VIDEO | രാജാ രവിവര്‍മയുടെ ജനപ്രിയ ചിത്രങ്ങള്‍ക്ക് ചലനത്തുടിപ്പ്; ഹിറ്റായി AI റീല്‍

തൃശ്ശൂര്‍: കാലങ്ങളായി നിശ്ചലരായിരുന്നു അവര്‍. ഒടുവില്‍ സാങ്കേതികതയുടെ പുതുയുഗത്തില്‍ പ്രശസ്ത ചിത്രകാരന് രാജാ രവിവര്‍മയുടെ ആ ജനപ്രിയ ചിത്രങ്ങള്‍ക്ക് ചലനത്തുടിപ്പ്. തിരുവനന്തപുരം കുളത്തൂര്‍ സ്വദേശിയും ക്രിയേറ്റീവ് ഡിസൈനറുമായ യുഹാബ് ഇസ്മയില്‍ ഒരുക്കിയ രവിവര്‍മചിത്രങ്ങളുടെ എ.ഐ. വേര്ഷനുകളടങ്ങിയ റീല്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ ലക്ഷങ്ങളാണ് കാണുകയും പങ്കുവെക്കുകയും ചെയ്തത്. ശകുന്തള, ഹംസ ദമയന്തി, പാല്‍ക്കാരി, മഹാരാഷ്ട്രക്കാരി, അതാ വരുന്നു അച്ഛന്, ജടായുവധം തുടങ്ങി 19 ചിത്രങ്ങളുള്‍പ്പെടുത്തിയാണ് ഈ റീലൊരുക്കിയിരിക്കുന്നത്.
ഞായറാഴ്ചയാണ് സ്വന്തം സാമൂഹ്യമാധ്യമ പ്ലാറ്റ്ഫോമുകളിലൂടെ അത്ഭുതം പകരുന്ന ഈ എ.ഐ. വിസ്മയം പങ്കുവെച്ചത്. രണ്ടാഴ്ചയെടുത്താണ് ഇതൊരുക്കിയതെന്ന് യുഹാബ് പറയുന്നു. ഋതുലീല എന്ന സംഗീത ആല്‍ബത്തില്‍ ശ്രീവത്സന്‍ ജെ. മേനോന് സംഗീതം നല്കി ആലപിച്ച 'ഇവള് താന്‍ ഇവള് താന്‍ എന്‍ മനതാരില്‍ മരുവായ് മധുവായ്' എന്ന ഗാനത്തിന്റെ പശ്ചാത്തലത്തിലാണ് ഈ റീലൊരുക്കിയിരിക്കുന്നത്.
'
2009 മുതല്‍ ആനിമേഷന്‍ ഡിസൈനറായി പ്രവര്‍ത്തിക്കുന്ന യുഹാബ് മുന്‍പ് ടെക്നോപാര്‍ക്കില്‍ ഡിസൈനറായി ജോലി ചെയ്തിരുന്നു. 'ക്രിയേറ്റീവായി പ്രവര്‍ത്തിക്കാനാകുന്നില്ലെന്ന തോന്നല്‍ വന്നതോടെ ടെക്നോപാര്‍ക്കിലെ ജോലി ഉപേക്ഷിച്ചു. പിന്നീട് ദുബായില്‍ ഏഴരവര്‍ഷത്തോളം ക്രിയേറ്റീവ് ഡിസൈനറായിരുന്നു. യുഹാബ് ഇപ്പോള്‍ ഫ്രീലാന്‍സായി ജോലിചെയ്യുന്നു. അതിനിടയിലാണ് ഇത്തരം പരീക്ഷണങ്ങള്‍ക്കായി സമയം കണ്ടെത്തുന്നത്. തിരുവനന്തപുരം കഴക്കൂട്ടത്തിനടുത്ത് കുളത്തൂര്‍ സുബൈദാ മന്‍സിലില്‍ ഇസ്മയിലിന്റെയും സുബൈദയുടെയും മകനാണ്. ഭാര്യ: ഷമില്‍.