അമ്മയുടെ കണ്ണ് വെട്ടിച്ച് കുഞ്ഞ് വെള്ളത്തിൽ ചാടി; സഫീറിന്റെ ആത്മധൈര്യത്തിൽ തിരികേ ജീവിതത്തിലേക്ക്
പൂക്കോട്: തടാകത്തിൽ കാഴ്ചകൾ ആസ്വാദിക്കുന്നതിനിടയിൽ അമ്മയുടെ കൈയിൽ നിന്ന് പിടിവിട്ട് വെള്ളത്തിലേയ്ക്ക് എടുത്തു ചാടിയ കുട്ടിയ്ക്ക് പുതുജീവൻ നൽകിയത് സഫീറിന്റെ ആത്മധൈര്യം. തിങ്കളാഴ്ച കുടുംബത്തിനോടൊപ്പം പൂക്കോട് തടാകത്തിലെത്തിയ കോഴിക്കോട് സ്വദേശികളുടെ മൂന്നര വയസുള്ള കുട്ടിയ്ക്കാണ് സഫീർ രക്ഷകനായത്. അമ്മയോടൊപ്പം തടാകത്തിനാരികെ നിന്ന കുട്ടി ബോട്ടിലുണ്ടായിരുന്നവരെ കൈവീശി കാണിക്കുകയായിരുന്നു. ബോട്ട് നീങ്ങിയപ്പോൾ പെട്ടെന്ന് അമ്മയുടെ കൈതട്ടിമാറ്റി കുട്ടി വെള്ളത്തിലേക്ക ചാടി. കണ്ടു നിന്നവർ എന്ത് ചെയ്യുമെന്ന് ആലോചിക്കുന്നതിന് മുൻപേ ജീവനക്കാരൻ വെള്ളത്തിലേയ്ക്ക് ചാടി കുട്ടിയെ തന്റെ കൈക്കുള്ളിലാക്കി. നിമിഷങ്ങൾക്കുള്ളിലാണ് കുട്ടിയെ കരയിലെത്തിച്ചത്. ഇതോടെ മാതാപിതാക്കൾക്കും കണ്ടു നിന്നവർക്കും ആശ്വാസം.
“ഒരു കുഴപ്പവുമില്ലാതെ എത്രയും പെട്ടെന്ന് കുട്ടിയെ രക്ഷിക്കണമെന്ന് മാത്രമേ അപ്പോൾ ചിന്തിച്ചുള്ളൂ. തടാകത്തിന്റെ അടുത്തായതുകൊണ്ട് കുട്ടി ചാടുന്നത് കണ്ടപ്പോൾ തന്നെ ചാടി രക്ഷിക്കാൻ കഴിഞ്ഞു. കുട്ടിയ്ക്ക് യതൊരുവിധ പരിക്കുകളുമില്ലായിരുന്നു. കുട്ടിയെ സുരക്ഷിതമായി കിട്ടിയതിൽ മാതാപിതാക്കൾ നന്ദി പറഞ്ഞാണ് മടങ്ങിപോയത്. അപ്പോൾ തന്നെ മാനേജർ ഫോണിൽ വിളിച്ച് അഭിന്ദിച്ചു” -സഫീർ പറഞ്ഞു.