News Snacks@6 | ബിജെപി പുതിയ സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു
1) ബിജെപി പുതിയ സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു. നാല് ജനറല്‍ സെക്രട്ടറിമാരെയാണ് പാര്‍ട്ടി പുതുതായി പ്രഖ്യാപിച്ചത്. പുതുമുഖങ്ങള്‍ക്കും യുവാക്കള്‍ക്കും കൂടുതല്‍ പ്രാധാന്യം പട്ടികയില്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍ വി മുരളീധരപക്ഷത്തെ തഴഞ്ഞുകൊണ്ടുള്ള ഭാരവാഹി പട്ടികയാണ് പുറത്തിറക്കിയിരിക്കുന്നത്. എം.ടി. രമേശ്, ശോഭാ സുരേന്ദ്രന്‍, എസ്. സുരേഷ്, അനൂപ് ആന്റണി എന്നിവര്‍ ജനറല്‍ സെക്രട്ടറിമാരാകും. ആര്‍. ശ്രീലേഖ ഐപിഎസ്, ഷോണ്‍ ജോര്‍ജ് എന്നിവര്‍ വൈസ് പ്രസിഡന്റുമാര്‍. ജനറല്‍ സെക്രട്ടറിമാരായിരുന്ന പി. സുധീറും എസ്. കൃഷ്ണകുമാറും വൈസ്പ്രസിഡന്റുമാരാകും. ജനറല്‍ സെക്രട്ടറി സ്ഥാനത്ത് വി. മുരളീധരപക്ഷത്ത് നിന്ന് ആരും ഇല്ല. നാല് ജനറല്‍ സെക്രട്ടറിമാരില്‍ എം.ടി. രമേശിനെയാണ് നിലനിര്‍ത്തിയത്.
2) കേരളാ സര്‍വകലാശാലയിലെ എസ്എഫ്‌ഐ സമരത്തിനെതിരേ ഓര്‍ത്തഡോക്‌സ് സഭ. നടന്നത് സമരമല്ല കോപ്രായമെന്ന് ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷന്‍ മാത്യൂസ് ത്രിതീയന്‍ കാതോലിക്കാ ബാവ പറഞ്ഞു. ആണ്‍പെണ്‍ വ്യത്യാസമില്ലാത്ത സമരത്തില്‍ ദുഃഖം തോന്നിയെന്നും കാതോലിക്കാ ബാവ വിമര്‍ശിച്ചു. 'വിദ്യാര്‍ഥികള്‍ വൈസ് ചാന്‍സലറുടെ മുറിയിലേക്ക് തള്ളിക്കയറുന്ന ഒരു വാര്‍ത്തയും, അവിടെ കാട്ടുന്നതായ കോപ്രായങ്ങളും... ആണ്‍പെണ്‍ വ്യത്യാസമില്ലാതെ നടത്തിക്കൊണ്ടിരിക്കുന്നത് കണ്ടപ്പോള്‍ സത്യത്തില്‍ ഞാന്‍ അവിടെ ഇരുന്ന് മനസ്സ് വളരെ ദുഃഖിച്ചു പോയി. വിവേകാനന്ദന്‍ പറഞ്ഞതുപോലെ ഒരു ഭ്രാന്താലയത്തില്‍ ആണല്ലോ ഇന്ന് നമ്മള് ജീവിക്കുന്നത്'- കാതോലിക്കാ ബാവ പ്രസംഗത്തില്‍ പറഞ്ഞു.
3) ശശി തരൂരിന് പാര്‍ട്ടിക്കുള്ളില്‍ ശ്വാസം മുട്ടുന്ന സ്ഥിതിയാണെങ്കില്‍, സ്ഥാനമാനങ്ങള്‍ ഉപേക്ഷിച്ച് ഇഷ്ടമുള്ള രാഷ്ട്രീയം തിരഞ്ഞെടുക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. 'തരൂര്‍ വിഷയം ഇനിയും സംസാരിക്കാന്‍ ആഗ്രഹിക്കുന്നില്ല. ഈ വിഷയത്തില്‍ വീണ്ടും വീണ്ടും ചര്‍ച്ചയാകുന്നത് നല്ല കാര്യമായി തോന്നുന്നില്ല. കോണ്‍ഗ്രസ് നേതാക്കന്മാരെ ഒഴികെ മറ്റെല്ലാവരേയും അദ്ദേഹം സ്തുതിക്കാറുണ്ട്. അത്യാവശ്യം, പിണറായിയേയും സ്തുതിക്കാറുണ്ട്. അദ്ദേഹത്തിന്റെ ലക്ഷ്യമെന്താണെന്ന് അറിയില്ലെന്നും മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു.
4) ടെന്നീസ് താരം രാധികാ യാദവിനെ വെടിവെച്ച് കൊന്ന സംഭവത്തില്‍ പ്രതിയും പിതാവുമായ ദീപക് യാദവിന്റെ കുറ്റസമ്മത മൊഴി പുറത്ത്. മകളുടെ വരുമാനം കൊണ്ട് ജീവിക്കുന്നുവെന്ന് പറഞ്ഞ് തനിക്ക് പരിഹാസം ഏറ്റുവാങ്ങേണ്ടി വന്നെന്നും തന്റെ അഭിമാനത്തെ അത് മുറിവേല്‍പ്പിച്ചുവെന്നും ദീപക് യാദവ് പോലീസിനോട് പറഞ്ഞു. എഫ്ഐആറിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ഹരിയാണ ഗുരുഗ്രാമിലെ സെക്ടര്‍ 57-ല്‍ വ്യാഴാഴ്ച രാവിലെ 10:30-നാണ് സംസ്ഥാന ടെന്നീസ് താരമായ രാധികയെ പിതാവ് ദീപക് വെടിവെച്ച് കൊന്നത്. സ്വന്തം തോക്കുപയോഗിച്ച് അഞ്ചുതവണയാണ് ഇയാള്‍ വെടിയുതിര്‍ത്തത്. ഇതില്‍ മൂന്നെണ്ണം രാധികയുടെ ശരീരത്തില്‍ തുളച്ചുകയറി. രാധിക സ്വന്തമായി നടത്തുന്ന ടെന്നീസ് അക്കാദമിയെക്കുറിച്ചുള്ള അഭിപ്രായവ്യത്യാസമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം.