'പ്രകൃതിയെ സ്നേഹിക്കുന്നവർ മനുഷ്യസ്നേഹികളായിരിക്കും'; സാഹിത്യനഗരത്തില്‍ വൃക്ഷത്തൈ നട്ട് പ്രതിഭാറായ്

സാഹിത്യന​ഗരമായ കോഴിക്കോട് വൃക്ഷത്തൈ നട്ട് എഴുത്തുകാരിയും ജ്ഞാനപീഠം പുരസ്കാര ജേതാവുമായ പ്രതിഭാ റായ്. കോഴിക്കോട് മേയർ ഭവന്റെ മുറ്റത്താണ് പ്രതിഭാ റായ് മരം നട്ടത്. പ്രകൃതിയെ സ്നേഹിക്കുന്നവർ മനുഷ്യസ്നേഹികളായിരിക്കുമെന്നും ഇനിയും കേരളത്തിൽ വരുമെന്നും പ്രതിഭാ റായ് പറഞ്ഞു. കോഴിക്കോട് നൽകിയ സ്നേഹത്തിനും പ്രതിഭാ റായ് നന്ദി പറഞ്ഞു. കോഴിക്കോട് കോർപ്പറേഷൻ മേയർ ബീനാഫിലിപ്പും കോഴിക്കോട്ടെ എഴുത്തുകാരും മൺ മറഞ്ഞ എഴുത്തുകാരുടെ മക്കളും ചേർന്നാണ് മേയർ ഭവനിൽ പ്രതിഭാ റായിയെ സ്വീകരിച്ചത്. പരിപാടി സംഘടിപ്പിച്ച കോഴിക്കോട് കോർപ്പറേഷൻ മേയറെ പ്രതിഭാ റായി ഷാളണിയിച്ചു. എഴുത്തുകാരൻ പികെ ​ഗോപിയുടെ ജന്മദിനാഘോഷവും ചടങ്ങിൽ നടന്നു. എന്നെന്നും ഓർത്തുവെക്കാവുന്ന ഒരു ദിവസം ജീവിതത്തിന്റെ കലണ്ടറിൽ ചേർത്തുവെക്കുന്നുവെന്ന് പികെ ​ഗോപി പറഞ്ഞു. സാറ ജോസഫ്, ആര്യ ഗോപി, പി.കെ രാമനുണ്ണി, പ്രൊഫസർ ആർസു, ഖദീജ മുംതാസ്, എം.ടി വാസുദേവൻ നായരുടെ മകൾ അശ്വതി, എസ് കെ പൊറ്റക്കാടിന്റെ മകൾ സുമിത്ര പൊറ്റക്കാട് സിറ്റി ഓഫ് ലിറ്ററെച്ചർ നോഡൽ ഓഫീസർ എ.കെ സരിത, ഡെപ്യൂട്ടി മേയർ വി മുസാഫിർ, കോർപ്പറേഷൻ കൗൺസിലർമാർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

Content Highlights: Jnanpith Awardee Pratibha Ray Plants Sapling in Kozhikode, Celebrates City of Literature