കാത് മാത്രം പോരാ, ഭാവുകത്വമുണ്ടെങ്കിലേ കവിത കേൾക്കാനാവൂ - കല്പറ്റ നാരായണൻ
കോഴിക്കോട്: കവിതകേൾക്കാൻ, ആസ്വദിക്കാൻ ഭാവുകത്വമുണ്ടെങ്കിലേ പറ്റൂ. ഭാവനാത്മകമായി ഗ്രഹിക്കാനുള്ള ശേഷിയാണത്. മനുഷ്യൻ സൃഷ്ടിച്ചെടുത്ത ഏറ്റവും വലിയ അദ്ഭുതമാണ് ഭാവുകത്വമെന്ന് കല്പറ്റ നാരായണൻ പറഞ്ഞു. ഫെബ്രുവരി ആറുമുതൽ ഒൻപതുവരെ തിരുവനന്തപുരത്ത് നടക്കുന്ന മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിനു മുന്നോടിയായി മാതൃഭൂമി ബുക്സ് ദേവഗിരി സെയ്ന്റ് ജോസഫ് കോളേജിൽ നടത്തിയ ‘വേഴ്സ് ആന്‍ഡ് വോയിസ്’ പരിപാടിയിൽ കാവ്യഭാഷയെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരുകാര്യം, കേവലം കാതുകൊണ്ട് കേൾക്കാനാണെങ്കിൽ ഭാഷ ഇന്‍സ്റ്റാൾചെയ്ത കാതുണ്ടായാല്മതി. പക്ഷേ, കവിതകേൾക്കാൻ അതുപോരാ. ഭാവുകത്വംകൂടി ഇൻസ്റ്റാൾചെയ്യണം. ഭാവുകത്വമില്ലെങ്കിൽ കർണാടിക് സംഗീതം വെറും ഒച്ചപ്പാടുമാത്രമായിപ്പോകും. നൃത്തവും അതുപോലെത്തന്നെ. എന്നാൽ, ചലനങ്ങളെ നൃത്തമാക്കുന്നത്, ഭാഷയെ സംഗീതമാക്കുന്നത് ഭാവുകത്വമാണ്. ഭാവനകൊണ്ടാണ് നമ്മൾ ഭക്ഷണംകഴിക്കുന്നത്. ചിലത് നല്ലതല്ലെന്ന് തിരിച്ചറിയുന്നത്, പലതിനേയും വിലക്കുന്നത് അതുകൊണ്ടാണ്.