തന്തൈ പെരിയാര്‍ സ്മാരകം ഉദ്ഘാടനവും വൈക്കം സത്യാഗ്രഹ ശതാബ്ദി സമാപന ആഘോഷവും

Photo: mathrubhumi
Photo: mathrubhumi

വൈക്കം: തമിഴ്നാട് സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള വൈക്കം വലിയ കവലയിലെ നവീകരിച്ച തന്തൈ പെരിയാര്‍ (ഇ.വി.രാമസ്വാമി നായ്ക്കര്‍) സ്മാരകത്തിന്റെ ഉദ്ഘാടനവും വൈക്കം സത്യാഗ്രഹ ശതാബ്ദി സമാപന ആഘോഷവും വ്യാഴാഴ്ച നടക്കുമെന്ന് മന്ത്രി വി.എന്‍.വാസവനും തമിഴ്നാട് മന്ത്രി എ.വി.വേലുവും പത്രസമ്മേളനത്തില്‍ പറഞ്ഞു. രാവിലെ 10-ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ തന്തൈ പെരിയാര്‍ സ്മാരകത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. തുടര്‍ന്ന് വൈക്കം കായലോര ബീച്ച് മൈതാനത്ത് പൊതുസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അധ്യക്ഷത വഹിക്കും.

ദ്രാവിഡ കഴകം അധ്യക്ഷന്‍ കെ.വീരമണി മുഖ്യാതിഥിയാകും. മന്ത്രിമാരായ വി.എന്‍. വാസവന്‍, സജി ചെറിയാന്‍, തമിഴ്‌നാട് മന്ത്രിമാരായ ദുരൈ മുരുകന്‍, എ.വി. വേലു, എം.പി. സ്വാമിനാഥന്‍, അഡ്വ. കെ. ഫ്രാന്‍സിസ് ജോര്‍ജ് എം.പി., സി.കെ. ആശ എം.എല്‍.എ., വൈക്കം നഗരസഭ ചെയര്‍പേഴ്സണ്‍ പ്രീതാ രാജേഷ് തുടങ്ങിയവര്‍ പങ്കെടുക്കും. ആഘോഷപരിപാടിയില്‍ പങ്കെടുക്കാന്‍ എം.കെ. സ്റ്റാലിനും ഭാര്യ ദുര്‍ഗയും ബുധനാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ കുമരകത്ത് എത്തും. വ്യാഴാഴ്ച രാവിലെ ഇരുമുഖ്യമന്ത്രിമാരും കുമരകത്തുനിന്നു ഒരുമിച്ചാകും വൈക്കത്തേക്ക് എത്തുക. തമിഴ്നാട് സര്‍ക്കാരാണ് ശതാബ്ദിസമാപന ആഘോഷപരിപാടികള്‍ സംഘടിപ്പിക്കുന്നത്.

സാമൂഹ്യ പരിഷ്‌കര്‍ത്താവായ ഈ വി രാമസ്വാമിയുടെ (തന്തൈ പെരിയാര്‍) ഓര്‍മ്മയ്ക്കായി ഉള്ള സ്മാരകത്തിന്റെ പണികള്‍ പൂര്‍ത്തിയായി. വൈക്കം നഗരത്തിന്റെ ഹൃദയഭാഗത്ത് 70 സെന്റ് സ്ഥലത്താണ് പെരിയാര്‍ സ്മാരകം സ്ഥിതി ചെയ്യുന്നത് ഇവിടെ മ്യൂസിയം, ഗാര്‍ഡന്‍, കുട്ടികള്‍ക്കായി പാര്‍ക്ക്  സമര ചരിത്രം പ്രധാനപ്പെട്ട നേതാക്കന്മാര്‍ എല്ലാം ഈ മ്യൂസിയത്തിന്റെ ഭാഗമായി പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. തമിഴ്‌നാട് സര്‍ക്കാരിനാണ് ഈ സ്മാരകത്തിന്റെ ചുമതല.

Content Highlights: Inauguration of the renovated Periyar Memorial & Vaikom Satyagraha Centenary celebrations in Vaikom