News Snacks@6 | കോട്ടക്കലില്‍ നിപ സമ്പര്‍ക്ക പട്ടികയില്‍ ഉണ്ടായിരുന്ന സ്ത്രീ മരിച്ചു
1) കോട്ടക്കലില്‍ നിപ സമ്പര്‍ക്ക പട്ടികയില്‍ ഉണ്ടായിരുന്ന സ്ത്രീ മരിച്ചു. കോട്ടയ്ക്കല്‍ മിംസില്‍ നിപ രോഗിയോടൊപ്പം ഐസിയുവില്‍ ഉണ്ടായിരുന്ന പരപ്പനങ്ങാടി സ്വദേശിയായ രോഗിയാണ് മരിച്ചത്. ആദ്യ പരിശോധനയില്‍ ഇവര്‍ നിപ നെഗറ്റീവ് ആയിരുന്നു. ഹൃദയസംബന്ധമായ രോഗങ്ങളേത്തുടര്‍ന്നാണ് ഇവര്‍ ആശുപത്രിയിലെത്തിയത്. നിപബാധിച്ച് മരിച്ച മങ്കട സ്വദേശിക്കൊപ്പം ഐസിയുവില്‍ കഴിയേണ്ടി വന്നതിനാലാണ് സമ്പര്‍ക്കപ്പട്ടികയില്‍ പെട്ടത്. ഇവരുടെ സ്രവം വീണ്ടും പരിശോധിക്കുന്നുണ്ട്. ഫലം വന്നതിനു ശേഷമേ മൃതദേഹം സംസ്‌കരിക്കാവൂ എന്ന് ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി. നിപ പോസിറ്റാവായിട്ടുണ്ടെങ്കില്‍ പ്രോട്ടോകോള്‍ പ്രകാരമുള്ള സംസ്‌കാരം നടത്താനാണിത്.
2) സുരേഷ് ഗോപി ചിത്രം 'ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള' എന്ന ചിത്രത്തിന്റെ പേര് മാറ്റാന്‍ തയ്യാറാണെന്ന് നിര്‍മ്മാതാക്കള്‍. പേരിനൊപ്പം ഇനീഷ്യല്‍ കൂടി ചേര്‍ത്ത് പേര് ജാനകി വി. എന്നാക്കി മാറ്റാമെന്ന് നിര്‍മ്മാതാക്കള്‍ ഹൈക്കോടതിയെ അറിയിച്ചു. നേരത്തേ കഥാപാത്രത്തിന്റെ പേരിനൊപ്പം ഇനീഷ്യല്‍ ചേര്‍ക്കണമെന്നും ചിത്രത്തിന്റെ അവസാന ഭാഗത്തെ ക്രോസ് വിസ്താരത്തിനിടെ ജാനകി എന്ന് ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും സെന്‍സര്‍ ബോര്‍ഡിന്റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞിരുന്നു.
3) യെമെന്‍ പൗരന്‍ കൊല്ലപ്പെട്ട കേസില്‍ വധശിക്ഷ കാത്ത് ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ കാര്യത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് എംപിമാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറിനും കത്തയച്ചു. സിപിഎം എംപിമാരായ ജോണ്‍ ബ്രിട്ടാസും കെ. രാധാകൃഷ്ണനുമാണ് കത്തയച്ചത്. വധശിക്ഷ നടപ്പാക്കുന്നതിന് ഒരാഴ്ച മാത്രം ശേഷിക്കുന്നതിനാല്‍ നടപടി ഒഴിവാക്കാനുള്ള ഇടപെടല്‍ നിര്‍ണായകമാണെന്ന് ജോണ്‍ ബ്രിട്ടാസ് അയച്ച കത്തില്‍ പറയുന്നു. വിദേശത്തുള്ള ഇന്ത്യന്‍ പൗരന്റെ ജീവന്‍ സംരക്ഷിക്കുന്നതിന് സര്‍ക്കാര്‍ വേഗത്തില്‍ ഇടപെടുമെന്ന് വിശ്വസിക്കുന്നുവെന്ന് കെ. രാധാകൃഷ്ണനും കത്തില്‍ വ്യക്തമാക്കി.
4) യുഡിഎഫില്‍ മുഖ്യമന്ത്രിയാകാന്‍ യോഗ്യന്‍ താനാണെന്ന സര്‍വെ ഫലം പങ്കുവെച്ച് തരൂര്‍. സ്വകാര്യ സര്‍വെ ഫലം സംബന്ധിച്ച് എക്‌സില്‍ പങ്കുവയ്ക്കപ്പെട്ട ഒരു വാര്‍ത്ത തരൂര്‍ ഷെയര്‍ ചെയ്യുകയായിരുന്നു. കൂപ്പുകൈ ഇമോജിയോടെയാണ് തരൂര്‍ ഇത് പങ്കുവെച്ചത്. 28.3 ശതമാനം പേര്‍ തരൂര്‍ മുഖ്യമന്ത്രിയാകണമെന്ന് അഭിപ്രായപ്പെട്ടതായാണ് സര്‍വേ ഫലം. അടുത്തിടെ തരൂര്‍ സ്വീകരിക്കുന്ന നിലപാടുകള്‍ കോണ്‍ഗ്രസിനെ വെട്ടിലാക്കുന്ന തരത്തിലായിരുന്നു. ഇതിനിടെയാണ് മുഖ്യമന്ത്രിയാകാന്‍ താന്‍ യോഗ്യനാണെന്ന് വ്യക്തമാക്കുന്ന എക്‌സ് പോസ്റ്റും.