News Snacks@6 |കേരളത്തിലെ വന്ദേഭാരത് ഉദ്ഘാടന യാത്രയിലും ജ്യോതി മല്‍ഹോത്ര,വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്
1) പാകിസ്താനുവേണ്ടി ചാരവൃത്തി നടത്തിയെന്ന കേസില്‍ അറസ്റ്റിലായ വ്ളോഗര്‍ ജ്യോതി മല്‍ഹോത്ര വന്ദേഭാരത് ട്രെയിനിന്റെ ഉദ്ഘാടനത്തിനും കേരളത്തിലെത്തി. വന്ദേഭാരതിന്റെ ഉദ്ഘാടനയാത്രയില്‍ ജ്യോതി മല്‍ഹോത്ര പങ്കെടുത്തതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. 2023-ല്‍ വന്ദേഭാരതിന്റെ ഉദ്ഘാടന യാത്രയില്‍ ഇവര്‍ കാസര്‍കോടുനിന്ന് തിരുവനന്തപുരത്തേക്ക് യാത്രചെയ്തതായാണ് റിപ്പോര്‍ട്ട്. ഉദ്ഘാടനയാത്രയില്‍ അന്നത്തെ കേന്ദ്ര മന്ത്രി വി. മുരളീധരനും ഉണ്ടായിരുന്നു. വി. മുരളീധരനോട് ജ്യോതി പ്രതികരണം തേടുന്നതും ദൃശ്യങ്ങളിലുണ്ട്.
2) സര്‍ക്കാര്‍ ജോലികളില്‍ സ്ത്രീകള്‍ക്ക് 35 ശതമാനം സംവരണം പ്രഖ്യാപിച്ച് ബിഹാര്‍ സര്‍ക്കാര്‍. മാസങ്ങള്‍ക്കുള്ളില്‍ നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ബിഹാറിലെ എന്‍ഡിഎ സര്‍ക്കാരിന്റെ വമ്പന്‍ പ്രഖ്യാപനം. ബിഹാറില്‍ സ്ഥിരതാമസക്കാരായ സ്ത്രീകളായ ഉദ്യോഗാര്‍ഥികള്‍ക്ക് സര്‍ക്കാര്‍ ജോലികളിലേക്കുള്ള റിക്രൂട്ട്മെന്റുകളില്‍ 35 ശതമാനം സംവരണമാണ് ബിഹാര്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞദിവസം യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കാനും തൊഴില്‍പരിശീലനം നല്‍കാനും സംസ്ഥാനത്ത് യൂത്ത് കമ്മീഷന്‍ രൂപവത്കരിക്കുമെന്ന് മുഖ്യമന്ത്രി നിതീഷ്‌കുമാര്‍ അറിയിച്ചിരുന്നു.
3) 'മഞ്ഞുമ്മല്‍ ബോയ്സ്' ചിത്രവുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസില്‍ നടനും നിര്‍മാതാവുമായ സൗബിന്‍ ഷാഹിര്‍ അറസ്റ്റില്‍. കൊച്ചി മരട് പോലീസാണ് സൗബിനെ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് ചെയ്തത്. നടന്‍ നേരത്തെ ഹൈക്കോടതിയില്‍നിന്ന് മുന്‍കൂര്‍ ജാമ്യം നേടിയിരുന്നതിനാല്‍ അറസ്റ്റ് രേഖപ്പെടുത്തിയതിന് ശേഷം സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. സാമ്പത്തിക തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് സൗബിന്‍ അഭിഭാഷകനൊപ്പം കഴിഞ്ഞദിവസവും മരട് പോലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്യലിന് ഹാജരായിരുന്നു. സിനിമയുടെ സഹനിര്‍മാതാക്കളായ ബാബു ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവരും സൗബിനൊപ്പം ചോദ്യം ചെയ്യലിനെത്തിയിരുന്നു. ഇവരുടേയും അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.
4) കെഎസ്ആര്‍ടിസിയിലെ തൊഴിലാളികള്‍ ബുധനാഴ്ചത്തെ ദേശീയ പണിമുടക്കില്‍ പങ്കെടുക്കില്ലെന്ന് ഗതാഗത മന്ത്രി കെ.ബി.ഗണേഷ് കുമാറിന്റെ വാദം തള്ളി എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി. രാമകൃഷ്ണന്‍. തൊഴിലാളികള്‍ സമരത്തില്‍ പങ്കെടുക്കില്ലെന്ന് പറയാന്‍ മന്ത്രിക്ക് അധികാരമില്ലെന്ന് പറഞ്ഞ ടി.പി.രാമകൃഷ്ണന്‍ നാളെ കെഎസ്ആര്‍ടിസി സ്തംഭിക്കുമെന്നും അറിയിച്ചു. സ്വകാര്യ ബസ് സര്‍വീസുകളും നാളെ നടത്തില്ല. സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറക്കാതെ എല്ലാവരും പണിമുടക്കുമായി സഹകരിക്കുന്നതായിരിക്കും നല്ലതെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ പറഞ്ഞു. ഒന്നാം തീയതിക്ക് മുമ്പായി ശമ്പളം കിട്ടുന്നതുകൊണ്ട് കെഎസ്ആര്‍ടിസിയിലെ ജീവനക്കാര്‍ സന്തുഷ്ടരാണെന്നും അതുകൊണ്ടുതന്നെ അവര്‍ക്ക് സമരംചെയ്യേണ്ട സാഹചര്യമില്ലെന്നും ഗണേഷ് കുമാര്‍ പറഞ്ഞിരുന്നു.