‍ ഞങ്ങള്‍ക്ക് താല്പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.