ആഗോളീകരണത്തിന് എതിരായ ആദ്യവിപ്ലവം, പ്ലാച്ചിമട
(പുരസ്കാര സമർപ്പണം നിർവഹിച്ച് രാജേന്ദ്രസിങ് നടത്തിയ പ്രസംഗം)
എം.പി. വീരേന്ദ്രകുമാറാണ് പ്ലാച്ചിമട സമരത്തെ ആഗോളീകരണത്തിനും കൊക്കകോളയ്ക്കും എതിരായ വിപ്ലവമാക്കി മാറ്റി വിജയിപ്പിച്ചത്. ഇന്ത്യയിലും ലോകത്തുതന്നെയും ആദ്യമായി ആഗോളീകരണത്തിനെതിരായി നടത്തിയ വിപ്ലവമായിരുന്നു അത്. പ്രാദേശിക ജനതയും പഞ്ചായത്ത് ഭരണസംവിധാനവുമെല്ലാം പിന്തുണച്ചതുകൊണ്ടാണത് സാധ്യമായത്. പ്ലാച്ചിമട സമരസമയത്ത് വീരേന്ദ്രകുമാർ സംഘടിപ്പിച്ച അന്താരാഷ്ട്ര ജലസമ്മേളനത്തിലേക്ക് എന്നെയും ക്ഷണിച്ചിരുന്നു. 25 വർഷത്തിനിടെ മൂന്നുതവണയാണ് അദ്ദേഹത്തെക്കണ്ടത്. സമത്വവാദവും മതനിരപേക്ഷതയുമെല്ലാം ഉൾപ്പെടുന്നതാണ് അദ്ദേഹത്തിന്റെ വീക്ഷണം. അതിലെല്ലാമുപരി അദ്ദേഹം പ്രകൃതിയെ സ്നേഹിച്ചു, പ്രകൃതിയെ സംരക്ഷിക്കാൻ എപ്പോഴും നിലകൊണ്ടു. പ്രകൃതിയും രാഷ്ട്രീയവും ഒത്തുചേർന്ന സമുദ്രസാന്നിധ്യമായിരുന്നു വീരേന്ദ്രകുമാർ.
ഞാൻ എന്റെ പ്രസ്ഥാനം തുടങ്ങുന്ന സമയത്ത് ജസ്റ്റിസ് വെങ്കടാചലയ്യ ഡൽഹിയിലും ഹരിയാണയിലും രാജസ്ഥാനിലും ഗുജറാത്തിലുമടക്കം 28 പ്രദേശങ്ങളിലുള്ള ഖനനം നിർത്തലാക്കി. ദരിദ്രർക്കും സാധാരണക്കാർക്കും അനുകൂലമായി സുപ്രീംകോടതി ഏതെങ്കിലും വിധി പുറപ്പെടുവിച്ചാൽ അത് നടപ്പാക്കപ്പെട്ടിരുന്ന ഒരു കാലമുണ്ടായിരുന്നു. പക്ഷേ, ഇപ്പോൾ അദാനിയുടെ താത്‌പര്യങ്ങളാണ് സർക്കാരടക്കം നടപ്പാക്കുന്നത്.
അദാനിക്ക് അനുകൂലമായി വൈകുന്നേരം വിധി വന്നാൽ രാവിലെയോടെ അത് നടപ്പാകും. എന്നാൽ, വനത്തിന്റെയും പരിസ്ഥിതിയുടെയും പ്രകൃതി സംരക്ഷണത്തിന്റെയും കാര്യത്തിൽ എന്തെങ്കിലും വിധി വന്നാൽ അത് നടപ്പാക്കാൻ കാലമേറെയെടുക്കും. നമ്മുടെ ഭരണഘടനാസ്ഥാപനങ്ങൾ മുൻപ് കാണിച്ചിരുന്ന കാര്യക്ഷമതയും സ്വാധീനവും ഇപ്പോൾ, ഇത്തരം സാഹചര്യങ്ങളിൽ കാണിക്കുന്നില്ല. അതുകൊണ്ടുതന്നെ 1992-ൽ, 28,000 ഖനികൾ പൂട്ടിയെന്നും ആ വിധി നടപ്പിലാക്കിയെന്നും മാത്രമേ ഞാൻ പറയുന്നുള്ളൂ.
നമുക്ക് ഇനിയും സമയമുണ്ട്, പൊതുകാര്യത്തിനായി, പൊതു സ്വത്തിനായി, പ്രകൃതിക്കായി ഇറങ്ങാൻ. വനങ്ങൾ, സമുദ്രങ്ങൾ, പർവതങ്ങൾ ഇതെല്ലാം നശിപ്പിക്കുന്ന വലിയൊരു വിഭാഗം തന്നെയുണ്ട് നമ്മുടെ നാട്ടിൽ. കേരളം എന്നത് നല്ല നല്ല കാര്യങ്ങൾ നടക്കുന്ന ഒരു സംസ്ഥാനമാണ്. ഈ മോശം സമയത്ത് നമുക്ക് പ്രകൃതി, പരിസ്ഥിതി, വെള്ളം എന്നിവയൊക്കെ സംരക്ഷിക്കാൻ സാധിക്കണം.
Content Highlights: rajendra singh speeech at mp veerendrakumar memorial national thought award