തീവണ്ടിയില്‍ കയറുന്നതിനിടെ ട്രാക്കില്‍ വീണയാള്‍ക്ക് രക്ഷകനായി ഉദ്യോഗസ്ഥന്‍
കൊല്ലം: തീവണ്ടിയില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ പാളത്തിലേക്കു വീണയാളെ സാഹസികമായി രക്ഷിച്ച് റെയില്‍വേ ഉദ്യോഗസ്ഥന്‍. കൊല്ലം റെയില്‍വേ സ്റ്റേഷനിലെ പോയിന്റ്സ്മാന്‍ സുനില്‍കുമാറാണ് ശാസ്താംകോട്ട സ്വദേശിയായ മധ്യവയസ്‌കന്റെ രക്ഷകനായത്.
തിങ്കളാഴ്ച രാത്രി 7.45-ന് കൊല്ലം റെയില്‍വേ സ്റ്റേഷനിലെത്തിയ വഞ്ചിനാട് എക്‌സ്പ്രസ്സില്‍ കയറാനാണ് ശാസ്താംകോട്ട സ്വദേശി എത്തിയത്. നീങ്ങിത്തുടങ്ങിയ തീവണ്ടിയില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ കാല്‍വഴുതി പാളത്തിലേക്കു വീണു. രണ്ടാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ തീവണ്ടിക്കുള്ള അറിയിപ്പുകള്‍ നല്‍കിയശേഷം ഒന്നാംനമ്പര്‍ പ്ലാറ്റ് ഫോമിലേക്ക് വരികയായിരുന്നു സുനില്‍. സംഭവം കണ്ടതോടെ ചാടി പാളത്തിലേക്കിറങ്ങി യാത്രക്കാരന്റെ കൈയും കാലും കൂട്ടിപ്പിടിച്ച് തീവണ്ടിക്കടിയില്‍പ്പെടാതെ രക്ഷിക്കുകയായിരുന്നു.
തീവണ്ടി പോയശേഷം സ്ഥലത്തുണ്ടായിരുന്ന ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ യാത്രക്കാരനെ കൂട്ടിക്കൊണ്ടുപോയി. ഒരു ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്ന് സുനില്‍കുമാര്‍ 'മാതൃഭൂമി'യോടു പറഞ്ഞു. സംഭവത്തിന്റെ വീഡിയോ പ്രചരിച്ചതോടെ സുനില്‍കുമാറിനെ ഒട്ടേറെപ്പേര്‍ അഭിനന്ദിച്ചു.
Inshorts| A railway official bravely rescued a man who fell onto the tracks while boarding a train at Kollam station. Watch the video!